Sorry, you need to enable JavaScript to visit this website.

പ്രതിസന്ധിയിൽ കൈത്താങ്ങാവുന്ന സർക്കാരുകൾ

കൊറോണ സൃഷ്ടിച്ച പ്രതിസന്ധിയുടെ ഫലമായി വിപണിക്കുണ്ടായ സാമ്പത്തിക മുരടിപ്പ് ഇല്ലാതാക്കാൻ ഗൾഫ് രാജ്യങ്ങൾ സ്വീകരിച്ച നിലപാട് ശ്ലാഘനീയമാണ്. മറ്റു രാഷ്ട്രങ്ങൾക്ക് മാതൃകയാക്കാവുന്ന സമീപനമാണ് ഇക്കാര്യത്തിൽ ഗൾഫ് രാജ്യങ്ങളെടുത്തത്. വിപണിക്ക് ഉത്തേജനം പകരുന്നതിനും സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനും ഒട്ടേറെ സാമ്പത്തിക പാക്കേജുകളാണ് ഗൾഫ് രാജ്യങ്ങൾ പ്രഖ്യാപിച്ചിട്ടുള്ളത്. വിലക്കയറ്റം ഇല്ലാതാക്കുന്നതിനും അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നതിനും സ്വീകരിച്ച നടപടികൾക്കു പറമേയാണിത്. 
ലോകാരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യാപിച്ച കോവിഡ് 19 ഉണ്ടാക്കാവുന്ന പ്രത്യാഘാതങ്ങൾ മുൻകൂട്ടി കണ്ടുകൊണ്ട് രോഗ വ്യാപനം തടയുന്നതിന് ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചു വരുന്നതിനൊപ്പം രാജ്യത്തെ ഓരോ പൗരന്മാർക്കും ഇതുമൂലൂം ഉണ്ടാകാവുന്ന പ്രയാസങ്ങൾ ദൂരീകരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് വിവിധ സാമ്പത്തിക സഹായ പദ്ധതികളുടെ പ്രഖ്യാപനം. അമേരിക്ക ഉൾപ്പെടെ മറ്റു രാജ്യങ്ങളും ഇതേ പാതയിലേക്കു വന്നിട്ടുണ്ട്. എന്നാൽ ഇന്ത്യ ജനങ്ങൾക്ക് അധിക ബാധ്യത ഏൽപിക്കുന്ന സമീപനമാണ് സ്വീകരിച്ചതെന്നു വേണം പറയാൻ. ലോകത്താകെ ക്രൂഡ് ഓയിൽ വില കുറഞ്ഞതിന്റെ ഫലമായി പെട്രോൾ ഉൽപന്നങ്ങൾക്ക് പലയിടത്തും വില കുറഞ്ഞപ്പോൾ ഇന്ത്യയിൽ നികുതി വർധിപ്പിച്ച് ജനങ്ങൾക്ക് ലഭിക്കേണ്ട ഇളവ് ഇല്ലാതാക്കുകയായിരുന്നു. ലിറ്ററിന്മേൽ മൂന്നു രൂപയുടെ നികുതി വർധനയാണ് വരുത്തിയത്. അതിനു തൊട്ടു മുൻപാണ് പാചക വാതകത്തിന് ഗണ്യമായ വില വർധിപ്പിച്ചത്. ലോകമൊന്നാകെ സാമ്പത്തിക മുരടിപ്പു നേരിടുന്ന സാഹചര്യത്തിൽ ഓരോ രാജ്യവും അവരുടെ പൗരന്മാർക്ക് പരമാവധി ആശ്വാസം പകരുന്ന നടപടികളാണ് സ്വീകരിക്കേണ്ടത്. 


