Sorry, you need to enable JavaScript to visit this website.

തേർവാഴ്ച, മരണം 31

ന്യൂദൽഹി- ദേര സച്ചാ സൗദ തലവനും സ്വയം പ്രഖ്യാപിത ആൾദൈവവുമായ ഗുർമീത് റാം റഹീം മാനഭംഗക്കേസിൽ കുറ്റക്കാരനാണെന്ന കോടതിവിധിയിൽ പ്രതിഷേധിച്ച് അനുയായികൾ അഴിച്ചുവിട്ട കലാപത്തിൽ 31 പേർ കൊല്ലപ്പെട്ടു. റാം റഹീം കുറ്റക്കാരനാണെന്ന വിധി വന്നതോടെ കൊലവിളിയും തീവെപ്പുമായി അനുയായികളുടെ അഴിഞ്ഞാട്ടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. ഇതിൽ പലരുടെയും നില ഗുരുതരമാണ്. മരണസംഖ്യ ഇനിയും കൂടാനാണ് സാധ്യത. സി.ബി.ഐയുടെ പ്രത്യേക കോടതി സ്ഥിതി ചെയ്യുന്ന ഹരിയാനയിലെ പഞ്ച്കുലയിൽനിന്ന് തുടങ്ങിയ കലാപം അധികം വൈകാതെ അതിർത്തി കടന്നു ദൽഹിയിലേക്കും പരിസര പ്രദേശങ്ങളിലേക്കും വ്യാപിച്ചതോടെ രാജ്യം മുൾമുനയിലായി. ദൽഹി, പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലെല്ലാം അക്രമികൾ തേർവാഴ്ച നടത്തി. പോലീസിന്റെയും അഗ്‌നിശമന സേനയുടെയും മാധ്യമ പ്രവർത്തകരുടെയും വാഹനങ്ങളും പെട്രോൾ പമ്പുകളും അഗ്‌നിക്കിരയാക്കി.

 
മാനഭംഗ കേസിൽ കുറ്റക്കാരനാണെന്ന് പ്രത്യേക സി.ബി.ഐ കോടതി വിധിച്ചതോടെയാണ് കലാപം തുടങ്ങിയത്. ദേര സച്ചാ സൗദ തലവനായ ഗുർമീത് റാം റഹീം സിംഗ് ഏഴു വർഷം തടവിൽ കഴിയേണ്ടി വരും. ശിക്ഷ ജീവപര്യന്തമായി നീട്ടാനും ഇടയുണ്ട്. ശിക്ഷ 28നു വിധിക്കും. ഹരിയാനയിലെ സിർസയിലെ ദേര സച്ചാ സൗദ ആസ്ഥാനത്ത് തങ്ങളെ നിരന്തരം മാനഭംഗപ്പെടുത്തിയെന്ന വനിതാ അനുയായികളുടെ പരാതിയിലാണ് റാം റഹീമിനെതിരേ കേസെടുത്തത്. 1999ലായിരുന്നു കേസിനാസ്പദമായ സംഭവം. 2002ലാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. ആരോപണങ്ങളെല്ലാം റാം റഹീമും അനുയായികളും നിഷേധിച്ചിരുന്നു. 
2007 ജൂലൈയിൽ സി.ബി.ഐ ഇയാൾക്കെതിരെ അംബാല കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. 1999നും 2001നും ഇടയിൽ രണ്ടു വനിതാ അനുയായികളെ മാനഭംഗപ്പെടുത്തിയിട്ടുണ്ടെന്നു വ്യക്തമാക്കുന്നതായിരുന്നു കുറ്റപത്രം. 2008ൽ മാനഭംഗത്തിനും ക്രിമിനൽ ഇടപെടലിനും പ്രത്യേക സി.ബി.ഐ കോടതി റാം റഹീമിനെ കുറ്റക്കാരനെന്നു കണ്ടെത്തി. 2009നും 2010നും ഇടയിൽ പരാതിക്കാരുടെ മൊഴികൾ രേഖപ്പെടുത്തി. പിന്നീട് അംബാലയിൽനിന്നും പഞ്ച്കുലയിലേക്കു മാറ്റിയ പ്രത്യേക സി.ബി.ഐ കോടതിയിലായിരുന്നു വിസ്താരം. 2017 ജൂലൈയിൽ പ്രതിദിന വിചാരണക്കു കോടതി ഉത്തരവിട്ടു. ഇക്കഴിഞ്ഞ 17നാണ് കേസിൽ വാദം പൂർത്തിയായത്. 


