Sorry, you need to enable JavaScript to visit this website.

മാനിയയും അവാർഡ് കോംപ്ലക്‌സും

എം.എൽ.എ ക്വാർട്ടേഴ്‌സിനു ചുറ്റുപാടുമുള്ള മരങ്ങളിൽ ചേക്കേറുന്ന ഏതൊരു പക്ഷിയും കരിഞ്ഞുണങ്ങി നിലത്തുവീഴും. അത്ര കഠിനമാണ് കാലം. കാക്കയും കൊക്കും പരുന്തും തമ്മിൽ ഇക്കാര്യത്തിൽ ഭിന്നതയില്ല. അതു കണ്ടിട്ട് ആരോഗ്യമന്ത്രിക്കെതിരെ പ്രസ്താവന ഇറക്കാൻ പ്രതിപക്ഷം മറന്നുപോയതാകാൻ വഴിയില്ല. പക്ഷേ, ഇപ്പോൾ കൊറോണ കഴിഞ്ഞാൽ കോൺഗ്രസാണ് വിഷയം. 
'ആഴി ചോരുന്നതറിയില്ല, നാഴി ചോരുന്നതറിയും' എന്ന ചൊല്ലു പോലെയാണ് കാര്യം. പണ്ടു ജനസമുദ്രമായിരുന്നു. പിന്നെ ജനക്കൂട്ടമായി. ഇപ്പോൾ ഒരു 'നാഴി'യിൽ കൊള്ളാവുന്നത്രയേയുള്ളൂ കോൺഗ്രസ് എന്ന് ഏതു പിള്ളേർക്കുമറിയാം. കാലുമാറ്റത്തിലൂടെയെങ്കിലും മാധ്യമങ്ങളിലൂടെ ഇന്ത്യ നിറഞ്ഞു നിൽക്കാനാണ് ഇപ്പോഴത്തെ ശ്രമം. ആരും മനോവിഷയം പുറത്തു കാട്ടുന്നില്ല. പുറത്തറിഞ്ഞാൽ മാലോകർ ചിരിക്കും. നാലും മൂന്നും ഏഴും സീറ്റു മാത്രം ലോക്‌സഭയിലുള്ള മാർക്‌സിസ്റ്റുകാരാകട്ടെ, പൊട്ടിച്ചിരിക്കും. അതുകൊണ്ട് 'നാഴിയുരിപ്പാലു കൊണ്ടു നാടാകെ കല്യാണം' എന്ന മട്ടിൽ തൂവെള്ള ഖദറും പൈമ്പാൽ പുഞ്ചിരിയുമായി ഇന്ത്യയൊട്ടാകെ ഓടിനടക്കുന്നു. മധ്യപ്രദേശിലെ രാജകുമാരൻ കാലുമാറിയതോർത്താൽ ഹൈക്കമാന്റ് ചങ്കുപൊട്ടി ചാകേണ്ടതാണ്. കുറച്ചു മാസങ്ങൾക്കു മുമ്പു വരെ കുമാരൻ ഹൈക്കമാന്റിന്റെ അടുക്കളയിൽ കയറി ചപ്പാത്തിയും ദാലും കഴിച്ചിരുന്നതാണ്. പയ്യൻ നായാട്ടിന് ഇറങ്ങിയാതാണെന്നു കരുതി. ഹൈക്കമാന്റിന്റെ മോൻ രാഹുലൻ മൊബൈൽ ഫോണിൽ മറുപടി പറയാത്തതിനാണ് കുമാരൻ പാർട്ടിയോടു വിട പറഞ്ഞത്. എത്ര ബാലിശമായ കാരണം! നിലവിലുള്ള പാർട്ടി നേതാക്കളുമായി താരതമ്യം ചെയ്താൽ രാഹുലനും ജ്യോതിരാദിത്യനും ബാലന്മാർ തന്നെ. അടുക്കളയിൽനിന്നു പിണങ്ങി പയ്യൻ ചെന്നു കയറിയത് ബി.ജെ.പി പാളയത്തിൽ. 'വിനാശകാലേ വിപരീത ബുദ്ധി'യെന്നു പറഞ്ഞതു പോലെ തത്സമയം പ്രദേശ മുഖ്യൻ കമൽനാഥ് ആറു മന്ത്രിമാരെ പുറത്താക്കി പടിയടച്ച്, കതിനാവെടിയും വെച്ചു. എമ്മെല്ലേമാർ ജയ്പൂരിലെ റിസോർട്ടിലേക്കു പറക്കുമ്പോൾ, അവശേഷിക്കുന്നവരെയും കൊണ്ട് കമൽനാഥ് ബാംഗ്ലൂരുവിലേക്ക്. സച്ചിൻ പൈലറ്റിനെ വലയിലാക്കി, ജയ്പൂർ കൊട്ടാരം പിടിച്ചടക്കാൻ മോഡി- ഷാജിമാർ വട്ടംകൂടുന്നുണ്ടോ? ഒരു ജയിംസ് ബോണ്ട് സിനിമ പോലെ ഉദ്വേഗജനകമായി മാറുമായിരുന്ന അവസാനമെത്തും മുമ്പാണ് ഭൂലോക വില്ലനായ കൊറോണയുടെ രംഗപ്രവേശം. ജയ്പൂർ - ബാംഗ്ലൂരു റിസോർട്ടുകൾ ഒഴിപ്പിച്ച്. 'സാനിട്ടേസർ' ഉപയോഗിച്ചു വൃത്തിയാക്കാൻ സർക്കാരുകൾ തുനിഞ്ഞാൽ ഫലമെന്താവും? വേണ്ടത്ര 'മാസ്‌ക്' ധരിച്ച് ജനപ്രതിനിധികൾ തമ്മിൽ തിരിച്ചറിയാത്തവിധം കടത്തുമായിരിക്കും. മനുഷ്യക്കടത്ത് നിരോധിച്ചിട്ടുണ്ട്; മെയിൻ റോഡിനെയോ ആശുപത്രി വാർഡുകളെയോ ആശ്രയിക്കാൻ മധ്യപ്രദേശുകാർക്ക് ഇടവരാതിരിക്കട്ടെ.