ഇക്കാര്യത്തിൽ സൗദി അറേബ്യയുടെ നടപടി ഏറെ പ്രശംസനീയമാണ്. കൊറോണ സൃഷ്ടിച്ച പ്രതിസന്ധിയുടെ ഫലമായി വിപണി നേരിടുന്ന പ്രതിസന്ധി ഇല്ലാതാക്കാൻ സ്വകാര്യ മേഖലക്ക് സൗദി അറേബ്യൻ മോണിറ്ററി അതോറിറ്റി (സാമ) 50 ബില്യൺ റിയാൽ സാമ്പത്തിക പാക്കേജാണ് പ്രഖ്യാപിച്ചത്. സാമ്പത്തിക സ്ഥിരത ഉറപ്പു വരുത്തുന്നതിന്റെയും ധനനയ സംവിധാനങ്ങൾ സജീവമാക്കുന്നതിന്റെയും ഭാഗമായായിരുന്നു സാമയുടെ അടിയന്തര ഇടപെടൽ. ഇതുവഴി ചെറുകിട, ഇടത്തരം സ്ഥാപനങ്ങൾക്ക് ആവശ്യമായ സാമ്പത്തിക സഹായം ബാങ്കുകൾ വഴി ലഭിക്കും.  ഇതിനായി മൂന്നിന പദ്ധതികളാണ് ആവിഷ്‌കരിച്ചത്. ചെറുകിട, ഇടത്തരം സ്ഥാപനങ്ങളുടെ ബാധ്യതകൾ ഈടാക്കുന്നത് അടുത്ത ആറു മാസത്തേക്ക് നിർത്തിവെക്കും. ഇതിനായി ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും 30 ബില്യൺ അനുവദിക്കും. സ്വകാര്യ സ്ഥാപനങ്ങൾക്ക് ബാങ്കുകളിൽനിന്ന് വായ്പ ലഭ്യമാക്കുന്നതിന് 13.2 ബില്യൺ റിയാൽ അനുവദിക്കുന്നതിനും  തീരുമാനമുണ്ട്. ഇതിന്റെ ഫലമായി അടുത്ത ആറു മാസത്തേക്ക് സാമ്പത്തിക വളർച്ചാനിരക്ക് കുറയില്ലെന്നും തൊഴിലവസരങ്ങളെ സാമ്പത്തിക പ്രതിസന്ധി ബാധിക്കില്ലെന്നും സാമ വിലയിരുത്തുന്നു.  ചെറുകിട, ഇടത്തരം സ്ഥാപനങ്ങളെ വായ്പാ ഗാരന്റി ചെലവുകളിൽനിന്ന് ഒഴിവാക്കുന്നതിന്റെ ഭാഗമായി ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും ആറു ദശലക്ഷം അനുവദിച്ചും നടപ്പു വർഷം സ്വകാര്യ മേഖലക്ക് സാമ്പത്തിക സുസ്ഥിരതയും വളർച്ചയും നേടാനും അതു വഴി തൊഴിലവസരങ്ങൾ സംരക്ഷിക്കാനും ഉതകുന്ന നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്. ഇതു സ്വകാര്യ മേഖലക്ക് ഉത്തേജനം പകരുമെന്നും അടച്ചുപൂട്ടാനൊരുങ്ങിയ നിരവധി ചെറുകിട സ്ഥാപനങ്ങൾക്ക് ആശ്വാസമേകുമെന്നുമാണ്  വിദഗ്ധരുടെ അഭിപ്രായം.


ദുബായ് സെൻട്രൽ ബാങ്ക് ഈ ദിശയിലുള്ള പ്രവർത്തനങ്ങൾക്ക്  1.5 ബില്യൺ ദിർഹമിന്റെ പാക്കേജാണ് അനുവദിച്ചത്. ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ച സാമ്പത്തിക ഉത്തേജക പാക്കേജിനെ ഇന്ത്യൻ ബിസിനസുകാർ അടക്കമുള്ളവർ സ്വാഗതം ചെയ്തു. ഇറക്കുമതിയുടെയും പുനർ കയറ്റുമതിയുടെയും കേന്ദ്രമെന്ന നിലയിൽ ലോകത്തിലെ ഏറ്റവും മികച്ച ബിസിനസ് സൗഹൃദ നഗരങ്ങളിലൊന്നായ ദുബായിലേക്ക് കസ്റ്റംസ് തീരുവ കുറച്ചുകൊണ്ട് സാധനങ്ങൾ സുഗമമായി എത്തിക്കാൻ പാക്കേജ് പ്രത്യേക ഊന്നൽ നൽകുന്നു. ദുബായിലെ എല്ലാവർക്കും ആശ്വാസം നൽകുന്ന രൂപത്തിൽ അവശ്യവസ്തുക്കളുടെ നിരക്കുകൾ കുറച്ചുകൊണ്ട് സാധാരണക്കാരുടെയും ബിസിനസുകാരുടെയും ആശങ്കകൾക്ക് പാക്കേജ് പരിഹരിച്ചിട്ടുണ്ട്. സമൂഹത്തിന്റെ താഴേത്തട്ടു വരെ പാക്കേജിന്റെ ഗുണഭോക്താക്കളാകുമെന്നതാണ് ഏറെ ശ്രദ്ധേയം. സർക്കാർ ഫീസിൽ 25 ശതമാനം ഇളവും  താമസ, വാണിജ്യ വ്യവസായ മേഖലകളിലെ ജല, വൈദ്യുതി നിരക്കിൽ 3 മാസത്തേക്ക് 10 ശതമാനും ഇളവും നൽകിയിട്ടുള്ളത് സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ഏറെ ആശ്വാസകരമാണ്. 