ഇന്നലെ 200 കാറുകളുടെ അകമ്പടിയോടെയാണ് റാം റഹീം കോടതിയിലെത്തിയത്. രണ്ടു വാഹനങ്ങൾ മാത്രമാണ് കോടതി വളപ്പിലേക്ക് കയറ്റിയത്. കുറ്റക്കാരനെന്നു വിധി വന്നശേഷം പ്രത്യേകം തയാറാക്കിയ രഹസ്യ കേന്ദ്രത്തിലേക്ക് ഹെലികോപ്ടറിലാണ് ഇയാളെ കൊണ്ടുപോയത്. അവിടെനിന്ന് പിന്നീട് റോഹ്തഗ് ജയിലിലേക്ക് മാറ്റി. അതീവ സുരക്ഷയാണ് ജയിലിലും ഏർപ്പെടുത്തിയത്. 

അക്രമം വ്യാപിച്ചതോടെ ദൽഹി, പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ വൻ സുരക്ഷ ഏർപ്പെടുത്തി. മെട്രോ സ്റ്റേഷനുകളിൽ അതീവ ജാഗ്രതാ നിർദേശം നൽകി. രാജ്യത്തെ നടുക്കത്തിന്റെ മുൾമുനയിൽ നിർത്തിയ അക്രമങ്ങൾക്ക് ശേഷം തങ്ങൾക്ക് തെറ്റു പറ്റിയെന്നായിരുന്നു ദേര സച്ച സൗദ പ്രതികരിച്ചത്. 
റാം റഹീമിന്റെ അനുയായികൾ അഴിച്ചുവിട്ട അക്രമത്തെ തുടർന്നുണ്ടായ നാശനഷ്ടങ്ങൾക്ക് ദേര സച്ചാ സൗദയുടെ ആസ്തികൾ വിറ്റു പരിഹാരം കണ്ടെത്തണമെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി നിർദേശിച്ചു.
അക്രമം മറ്റിടങ്ങളിലേക്കും വ്യാപിച്ചതോടെ ദൽഹിയുടെ പരിസര പ്രദേശങ്ങളായ നോയിഡ, ഗാസിയബാദ്, മുസാഫർനഗർ, ബാഗ്പത്, ശാമിലി തുടങ്ങി യു.പിയിലെ ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. റാം റഹീം കുറ്റക്കാരനെന്ന പ്രത്യേക സി.ബി.ഐ കോടതി വിധി വന്ന് ഒരു മണിക്കൂറിനുള്ളിൽ തന്നെ അനുയായികൾ ഹരിയാനയിലും പഞ്ചാബിലും പോലീസ് സ്‌റ്റേഷനും റെയിൽവേ സ്‌റ്റേഷനും തീയിട്ടു. കല്ലേറും കൊലവിളിയുമായി നീങ്ങിയ അക്രമികൾ മാധ്യമപ്രവർത്തകർക്ക് നേരെയും തിരിഞ്ഞു. വാർത്താ ചാനലുകളുടെ ഒ.ബി വാനുകൾ തകർത്തു. കോടതി വിധി വന്ന് 45 മിനിറ്റിനുള്ളിൽ 15ലധികം അക്രമസംഭവങ്ങളാണു റിപ്പോർട്ട് ചെയ്തത്. അക്രമം വ്യാപകമായതോടെ ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ രാജിവെക്കണമെന്നും ആവശ്യമുയർന്നു.  ഇന്നലെ വൈകുന്നേരത്തോടെ പഞ്ച്കുലയിൽ 600ലധികം വരുന്ന സൈന്യത്തെ വിന്യസിച്ചു. അക്രമികളെ പിരിച്ചുവിടുന്നതിനായി പോലീസ് ആകാശത്തേക്കു വെടിവെച്ചു. കണ്ണീർവാതകവും ജലപീരങ്കികളും പ്രയോഗിച്ചു. അക്രമത്തിന്റെ മറവിൽ പലയിടത്തും വ്യാപകമായ കൊള്ള നടന്നതായും വിവരമുണ്ട്. 
