ന്യൂദല്‍ഹി- ജനങ്ങള്‍ കൂട്ടം കൂടരുതെന്ന നിർദേശമുണ്ടായിട്ടും പൗരത്വ നിയമ ഭേദഗതിക്കെതിരെ നൂറുകണക്കിന് സ്ത്രീകള്‍ ദല്‍ഹിയില്‍ വീണ്ടും തെരുവിലിറങ്ങി. ദേശീയ ജനസംഖ്യാ രജിസറ്ററുമായി ജനസംഖ്യാ സെന്‍സസിനെ ബന്ധിപ്പിക്കില്ലെന്ന് 29 സംസ്ഥാന മുഖ്യമന്ത്രിമാരും ഉറപ്പു നല്‍കണമെന്നാവശ്യപ്പെട്ടാണ് സി.എ.എ വിരുദ്ധ സമരം തുടരുന്നത്. ജാതി, മത വ്യത്യാസമില്ലാതെ നിരവധി സ്ത്രീകളെ ഇത് പൗരത്വമില്ലാത്തവരാക്കുമെന്നും യാതൊരു രേഖകളുമില്ലാതെയണ് സ്ത്രീകളില്‍ ബഹുഭൂരിഭാഗവും ഭർതൃ വീടുകളില്‍ എത്തിച്ചേർന്നതെന്നും സമരക്കാർ ചൂണ്ടിക്കാണിക്കുന്നു.
സി.എ.എയും എന്‍.ആർ.സിയും വെച്ച് നോക്കുമ്പോള്‍ കൊറോണ വൈറസ് ചെറിയ അപകടമാണെന്നും കൊറോണയെ പേടിയില്ലെന്നും സമരത്തില്‍ പങ്കെടുക്കുന്ന ഹുമേറ സയീദ് പ്രതികരിച്ചു. ഡിസംബർ മധ്യം മുതല്‍ ദല്‍ഹി ഷഹീന്‍ ബാഗില്‍ തുടരുന്ന സമരത്തില്‍ പങ്കെടുത്തുവരികയാണ് 26 കാരി ഹുമേറ.
മുസ്ലിം ജനതയുടെ സുരക്ഷയില്‍ സർക്കാരിന് ആശങ്കയുണ്ടെങ്കില്‍ ദല്‍ഹിയില്‍ നടന്ന വർഗീയ കലാപം തടഞ്ഞില്ലെന്ന് അവർ ചോദിച്ചു.
കൊറോണ വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ 50 പേരില്‍ കൂടുതല്‍ പേർ കൂട്ടംചേരരുതെന്ന് സർക്കാർ മുന്നറിയിപ്പ് നല്‍കിയിരുന്നു.