ലുധിയാന- ഇന്ത്യയില്‍ കൊറോണ വൈറസ് ബാധ വ്യാപകമാകുകയാണ്. രോഗികളുടെ എണ്ണം 170 കവിഞ്ഞതായാണ് റിപ്പോര്‍ട്ട്. നിലവില്‍ 150 പേര്‍ക്കായിരുന്നു രോഗം സ്ഥിരീകരിച്ചിരുന്നത്. കശ്മീരിലും ഛണ്ഡീഗഡിലും ആദ്യത്തെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. എല്ലാ സംസ്ഥാനങ്ങളിലേക്കും കൊറോണ വൈറസ് ബാധ വ്യാപകമാകുന്നതായാണ് വിവരം.ലോകാരോഗ്യസംഘടനയുടെ കണക്ക് അനുസരിച്ച് മാര്‍ച്ച് 18 വരെ 166 രാജ്യങ്ങളില്‍ 207,860 കോവിഡ് 19 കേസുകളും 8657 മരണങ്ങളുമാണ് സ്ഥിരീകരിച്ചിരിക്കുന്നത്.
അതേസമയം പഞ്ചാബില്‍ ആദ്യത്തെ കൊറോണ മരണം റിപ്പോര്‍ട്ട് ചെയ്തു. ഷഹീദ് ഭഗത് സിങ് നഗര്‍ ജില്ലയിലെ ബംഗ ടൗണിലെ സിവില്‍ ആശുപത്രിയില്‍ 70 കാരനാണ് വൈറസ് ബാധിച്ച് മരിച്ചത്. ഇറ്റലി വഴി ജര്‍മനിയില്‍ നിന്ന് എത്തിയ അദ്ദേഹം മാര്‍ച്ച് ഏഴിനാണ് ദല്‍ഹി വിമാനത്താവളത്തിലെത്തിയത്. രക്താതിസമ്മര്‍ദ്ദവും പ്രമേഹവുമുള്ള ഇയാള്‍ക്ക് ഇന്നലെയാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ആദ്യത്തെ കൊറോണ മരണം ഉണ്ടായ സാഹചര്യത്തില്‍ സംസ്ഥാനത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കിയെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമീന്ദര്‍ സിങ് അറിയിച്ചു.