ജപ്പാന്‍ ഫ്‌ളൂവിനുള്ള മരുന്ന് കോവിഡ് 19ന് ഫലപ്രദമെന്ന് ചൈന

ബീജിങ്- ജപ്പാന്‍ ഫ്‌ളൂവിനുള്ള മരുന്ന് കോവിഡ് 19 ചികിത്സക്ക് ഫലപ്രദമെന്ന് കണ്ടെത്തിയെന്ന് ചൈന. ഫ്യൂജിഫിലിമിന്റെ അനുബന്ധ കമ്പനി ടൊയോമ കെമിക്കല്‍സ് വികസിപ്പിച്ച ഫാവിപിറാവിര്‍  എന്ന മെഡിസിനാണ് ഫലപ്രദമെന്ന് ചൈനീസ് ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിലെ സാങ്‌സിന്‍മിന്‍ ആണ് ഇക്കാര്യം അറിയിച്ചത്. വുഹാനിലും ഷെന്‍സെനിലുമായി 340 രോഗികളിലാണ് മരുന്ന് പരീക്ഷിച്ചത്.ഇവരില്‍ 91% ആളുകള്‍ക്കും രോഗം ഭേദമായി.വെറും നാല് ദിവസം കൊണ്ടാണ് പരിശോധനാഫലം നെഗറ്റീവായത്.അവരുടെ ശ്വാസകോശത്തിന്റെ അവസ്ഥ മെച്ചപ്പെട്ടിട്ടുണ്ടെന്ന് എക്‌സ്‌റേ ഫലം വ്യക്തമാക്കുന്നുവെന്ന് പബ്ലിക് ബ്രോഡ്കാസ്റ്റര്‍ എന്‍എച്ച് കെ പറയുന്നു.

മരുന്ന് ഉപയോഗിക്കാത്തവരില്‍ 62% പേര്‍ക്ക് മാത്രമാണ് രോഗം ഭേദമായത്.ഇവരില്‍ 11 ദിവസം എടുത്താണ് രോഗം മാറിയതെന്ന് അധികൃതര്‍ പറഞ്ഞു. അതേസമയം ഫാവിപിറാവിര്‍ പൂര്‍ണമായും ഫലപ്രദമല്ലെന്ന് ജപ്പാന്‍ ആരോഗ്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍ അറിയിച്ചു. 2014ലാണ് ഫ്യുജിഫിലിം ടോയോമ മരുന്ന് വികസിപ്പിച്ചത്. ഫെബ്രുവരി മുതല്‍ ജപ്പാനിലെ കൊറോണ രോഗികള്‍ക്കും മരുന്ന് നല്‍കി തുടങ്ങിയിട്ടുണ്ട്. ഇന്ത്യയും ചൈനയും എച്ച്‌ഐവിക്കുള്ള മരുന്ന് കൊറോണ രോഗികള്‍ക്ക് നല്‍കി തുടങ്ങിയതായി റിപ്പോര്‍ട്ടുണ്ട്.

Latest News