****         ****          ****   

കേരളത്തിൽ കൊറോണ എത്തിയില്ലായിരുന്നുവെങ്കിൽ എന്തായിരുന്നേനേ ഇപ്പോഴത്തെ ഭീഷണി? സംശയമില്ല, 'ശ്യാമ മാധവം' തന്നെ. ആ വിശിഷ്ടഗ്രന്ഥം നാടൊട്ടുക്ക് ചർച്ച ചെയ്യണമെന്നാണ് ജില്ലാ ലൈബ്രറി കൗൺസിലിന്റെ ശുപാർശ. നാട്ടുകാർ അത്രയും ഇടതുപക്ഷ മുഖ്യമന്ത്രിയുടെ ഉപദേശിയാണ് ഗ്രന്ഥകാരൻ പ്രഭാവർമ. അദ്ദേഹം അടുത്തതായി നേടാൻ പോകുന്ന പുരസ്‌കാരം ഏതെന്ന് ലോകം മുഴുവൻ ഉറ്റുനോക്കുകയാണ്. ആശയപരമായി ഇരുകോണുകളിലാണെങ്കിലും, ഒരു കവിതാപുസ്തകമെങ്കിലും രചിച്ചിട്ടുള്ള 'സാക്ഷാൽ മോഡിജി പോലും പാത്തും പതുങ്ങിയും വർമാജിയുടെ ചലനങ്ങൾ ശ്രദ്ധിച്ചു പോരുന്നതായാണ് കേൾവി. നാടാകെ ഇളകി മറിഞ്ഞു നിൽപാണ്. ചിലേടത്ത് ആനയും അമ്പാരിയുമായി പുസ്തക ചർച്ച തുടങ്ങാനായിരുന്ന പദ്ധതി. അതിലേക്ക് ലൈബ്രറി കൗൺസിലിന്റെ സഹായവുമുണ്ടാകും. പ്രവർത്തന ഫണ്ട് രൂപീകരിക്കാനായിരുന്നു മറ്റു ചിലരുടെ ഉത്സാഹം. 'സദ്യയും സർവ്വാണിയും'  നടത്തി പരമ്പരാഗത രീതിയിൽ അഞ്ചു പതിപ്പ് കഴിഞ്ഞ പുസ്തകത്തെ വരവേൽക്കണമെന്നായിരുന്നു ഭൂരിപക്ഷ തീരുമാനം. അഞ്ചുപെറ്റ പെണ്ണിന്റെ സൗന്ദര്യം വർധിക്കുമെന്നു പണ്ടൊരു പരസ്യമുണ്ടായിരുന്നു. പ്രസവിക്കുന്തോറും യൗവനം വർധിക്കുന്നുവെന്ന ആ തലവാചകം പോലെ അവാർഡുകൾ ലഭിക്കുന്തോറും 'ശ്യാമ മാധവം' കൂടുതൽ ഉടലഴക് നേടുന്നുവെന്നാണ് ഗ്രന്ഥകാരൻ ഉൾപ്പെടെയുള്ള ബൗദ്ധിക വ്യായാമക്കാരുടെ പക്ഷം, പ്രത്യേകിച്ച് ഗുരുവായൂർ ദേവസ്വത്തിന്റെ 'പൂന്താനം ട്രസ്റ്റ്' അവാർഡു കൂടി അടിച്ചെടുത്തതോടെ. ദേവസ്വമാണെങ്കിൽ ഇടതുപക്ഷം വക.
അപ്പോൾ പുരസ്‌കാര ശോഭ ഗതഗുണീഭവിക്കും. കുരുത്തംകെട്ട കൊറോണ കടന്നുവന്ന് അതുംമുടക്കി. ഹൈക്കോടതിയിൽ പോയ 'സംഘി'കളെ എങ്ങനെയും ഒതുക്കാമായിരുന്നു. കോടതിയിൽ അപേക്ഷ കൊടുക്കുന്നതിനു മുമ്പ് ഭാഗവതമോ ഭാരതമോ വായിക്കാൻ ഇടയില്ലാത്തവരാണല്ലോ വാദികൾ. ഗോമാംസം, ഗോചാണകം, ഗോമൂത്രം എന്നിവയല്ലാതെ മറ്റു പുരാണങ്ങൾ വലിയ പിടിയില്ലാത്തതിനാൽ കേസ് ക്രമേണ ജയിക്കുമെന്നായിരുന്നു സർവ പ്രോസിക്യൂഷൻ വക്കീലന്മാരും രഹസ്യമായി അറിയിച്ചിരുന്നത്. അറ്റ കൈക്ക് ദില്ലിവാല വക്കീലന്മാരെയും വരുത്താമായിരുന്നു. ഇനിയിപ്പോൾ കൊറോണ കനിയണം, അവർ നാടുവിട്ട ശേഷമേ ഇനി വിചാരമയ്ക്കു കോപ്പുള്ളൂ.


