'കൊവിഡല്ല കോവിന്ദ്' ദ ടെലഗ്രാഫിനെതിരെ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നോട്ടീസ്


ന്യൂദല്‍ഹി-  രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ അപമാനിച്ചുവെന്ന് ആരോപിച്ച് ദ ടെലഗ്രാഫിന് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നോട്ടിസ്. കൊല്‍ക്കത്ത ആസ്ഥാനമായ മാധ്യമസ്ഥാപനം മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയുടെ രാജ്യസഭാ നിയമനം സംബന്ധിച്ച് നല്‍കിയ വാര്‍ത്തയുടെ തലക്കെട്ടാണ് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയെ ചൊടിപ്പിച്ചത്. 'കോവിന്ദ് നോട്ട് കൊവിഡ്,ഡിഡ് ഇറ്റ്' എന്നാണ് പത്രം വാര്‍ത്തയുടെ തലക്കെട്ട് നല്‍കിയത്. രഞ്ജന്‍ ഗൊഗോയിയെ രാജ്യസഭാംഗമായി തീരുമാനിച്ചത് രാഷ്ട്രപതിയായിരുന്നു.

ഇതേതുടര്‍ന്നായിരുന്നു ഇത്തരത്തില്‍ തലക്കെട്ടിട്ടത്. മാര്‍ച്ച് 17ന് ആദ്യപേജിലായിരുന്നു ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചത്. ആക്ഷേപഹാസ്യ രൂപേണ നല്‍കിയ തലക്കെട്ട് രാഷ്ട്രത്തിന്റെ പ്രഥമ പൗരനെ അപമാനിക്കുന്ന വിധത്തിലാണെന്ന് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ നല്‍കിയ ഷോകോസ് നോട്ടിസില്‍ ആരോപിച്ചു. ജേണലിസ്റ്റ് പെരുമാറ്റചട്ടം ലംഘിച്ചുവെന്നാണ് ദ ടെലഗ്രാഫിനെതിരെയുള്ള ആരോപണം. മുന്‍ചീഫ് ജസ്റ്റിസായ രഞ്ജന്‍ ഗൊഗോയ് രാജ്യസഭാംഗമായി നിര്‍ദേശിച്ചത് രാഷ്ട്രപതിയായിരുന്നു.  റാഫേല്‍ കേസിലും അയോധ്യകേസിലും രഞ്ജന്‍ ഗൊഗോയിയുടെ ബെഞ്ചായിരുന്നു ബിജെപിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നത്. ഇതിന് പ്രത്യുപകാരമെന്നോണമാണ് പ്രത്യേക അധികാരം ഉപയോഗിച്ച് ബിജെപി രാജ്യസഭാംഗത്വം നല്‍കിയതെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
 

Latest News