Sorry, you need to enable JavaScript to visit this website.

ചൈന കൊറോണയെ നേരിട്ടത് എങ്ങിനെ? മറ്റ് രാജ്യങ്ങള്‍ക്ക് കണ്ടുപഠിക്കാം

 

ബീജിങ് -ചൈനയിലെ വുഹാനില്‍ തുടക്കമിട്ട കൊറോണ വൈറസ് മഹാമാരിയായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. അഞ്ഞൂറോളം പേരാണ് പ്രതിദിനം ശരാശരി രോഗം കാരണം മരിക്കുന്നുവെന്നാണ് കണക്കുകള്‍. വന്‍ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ച കൊറോണ വൈറസിനെ കാര്യക്ഷമമായി നേരിട്ടാണ് ചൈനക്കാര്‍ രോഗവും മരണവും നിയന്ത്രണവിധേയമാക്കിയത്. കടുത്ത നിയന്ത്രണങ്ങളും നടപടികളും ചൈന സ്വീകരിച്ചപ്പോള്‍ വിമര്‍ശിച്ച് രംഗത്തെത്തിയവര്‍ പോലും ഇപ്പോള്‍ കൊറോണ വൈറസ് ബാധയെ ചെറുക്കാന്‍ ആ രാജ്യത്തെ കണ്ട് പഠിക്കേണ്ട സ്ഥിതിയിലാണ്. ചൈനയ്ക്ക് രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ എന്തൊക്കെ വീഴ്ചകള്‍ സംഭവിച്ചു, എങ്ങിനെയൊക്കെ ഫലപ്രദമായി രോഗവ്യാപനം തടയാന്‍ സാധിച്ചു എന്നിങ്ങനെയുള്ള കാര്യങ്ങളാണ് ലോകരാഷ്ട്രങ്ങള്‍ ഉറ്റുനോക്കുന്നത്.  

ചൈന സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ ഫലപ്രദമായോ? 
ജനുവരി പകുതിയോടെ വൈറസ് വ്യാപനം നിയന്ത്രണവിധേയമാക്കാന്‍ നടപടികള്‍ ശക്തമാക്കി തുടങ്ങിയിരുന്നു. വുഹാനില്‍ നിന്ന് ഒരൊറ്റയാളിനെ പോലും പുറത്തുപോകാനോ അകത്തേക്ക് വരാനോ സാധിക്കാത്ത വിധത്തില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി. ഹുബെ പ്രവിശ്യയിലെ മറ്റ് 15 നഗരങ്ങളിലെ  60 ദശലക്ഷം ആളുകളെയാണ് അധികൃതര്‍ വീടുകളില്‍ തന്നെ തളച്ചിട്ടത്. വിമാനങ്ങളും ട്രെയിന്‍ ,ബസ് സര്‍വീസും താത്കാലികമായി നിര്‍ത്തിവെച്ചു. റോഡുകള്‍ അടച്ചിട്ടു. ഹുബെക്ക് പിന്നാലെ മറ്റ് ചൈനീസ് നഗരങ്ങളിലും ഗ്രാമങ്ങളിലും സമാനമായ നിയന്ത്രണങ്ങള്‍ വ്യാപകമാക്കി. ഭക്ഷണമോ,വൈദ്യസഹായത്തിനോ മാത്രം പുറത്തുപോകാന്‍ പാടുള്ളൂവെന്ന സര്‍ക്കാര്‍ ഉത്തരവ് വൈറസിന്റെ വ്യാപനം ഒരു പരിധി വരെ തടഞ്ഞു.ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത് അനുസരിച്ച് രാജ്യത്തെ ജനസംഖ്യയുടെ പകുതിയോളം വരുന്ന 760 ദശലക്ഷം ആളുകള്‍ അവരുടെ വീടുകളില്‍ ഒതുങ്ങി. സര്‍ക്കാരിന്റെ നിയന്ത്രണങ്ങള്‍ പൂര്‍ണമായും പാലിക്കാന്‍ ജനങ്ങള്‍ നിര്‍ബന്ധിതരായത് ഗുണം ചെയ്തുവെന്നാണ് വിലയിരുത്തല്‍.

