ഛണ്ഡീഗഡ്- കൊറോണ വൈറസിനെ നേരിടാന്‍ ശക്തമായ നിയന്ത്രണങ്ങളൊരുക്കി പഞ്ചാബ്. സംസ്ഥാനത്ത് ഒരാള്‍ വൈറസ് ബാധിച്ച് മരിച്ച സാഹചര്യത്തിലാണ് കടുത്ത നിയന്ത്രണത്തിലേക്ക് അധികൃതര്‍ നീങ്ങുന്നത്. സംസ്ഥാനത്ത് പൊതുഗതാഗതം താത്കാലികമായി നിര്‍ത്തലാക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. നിരോധനം നാളെ രാത്രി മുതല്‍ പ്രാബല്യത്തില്‍ വരും. ബസുകള്‍,ടെംപോ,ഓട്ടോറിക്ഷ തുടങ്ങിയ എല്ലാവിധ ഗതാഗതവും നിരോധിച്ചവയില്‍ പെടുന്നു. മന്ത്രിമാരുടെ യോഗത്തിലാണ് തീരുമാനമെടുത്തത്. എല്ലാ ഷോപ്പിങ് കോംപ്ലക്‌സുകളും മാളുകളും മ്യൂസിയങ്ങളും പ്രാദേശിക കാര്‍ഷിക ചന്തകളും മാര്‍ച്ച് 31വരെ പൂര്‍ണമായും അടച്ചിടും. ഇരുപതില്‍ അധികം ആളുകള്‍ എവിടെയും ഒരുമിച്ച് കൂടാന്‍ പാടില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു.
വിവാഹചടങ്ങുകള്‍ക്കും വിലക്കുണ്ട് .കൂടാതെ ഹോട്ടലുകള്‍ അടച്ചിടാനും നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ ഹോം ഡെലിവറി സര്‍വീസിന് നിയന്ത്രണമില്ല. സര്‍ക്കാര്‍ ഓഫീസുകളില്‍ ജനങ്ങള്‍ ഇടപഴകുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.അതേസമയം പഞ്ചാബില്‍ ആദ്യത്തെ കൊറോണ മരണം റിപ്പോര്‍ട്ട് ചെയതിരുന്നു. ഷഹീദ് ഭഗത് സിങ് നഗര്‍ ജില്ലയിലെ ബംഗ ടൗണിലെ സിവില്‍ ആശുപത്രിയില്‍ 70 കാരനാണ് വൈറസ് ബാധിച്ച് മരിച്ചത്. ഇറ്റലി വഴി ജര്‍മനിയില്‍ നിന്ന് എത്തിയ അദ്ദേഹം മാര്‍ച്ച് ഏഴിനാണ് ദല്‍ഹി വിമാനത്താവളത്തിലെത്തിയത്. രക്താതിസമ്മര്‍ദ്ദവും പ്രമേഹവുമുള്ള ഇയാള്‍ക്ക് ഇന്നലെയാണ് കോവിഡ് 19 സ്ഥിരീകരിച്ചത്.