****            ****          ****      

രമേശ് ചെന്നിത്തലയ്ക്ക് വിട്ടുമാറാത്ത അസുഖമുണ്ടെന്നു വീണ്ടും തെളിഞ്ഞു- കെ.എസ്.യു കോംപ്ലക്‌സ്. നാട്ടിൽ ആരിലും കാണാൻ കഴിയാത്ത ഈ രോഗം പ്രതിപക്ഷ നേതാവിൽ കണ്ടെത്തിയതിന്റെ സന്തോഷം ഗൂഢമായി അനുഭവിക്കുകയാണ് മറ്റു കോൺഗ്രസ് നേതാക്കൾ. ഒരു വർഷം കൂടി കഴിഞ്ഞാൽ നിയമസഭാ തെരഞ്ഞെടുപ്പുണ്ടാകും. അപ്പോഴേക്കും 'മുഖ്യമന്ത്രി സ്ഥാനാർഥി' എന്ന നെറ്റിപ്പട്ടം ചുമക്കാൻ വേറെ ആളുണ്ടാകും. ആകെ തകർന്നു തരിപ്പണമായി കിടക്കുന്ന കെ.എസ്.യു പുനഃസംഘടിപ്പിക്കുവാൻ ആണ് നിത്യയൗവനമാർന്ന ചെന്നിത്തലയെ അല്ലാതെ ആരെ ഏൽപിക്കാൻ കഴിയും? കുട്ടികൾ 'സമര'മെന്നു കേട്ടാൽ എടുത്തു ചാടുന്നത്ര ഉത്സാഹമുണ്ട് ചെന്നിത്തലയ്ക്ക് മാധ്യമ മൈക്കുകൾ മുന്നിൽ കാണുമ്പോൾ. അഥവാ ദൂരെ എവിടെയെങ്കിലും ഒരു മൈക്കു കണ്ടാലും അദ്ദേഹം മാടി വിളിച്ച് പ്രസ്താവനയിറക്കും. 
ഇത്തവണ നിയമസഭാ സമ്മേളനം നേരത്തെ പിരിഞ്ഞുവെങ്കിലും (കൊറോണയ്ക്കു നന്ദി. അത്രയും ഖജനാവ് ധൂർത്ത് ഒഴിവായി!) കിട്ടിയ സമയം പാഴാക്കാതെ അദ്ദേഹം ഒമ്പതു തവണ പ്രസ് മീറ്റ് നടത്തി. ആരോഗ്യ മന്ത്രി പോലും അഞ്ചു തവണയേ അതിനു തയാറായുള്ളൂ എന്നിട്ടും കെ.കെ. ശൈലജക്കു 'മീഡിയാ മാനിയ' ഉണ്ടെന്നു കണ്ടുപിടിച്ചു ജനശ്രദ്ധ ജനശ്രദ്ധ നേടിക്കളഞ്ഞു ചെന്നിത്തല. ഇത്തവണ മെഡിക്കൽ അസോസിയേഷന്റെ പ്രത്യേക 'എക്‌സലൻസ് അവാർഡ്' പ്രതിപക്ഷ നേതാവ് നേടുമെന്ന് ഉറപ്പായി. ചെന്നിത്തലയുടെ കണ്ടുപിടിത്തത്തിന്റെ ശോഭ കെടുത്തിക്കളഞ്ഞത് മുരളി തെമ്മാരുകൂടി എന്നൊരു യു.