പഞ്ച്കുല പ്രത്യേക സി.ബി.ഐ കോടതിക്കു മുന്നിലും സമീപ പ്രദേശങ്ങളിലും റാം റഹീമിന്റെ അനുയായികളും സുരക്ഷാ സേനയും ഏറ്റുമുട്ടി. രണ്ടു ലക്ഷത്തോളം വരുന്ന റാം റഹീമിന്റെ അനുയായികളാണ് ഇവിടെ തമ്പടിച്ചിരുന്നത്. റാം റഹീം കുറ്റക്കാരനെന്നു വിധി വന്നയുടൻ തന്നെ സൈന്യം കോടതിക്കു പുറത്തു ഫഌഗ് മാർച്ച് നടത്തിയിരുന്നു. ഹരിയാനയിലും ചണ്ഡീഗഡിലും ഇന്റർനെറ്റ്, മൊബൈൽ സേവനങ്ങൾ വിച്ഛേദിച്ചു. അതിനിടെ പഞ്ചാബിലെ മാൻസയിൽ അക്രമികൾ രണ്ടു പോലീസ് വാഹനങ്ങൾക്കു തീയിട്ടു. അനുയായികൾ നിരവധി സർക്കാർ കെട്ടിടങ്ങൾക്കും തീയിട്ടു. ഹരിയാനയിലും പഞ്ചാബിലും റാം റഹീം അനുകൂലികൾ വൻ കലാപമാണ് അഴിച്ചുവിട്ടത്. പഞ്ചാബിലെ മാലൗട്ട്, ബല്ലൗന റെയിൽവേ സ്റ്റേഷനുകൾക്കു തീയിട്ടതായി നോർത്തേൺ റെയിൽവേ അറിയിച്ചു. പഞ്ചാബിൽ മാൻസ ജില്ലയിൽനിന്നാണ് റാം റഹീമിന്റെ അനുയായികൾ കലാപത്തിനു തുടക്കമിട്ടത്.
ദൽഹി ആനന്ദ് വിഹാർ സ്റ്റേഷനിൽ യാർഡിൽ നിർത്തിയിട്ടിരുന്ന ട്രെയിനിന് തീയിട്ടു. ദൽഹിയോട് ചേർന്ന് യു.പിയിലെ ലോണിയിൽ ഒരു ബസിനും തീയിട്ടു. ദൽഹിയിലെ വിവിധ പ്രദേശങ്ങളിലായി മൂന്നു ബസുകൾക്ക് തീയിട്ടു. 


പഞ്ചാബിലും ഹരിയാനയിലും അരങ്ങേറുന്ന കലാപത്തെക്കുറിച്ചു കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് പ്രധാനമന്ത്രി നരേന്ദ്രമോഡിക്കു വിവരങ്ങൾ നൽകി. പഞ്ചാബ്, ഹരിയാന മുഖ്യമന്ത്രിമാരുമായി ഫോണിൽ സംസാരിച്ച രാജ്‌നാഥ് സിംഗ് കലാപം അടിച്ചമർത്താൻ ഇരു സംസ്ഥാനങ്ങൾക്കും കേന്ദ്ര സഹായം ഉറപ്പു നൽകി. ഇതിനു മുൻപു തന്നെ ഹരിയാന സർക്കാരിന്റെ അഭ്യർഥനയനുസരിച്ചു കേന്ദ്ര ആഭ്യന്തര മന്ത്രാലയം 167 കമ്പനി കേന്ദ്ര സേനയെ അയച്ചിരുന്നു.

Latest News