ദോഹയിൽ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി 75,000 കോടി റിയാലിന്റെ സാമ്പത്തിക ആനുകൂല്യമാണ് സ്വകാര്യ മേഖലക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. വരുമാനമില്ലാതെ കെട്ടിട വാടകകളും ബാങ്ക് വായ്പകളും എങ്ങനെ തിരിച്ചടയ്ക്കുമെന്ന് ആശങ്കപ്പെട്ടിരുന്നവർക്ക് ഇത് ഏറെ ആശ്വാസം പകരും. സ്വകാര്യ മേഖലയിലുള്ളവരുടെ ബാങ്ക് വായ്പകൾ ഉൾപ്പെടെയുള്ള തിരിച്ചടവുകൾക്ക് ആറ് മാസത്തേക്കു നിർത്തിവെക്കാൻ ഖത്തർ സെൻട്രൽ ബാങ്ക് നിർദേശിച്ചിട്ടുണ്ട്. ആറ് മാസത്തേക്ക് വെളളം, വൈദ്യുതി, വാടക സൗജന്യമായും ഭക്ഷ്യ സാധനങ്ങൾ, മെഡിക്കൽ സാമഗ്രികൾ എന്നിവയെ ആറ് മാസത്തേക്ക് കസ്റ്റംസ് തീരുവയിൽ നിന്ന് ഒഴിവാക്കിയതും ആശ്വാസ നടപടിയാണ്.  ഹോട്ടൽ, വിനോദ സഞ്ചാര മേഖല, റീട്ടെയിൽ, ചെറുകിട, ഇടത്തരം വ്യവസായങ്ങൾ, സേവനങ്ങൾ നൽകുന്ന വാണിജ്യ സമുച്ചയങ്ങൾ, വാടകക്കാർ, ലോജിസ്റ്റിക് തുടങ്ങിയ മേഖലകളെയാണ് ആറ് മാസത്തേക്ക് വൈദ്യുതി, വെള്ളം നിരക്കുകളിൽ നിന്ന് ഒഴിവാക്കിയത്. കൂടാതെ ചെറുകിട ഇടത്തരം വ്യവസായങ്ങൾക്കും ലോജിസ്റ്റിക് മേഖലക്കും ആറ് മാസത്തെ വാടക നൽകേണ്ടതില്ലെന്നും അറിയിപ്പിൽ പറയുന്നു.


 ബഹ്‌റൈനിൽ മൂന്നു മാസം വൈദ്യുതിയും വെള്ളവും സൗജന്യമാക്കിയിരിക്കുകയാണ്. വൈദ്യുതി, ജല ബില്ലുകൾ സർക്കാർ വഹിക്കും. ഏപ്രിൽ മുതൽ മൂന്നു മാസക്കാലത്തേക്കാണ് സൗജന്യം. വ്യക്തികൾക്കും കമ്പനികൾക്കും ഒരുപോലെ ഇതിന്റെ പ്രയോജനം ലഭിക്കും.  കുവൈത്ത്, ഒമാൻ എന്നീ ഗൾഫ് രാജ്യങ്ങളും ജനങ്ങൾക്ക് ആശ്വാസകരമായ ഒട്ടേറെ ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. കൊറോണ വൈറസ് ബാധയെ തുടർന്നു ദുരിതത്തിലായ ജനങ്ങൾക്ക് ആയിരം ഡോളർ വീതം താൽക്കാലിക ആശ്വാസമായി എത്തിച്ചു കൊടുക്കാൻ അമേരിക്കയുടെ ട്രംപ് ഭരണകൂടവും തീരുമാനിച്ചത് ശ്രദ്ധേയമാണ്. രാജ്യത്ത് സാമ്പത്തികത്തകർച്ചയുണ്ടാകാതിരിക്കാൻ 850 ബില്യൺ ഡോളർ ചെലവഴിക്കാനും തീരുമാനമുണ്ട്. ജനങ്ങൾ ദുരിതത്തിലാവുമ്പോൾ അവർക്ക് ആശ്വാസമേകേണ്ടത് അതതു രാജ്യത്തെ ഭരണകൂടമാണ്. ഇക്കാര്യത്തിൽ ഇനിയും പുനർവിചിന്തനം നടത്താത്ത ഭരണകർത്താക്കൾക്ക് മാറിച്ചിന്തിപ്പിക്കാൻ ഗൾഫ് ഭരണാധികാരികളുടെയും മറ്റും സമയോചിത നടപടികൾ പ്രോത്സാഹനമാകുമെന്ന് പ്രത്യാശിക്കാം.


 

Latest News