കൊറോണ; ഡിജിറ്റല്‍ പേയ്‌മെന്റ് ഇടപാട് കുത്തനെ ഇടിയുന്നു


ന്യൂദല്‍ഹി-  കൊറോണ വൈറസ് വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയിലെ ഡിജിറ്റല്‍ പേയ്‌മെന്റ് മേഖലയ്ക്ക് കനത്ത തിരിച്ചടി. കഴിഞ്ഞ ആഴ്ചകളില്‍ ഡിജിറ്റല്‍ പേയ്‌മെന്റ് ഇടപാടിന്റെ മൂല്യത്തില്‍ 30%  ഇടിവാണ് പ്രകടമായത്.കൊറോണ വ്യാപനം തടയാനുള്ള നടപടികളുടെ ഫലമായി ഓണ്‍ലൈന്‍,ഓഫ്‌ലൈനിലും ഡിജിറ്റല്‍ ഇടപാടുകളുടെ മൂല്യം ഇടിഞ്ഞിരിക്കുകയാണ്. മെട്രോ നഗരങ്ങളിലാണ് ഏറ്റവും കൂടുതല്‍ തിരിച്ചടിയുണ്ടായിരിക്കുന്നതെന്ന് എക്‌സിക്യൂട്ടീവുകള്‍ വെളിപ്പെടുത്തി. ഡിജിറ്റല്‍ വില്‍പ്പന പ്ലാറ്റ്‌ഫോമുകളിലെ ഉപഭോക്തൃ ട്രാഫിക് ഇപ്പോഴും ഉയര്‍ന്നിട്ടുണ്ടെങ്കിലും ഇടപാടുകളുടെ മൂല്യം ഗണ്യമായാണ് കുറഞ്ഞിരിക്കുന്നത്.

രാജ്യത്തെ നിലവിലെ സ്ഥിതിഗതികള്‍ പരിശോധിച്ചാല്‍ ഉപഭോക്താക്കളുടെ ദിനചര്യയെ വൈറസ് വ്യാപനം തകിടം മറിച്ചുവെന്ന് പോയിന്റ് ഓഫ് സെയില്‍ ടെര്‍മിനല്‍ സംരംഭം പൈന്‍ ലാബ്‌സ് അറിയിച്ചു. ഇന്ത്യന്‍ ഉപഭോക്താക്കള്‍ സ്‌റ്റോറുകളില്‍ നേരിട്ട് എത്തുന്നത് നിയന്ത്രിക്കപ്പെടുന്ന അവസ്ഥ തുടര്‍ന്നാല്‍ ഇടപാടുകളില്‍ വീണ്ടും ഇടിവുണ്ടാക്കും.യാത്രാവിഭാഗത്തില്‍ പ്രൊസസ്സ് ചെയ്ത ഇടപാടുകളുടെ മൂല്യത്തില്‍ ഏകദേശം 35% മുതല്‍ 40% വരെ കുറവുണ്ടാകുമെന്ന് ഓണ്‍ലൈന്‍ പേയ്‌മെന്റ് സൊലൂഷന്‍സ് റേസര്‍പേയും അഭിപ്രായപ്പെട്ടു. ഓണ്‍ലൈന്‍ ഡിജിറ്റല്‍ ഇടപാടുകളില്‍ 25% വിമാനയാത്രാ ടിക്കറ്റുകള്‍ക്കായാണ് ചെലവഴിക്കുന്നത്. ഇപ്പോള്‍ നാല്‍പത് ശതമാനം ഇടിവ് ഈ വിഭാഗത്തില്‍ ഉണ്ടായിട്ടുണ്ട്. നിരവധി വിമാന സര്‍വീസുകള്‍ റദ്ദാക്കുകയും യാത്രാ മാര്‍ഗങ്ങള്‍ അടക്കുകയും ചെയ്ത സാഹചര്യമാണുള്ളത്. സാധാരണ മാര്‍ച്ച് മുതല്‍ മെയ് അവസാനം വരെയുള്ള കാലയളവ് ഉയര്‍ന്ന വ്യോമയാന ട്രാഫിക് പ്രകടമാക്കുന്നതാണ്.
 

Latest News