മലപ്പുറം- മലപ്പുറം ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ചവരുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ജില്ലാ അധികൃതർ അറിയിച്ചു. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്തി പ്രത്യേക നിരീക്ഷണം ഉറപ്പാക്കുന്ന നടപടികള്‍ തുടരുകയാണ്.
വണ്ടൂര്‍ വാണിയമ്പലം സ്വദേശിനിയുമായി നേരിട്ടു സമ്പര്‍ക്കം പുലര്‍ത്തിയ 194 പേരെയും അവരുമായി സമ്പര്‍ക്കമുണ്ടായ 104 പേരെയും കണ്ടെത്തി. അരീക്കോട് ചെമ്രക്കാട്ടൂര്‍ സ്വദേശിനിയുമായി നേരിട്ട് ഇടപഴകിയ 110 പേരെയും അവരുമായി ബന്ധപ്പെട്ട 67 പേരെയും കണ്ടെത്തിയിട്ടുണ്ട്. ജില്ലയിലിപ്പോള്‍ 2213 പേരാണ് പ്രത്യേക നിരീക്ഷണത്തിലുള്ളത്. 17 പേര്‍ ആശുപത്രികളിലെ ഐസൊലേഷന്‍ വാര്‍ഡുകളിലാണ്.
കോവിഡ് 19 സ്ഥിരീകരിച്ച രോഗി എത്തിയ മലപ്പുറം വണ്ടൂര്‍ മേഖലയിലെ സ്വകാര്യ ക്ലിനിക്കുകള്‍ അടച്ചു. ക്ലിനിക്കിലെ ഡോക്ടര്‍മാരോടും രോഗി എത്തിയ താലൂക്ക് ആശുപത്രിയിലെ ഡോക്ടറോടും ജീവനക്കാരോടും അവധിയില്‍ പ്രവേശിക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു.