എൻ ആരോഗ്യ വക്താവാണ്. ആരോഗ്യ മന്ത്രിയാണ് ജനങ്ങളെ കാര്യങ്ങൾ ധരിപ്പിക്കേണ്ടത് എന്ന ഒറ്റ വാചകത്തിൽ അങ്ങോർ ചെന്നിത്തലയെ ഇരുത്തിക്കളഞ്ഞു. അവാർഡുകളും മുഖ്യമന്ത്രി പദവും ഒന്നുപോലെ തെന്നിമാറുന്ന കാഴ്ചയാണ് ചെന്നിത്തല ഇപ്പോൾ കാണുന്നത്. 'ദേവേന്ദ്രന്റെ സംശയരോഗം' ചെന്നിത്തലയെ ബാധിച്ചുവെന്ന് ഡോക്ടർ പിണറായി വിജയൻ ചൂണ്ടിക്കാട്ടിയതാണ്. അതിന് 'ഹിരണ്യകശിപു കോംപ്ലെക്‌സ്' എന്ന 'മറുരോഗ'മാണ് ചെന്നിത്തല കണ്ടുപിടിച്ചത്. രണ്ടും അവരവരുടെ പാർട്ടി നേതാക്കൾ രഹസ്യമായി നൂറു ശതമാനം മാർക്ക് നൽകി അംഗീകരിച്ചവയാണ്; ഇപ്പോഴാണ് പുറത്തു വരുന്നത്. പ്രതിപക്ഷ നേതാവിന് കഷ്ടകാലം പിടികൂടിയിരിക്കുന്നുവെന്നു സംശയിക്കണം. കോൺഗ്രസിന്റെ മൊത്തം 'ആരോഗ്യനില' പരിശോധിച്ചാൽ കേരളമെന്നല്ല, ഇന്ത്യക്കു പുറത്ത് എവിടെയെങ്കിലും ജയിക്കാനുള്ള സാധ്യത മാത്രമാണുള്ളതെന്ന് വൈദ്യശാസ്ത്രം പഠിക്കാത്തവർക്കും മനസ്സിലാകും. ഇനി പൂജയും ശത്രു സംഹാരവുമൊക്കെയായി പ്രതിപക്ഷ നേതാവ് മുന്നോട്ടു തന്നെ പോകുമെന്നു പ്രതീക്ഷിക്കാം.

****         ****           ****         

കോട്ടയത്ത് സാഹിത്യ മ്യൂസിയം തുടങ്ങുമെന്നു വകുപ്പു മന്ത്രി വെളിപ്പെടുത്തി. മുപ്പതു വർഷം മുമ്പേ തോന്നേണ്ട ബുദ്ധി. എൻ.ബി.എസിനെയും സഹകരണ സംഘത്തെയും കൂട്ടിലിട്ടു പ്രദർശിപ്പിക്കാൻ ഇതിനേക്കാൾ മറ്റൊരു പോംവഴിയില്ല, പുരാവസ്തു വകുപ്പുല്ലാതെ. നഗരത്തിലും പരിസരത്തുമുള്ള വിവിധ സാംസ്‌കാരിക സ്ഥാപനങ്ങൾ ഉൾപ്പെടുന്ന സാഹിത്യ സഞ്ചാരപഥം തയാറാക്കുമെന്നും വാർത്ത. നന്നായി. ആശയം ആരോഗ്യ വകുപ്പിന്റെ ഇപ്പോഴത്തെ 'സഞ്ചാരപാത' കോപ്പിയിച്ചതായാലും വിരോധമില്ല.
 

Latest News