കൊറോണ- സൗദിയില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍

റിയാദ്- സാമൂഹിക മാധ്യമങ്ങളില്‍ കൊറോണ വൈറസ് ബാധയെ കുറിച്ച് വ്യാജവാര്‍ത്ത പ്രചരിപ്പിച്ചയാള്‍ അറസ്റ്റിലായതായി പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു. അജ്ഞാത സ്രോതസ്സുകളില്‍നിന്നുള്ള വാര്‍ത്തകള്‍ ഇയാള്‍ സാമൂഹിക മാധ്യമങ്ങളില്‍ നിരന്തരമായി പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ ശൈഖ് സൗദ് ബിന്‍ അബ്ദുല്ല അല്‍മുഅ്ജിബിന്റെ നിര്‍ദേശപ്രകാരമായിരുന്നു അറസ്റ്റ്. ഈ വിഷയത്തില്‍ സൗദി അറേബ്യയിലെ ആദ്യ അറസ്റ്റാണിത്.
ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകള്‍ കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി വിവിധ നടപടികള്‍ നടത്തിവരുന്നതിനിടെ ജനങ്ങളുടെ മനോധൈര്യം ചോര്‍ത്തിക്കളയുന്ന വിധത്തില്‍ പൊതു സംവിധാനത്തെ ബാധിക്കുന്ന വ്യാജ വാര്‍ത്തകള്‍ ഇയാള്‍ പ്രചരിപ്പിച്ചിരുന്നുവെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായി. തുടര്‍ന്ന് ഇയാളെ ബന്ധപ്പെട്ട കോടതിയില്‍ ഹാജറാക്കി. വാര്‍ത്തകള്‍ ഷെയര്‍ ചെയ്യാന്‍ ഉപയോഗിച്ച ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതോടൊപ്പം അഞ്ച് വര്‍ഷം തടവും മുപ്പത് ലക്ഷം റിയാല്‍ പിഴയും ശിക്ഷയായി നല്‍കണം. സൈബര്‍ കുറ്റകൃത്യ വിരുദ്ധ നിയമത്തിലെ ആറാം ഖണ്ഡിക പ്രകാരം സ്വന്തം ചെലവില്‍ വിധി പ്രസിദ്ധീകരിക്കുകയും വേണമെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയില്‍ ആവശ്യപ്പെട്ടു.  
പൊതുസംവിധാനങ്ങളെ ബാധിക്കുന്ന വിധത്തില്‍ ഇത്തരം വ്യാജ വാര്‍ത്തകള്‍ നിര്‍മിക്കുകയോ സഹായിക്കുകയോ പ്രചരിപ്പിക്കുകയോ മൊബൈലുകളിലും കമ്പ്യൂട്ടറുകളിലും സൂക്ഷിക്കുകയോ ചെയ്താലും അഞ്ച് വര്‍ഷം തടവും മുപ്പത് ലക്ഷം റിയാല്‍ പിഴയും ശിക്ഷയായി ലഭിക്കും. ഏറ്റവും നൂതന സ്മാര്‍ട്ട് ഉപകരണങ്ങളുപയോഗിച്ച് വിദഗ്ധ സംഘം രാപകല്‍ ഭേദമന്യേ സാമൂഹിക മാധ്യമങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്. വാര്‍ത്തകള്‍ യഥാര്‍ഥ സ്രോതസ്സുകളില്‍ നിന്ന് മാത്രമേ സ്വീകരിക്കാവുവെന്നും കൊറോണ വിഷയത്തില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ പറയുന്നത് അനുസരിക്കണമെന്നും പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു.

Latest News