ന്യൂദൽഹി- മധ്യപ്രദേശിലെ വിമത എം.എൽ.എമാർ തെരഞ്ഞെടുപ്പിനെ നേരിടണമെന്നും തുടർന്ന് വിശ്വാസവോട്ടെടുപ്പ് നടത്താമെന്നും കോൺഗ്രസ് സുപ്രീം കോടതിയിൽ. ജനാധിപത്യത്തെ പണം കൊണ്ടും കായികശക്തികൊണ്ടും ബി.ജെ.പി തകർക്കുകയാണെന്നും കോൺഗ്രസിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവേ ആരോപിച്ചു. വിശ്വാസവോട്ട് നേടണമെന്ന ഗവർണർ ലാൽജി ടണ്ടന്റെ നിർദ്ദേശം ഭരണഘടന വിരുദ്ധമാണെനന്നും കോൺഗ്രസ് ആരോപിച്ചു. അതേസമയം, കമൽനാഥ് സർക്കാറിന് തുടരാൻ ധാർമികവും നിയമപരവും ഭരണഘടനാപരവുമായ അവകാശമില്ലെന്ന് ബി.ജെ.പി വ്യക്തമാക്കി. ഡി.വൈ ചന്ദ്രചൂഡ്, ഹേമന്ദ് ഗുപ്ത എന്നിവരുടെ ബെഞ്ചാണ് ഹരജിയിൽ വാദം കേൾക്കുന്നത്. മധ്യപ്രദേശിൽ ഉടൻ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് ബി.ജെ.പിയാണ് കോടതിയെ സമീപിച്ചത്.