ഒന്നും അറിഞ്ഞിരുന്നില്ലെന്ന് രജിത് കുമാർ; ബിഗ് ബോസ് ഷൂട്ടിംഗ് നിർത്തുന്നു

ആലുവ- കോവിഡ് രോഗബാധയുമായി ബന്ധപ്പെട്ട് ആൾക്കൂട്ടം പാടില്ലെന്ന സർക്കാർ നിർദേശം അറിഞ്ഞിരുന്നില്ലെന്ന് ഏഷ്യാനെറ്റ്  ചാനലിലെ റിയാലിറ്റി ഷോയിൽ നിന്നു പുറത്തായ രജിത്കുമാർ അവകാശപ്പെട്ടു. അടച്ചിട്ട മുറിയിൽ പുറംലോകവുമായി ബന്ധമില്ലാതെയാണ് ഷോയില്‍ പങ്കെടുത്തിരുന്നതെന്നും   ആലുവ പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യലിനു ശേഷം രജിത് കുമാർ മാധ്യമങ്ങളോട് പറഞ്ഞു. വിമാനത്താവളത്തിൽ തന്നെ സ്വീകരിക്കാൻ ആളുകളെത്തിയത് താൻ പറഞ്ഞിട്ടല്ലെന്നും അദ്ദേഹം പറഞ്ഞു. തന്നോട് ആദരവു പ്രകടിപ്പിക്കാൻ സ്വമേധയാ എത്തിയവർ നിയമക്കുരുക്കിൽപ്പെട്ടതിൽ വേദനയുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

കോവിഡ്–19 പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി വിമാനത്താവളത്തിലെ നിയന്ത്രണങ്ങൾ ലംഘിച്ച് ഫാൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ സ്വീകരണം സംഘടിപ്പിച്ചതിന് രജിത്കുമാറുൾപ്പെടെ 75 പേർക്കെതിരെ നെടുമ്പാശേരി പൊലീസ് കേസ് റജിസ്റ്റർ ചെയ്തിരുന്നു. 

 നെടുമ്പാശേരി സിഐ പി.എം.ബൈജുവിന്റെ നേതൃത്വത്തിൽ മൂന്നു മണിക്കൂറോളം ചോദ്യം ചെയ്ത ശേഷം ജാമ്യത്തിൽ വിട്ടു. കേസുമായി ബന്ധപ്പെട്ട് നിബാസ്‌, അഫ്സൽ, വിപിൻ, ബിനു, ക്രിസ്റ്റിൻ, കിരൺ, നികേഷ്‌, വൈശാഖ്‌, രാഗേഷ്‌, അൻവർ, പരീക്കുട്ടി, ഇബാസ്‌, അനിൽകുമാർ, സോണി, ശ്രുതി എന്നിവരെ നെടുമ്പാശേരി പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചിരുന്നു. 

നിയമവിരുദ്ധമായ സംഘംചേരൽ, കലാപശ്രമം, സർക്കാർ ഉത്തരവ്‌ ലംഘനം, പൊതുഗതാഗത സംവിധാനം തടസ്സപ്പെടുത്തി  ജനങ്ങൾക്ക്‌ അപകടമുണ്ടാക്കൽ തുടങ്ങിയ വകുപ്പുകൾപ്രകാരമാണ്‌ കേസ്‌. വിമാനത്താവളത്തിന്റെ 500 മീറ്റർ പരിധിയിൽ സംഘം ചേരരുതെന്ന ഹൈക്കോടതി ഉത്തരവും ഇവർ ലംഘിച്ചിരുന്നു. ആറ്റിങ്ങലിലും രജിത്തിനു സ്വീകരണമൊരുക്കുമെന്നു പ്രചാരണമുണ്ടായിരുന്നു. 

അതിനിടെ, റിയാലിറ്റി ഷോ ബിഗ് ബോസ് ഉൾപ്പെടെയുള്ള പരിപാടികൾ നിർത്തിവെക്കുമെന്ന് റിപ്പോർട്ടുകളില്ർ പറയുന്നു. കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ ജീവനക്കാരുടെ സുരക്ഷയെ കരുതി നിർമാണ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെക്കുമെന്ന് നിർമാതാക്കളായ എൻഡമോൾ ഷൈൻ ഫെയ്സ് ബുക്ക് പേജിലൂടെ അറിയിച്ചു.

'എൻഡെമോൾ ഷൈൻ ഇന്ത്യ ജീവനക്കാരുടെയും കലാകാരന്മാരുടെയും ആരോഗ്യത്തിനും സുരക്ഷിതത്വത്തിനും ഊന്നൽനൽകുന്നു. കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ ഞങ്ങളുടെ എല്ലാ അഡ്മിനിസ്ട്രേറ്റീവ്, പ്രൊഡക്ഷൻ ഡിപ്പാർട്ട്മെന്റുകളും താൽക്കാലികമായി നിർത്തിവയ്ക്കുന്നു. കൊറോണ വൈറസിന്റെ വ്യാപനം തടയാനുള്ള സർക്കാരിന്റെ ജാഗ്രത നിർദേശങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് തീരുമാനം. ഇതുവരെ കമ്പനിയിൽ ആർക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല. ഈ വെല്ലുവിളി നിറഞ്ഞ സമയത്ത് ഞങ്ങളെ മനസിലാക്കിയ ജീവനക്കാരെ അഭിനന്ദിക്കുന്നു.എല്ലാവരും സുരക്ഷിതമായിരിക്കുക. നിങ്ങളെ രസിപ്പിക്കാൻ വൈകാതെ തിരിച്ചെത്താനാകുമെന്ന് പ്രതീക്ഷിക്കുന്നു'- എൻഡെമോൾ കുറിപ്പില്‍ പറയുന്നു.

Latest News