ഡിസംബറില്‍ രോഗം റിപ്പോര്‍ട്ട് ചെയ്ത ശേഷം പ്രതിദിനം ആയിരക്കണക്കിന് പേരായിരുന്നു വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നതെങ്കില്‍ നടപടികളെ തുടര്‍ന്ന് 15 ല്‍ താഴെ മാത്രമായി പുതിയ രോഗികള്‍. ഇന്നലെയും ഇന്നും വെറും ഓരോ കൊറോണ കേസുകള്‍ മാത്രമാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ജനങ്ങളുടെ സാമൂഹ്യമായ ഇടപെടലുകള്‍ പൂര്‍ണമായും തടഞ്ഞതാണ് രോഗബാധ കുറയ്ക്കാനും നിയന്ത്രണവിധേയമാക്കാനും സാധിച്ചതെന്ന് ആരോഗ്യവിദഗ്ധര്‍ അവകാശപ്പെടുന്നു. രണ്ട് മാസമായി ചൈനയില്‍ 'ലോക് ഡൗണ്‍' ആരംഭിച്ചിട്ട്. പല നഗരങ്ങളിലും നിയന്ത്രണങ്ങള്‍ ഇപ്പോഴും തുടരുന്നു. പ്രതിദിനം ആയിരത്തിന് താഴെയാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പുതിയ കേസുകളെന്ന് മിനസോട്ട സര്‍വകലാശാലയിലെ പകര്‍ച്ചവ്യാധി ശാസ്ത്രജ്ഞനായ മൈക്കല്‍ ഓസ്റ്റര്‍ ഹോം പറയുന്നു. ജനങ്ങളുടെ കൂടി സഹകരണമാണ് രോഗം നിയന്ത്രണവിധേയമാക്കുന്നതില്‍ ചൈന വിജയിക്കാന്‍ കാരണമെന്ന് അദേഹം വ്യക്തമാക്കി. അഭൂതപൂര്‍വ്വമായ റിസള്‍ട്ടാണ് ചൈനയിലെ ജനങ്ങളുടെ പരിശ്രമങ്ങളിലൂടെ ഉണ്ടായതെന്ന് ലോകാരോഗ്യസംഘടനയും പ്രതികരിച്ചിരുന്നു.  

ചൈനയുടെ അനുഭവത്തില്‍ നിന്ന് മറ്റുള്ള രാജ്യങ്ങള്‍ക്ക് പഠിക്കാനുണ്ടെന്ന് ഹോങ്കോങ് സര്‍വകലാശാലയിലെ പകര്‍ച്ചവ്യാധി ഗവേഷകനായ ഗബ്രിയേല്‍ ലുംങ് പറഞ്ഞു.ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം മാര്‍ച്ച് 16വരെ ചൈനയില്‍ രോഗബാധിതരായത് മൊത്തം 81000 പേരായിരുന്നു. റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത നിരവധി കേസുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും വിദഗ്ധര്‍ പറയുന്നു. എന്തൊക്കെയായാലും ചൈനയുടെ നടപടികള്‍ ലക്ഷ്യം കണ്ടിട്ടുണ്ട്. അല്ലെങ്കില്‍ രോഗബാധിതരുടെ എണ്ണം ഇപ്പോഴുള്ളതിനേക്കാള്‍ നാല്‍പത് മടങ്ങ് വരെ വര്‍ധിക്കുമായിരുന്നുവെന്ന് ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ ആരോഗ്യവിദഗ്ധന്‍ ക്രിസ്റ്റഫര്‍ ഡൈ പറഞ്ഞു.കൊറോണ വ്യാപനം തടയാന്‍ ജനങ്ങളുടെ സഞ്ചാരം കുറയ്ക്കുന്നത് തന്നെയാണ് പ്രധാന നടപടിയെങ്കിലും രോഗബാധ നേരത്തെ തന്നെ കണ്ടെത്തുന്നതിലും രോഗികളെ ഐസൊലേഷനില്‍ പാര്‍പ്പിക്കുന്നതുമാണ് ഏറ്റവും ഫലപ്രദമായ നടപടി. കാരണം സിങ്കപ്പൂരില്‍ ആദ്യത്തെ കേസ് തന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ അവര്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചു. വൈറസ് ബാധ സ്ഥിരീകരിച്ചവരെ ഐസൊലേഷനില്‍ പാര്‍പ്പിച്ചതും അവരുമായി ഇടപഴകിയവരെ തിരിച്ചറിയുകയും ചെയ്തു. ഇതേതുടര്‍ന്ന്  250 പേരില്‍ മാത്രം വൈറസ് ബാധ ഒതുക്കാന്‍ അവര്‍ക്ക് സാധിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ചൈന ഫലപ്രദമായി കാര്യങ്ങള്‍ നേരിട്ടുവെങ്കിലും പ്രതിരോധ നടപടികള്‍ വൈകിയാണ് ആരംഭിച്ചത്. ഈ വീഴ്ചകളാണ് വൈറസ് മറ്റിടങ്ങളിലേക്ക് വ്യാപിക്കാന്‍ കാരണമെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
 

Latest News