ന്യൂദല്‍ഹി- കലിയുഗമായത് കൊണ്ടാണ് കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതെന്ന് സുപ്രിംകോടതി ജഡ്ജി അരുണ്‍മിശ്ര. ഇത് നൂറ് വര്‍ഷം കൂടുമ്പോള്‍ സംഭവിക്കുന്ന മഹാമാരിയാണ്. കലിയുഗത്തില്‍ പൊട്ടിപ്പുറപ്പെട്ട ഈ വൈറസിനോട് പോരാടാന്‍ നമുക്ക് സാധിക്കില്ലെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു. കൊറോണ വ്യാപകമാകുന്നതിന്റെ പശ്ചാത്തലത്തില്‍ അഭിഭാഷകരുടെ ചോദ്യത്തിനുള്ള മറുപടിയായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. നിങ്ങളുടെ പക്കലുള്ള മുഴുവന്‍ ആയുധങ്ങളും ഉപയോഗിച്ചാലും വൈറസിനോട് പൊരുതാന്‍ സാധിക്കില്ലെന്നും ജസ്റ്റിസ് പറഞ്ഞു.
168000 ത്തില്‍പരം ആളുകളെയാണ് ഇപ്പോള്‍ വൈറസ് ബാധിച്ചിരിക്കുന്നത്. 6600ല്‍ പരം പേര്‍ മരിക്കുകയും ചെയ്തിട്ടുണ്ട്. മനുഷ്യര്‍ ബലഹീനരാണ്. നിങ്ങള്‍ക്ക് എന്തും ചെയ്യാം. നിങ്ങള്‍ക്ക് ഏത് ആയുധങ്ങളും ഉണ്ടാക്കാം. പക്ഷേ ഈ വൈറസിനെതിരെ പോരാടാന്‍ സാധിക്കില്ല. ഇതിനെ നമ്മുടെ ഓരോരുത്തരുടെയും തലത്തില്‍ തന്നെ നേരിടേണ്ടതുണ്ടെന്നും ജസ്റ്റിസ് മിശ്ര പറഞ്ഞു.
കഴിഞ്ഞ ആഴ്ച്ചയാണ് സുപ്രിംകോടതി അടിയന്തര പ്രാധാന്യമുള്ള കേസുകള്‍ മാത്രമേ പരിഗണിക്കുകയുള്ളൂവെന്ന് അറിയിച്ചത്.സുപ്രിംകോടതിയില്‍ 15 ബെഞ്ചുകളുള്ള സ്ഥാനത്ത് നിലവില്‍ ആറ് ബെഞ്ചുകള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്.ഒരു കോടതിയില്‍ പരമാവധി ഏഴ് കേസുകള്‍ മാത്രമേ പരിഗണിക്കുന്നുള്ളൂ. തുടര്‍ന്നുള്ള ദിവസങ്ങളില്‍ നാലു ബെഞ്ചുകള്‍ മാത്രമേ പ്രവര്‍ത്തിക്കുകയുള്ളൂവെന്ന് സുപ്രിംകോടതി ഇന്ന് അറിയിച്ചിട്ടുണ്ട്.