ന്യൂദൽഹി- കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി നാളെ(19.03.2020) മുതൽ ഈ മാസം 31 വരെ നടത്താനിരുന്ന സി.ബി.എസ്.ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ മുഴുവൻ പരീക്ഷകളും മാറ്റിവെച്ചു. ഇന്ത്യയിലും വിദേശത്തുമുള്ള മുഴുവൻ സെന്ററുകളിലെ പരീക്ഷയും മാറ്റിവെച്ചു. ഈ പരീക്ഷകൾ ഈ മാസം 31ന് ശേഷം നടത്തും. ഉത്തരക്കടലാസുകളുടെ മൂല്യനിർണയ ക്യാമ്പുകളും റദ്ദാക്കി. ഈ മാസം 31 വരെയാണ് ക്യാമ്പുകളുടെ പ്രവർത്തനവും നിർത്തിവെച്ചത്. അതേസമയം, പത്താം ക്ലാസ് പരീക്ഷ അടക്കമുള്ള കാര്യങ്ങളിൽ അവ്യക്തത നിലനിൽക്കുന്നുണ്ട്. കേരളത്തിൽ പത്താം ക്ലാസ് അടക്കമുള്ള പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ലെന്ന് സർക്കാർ വ്യക്തമാക്കി.