കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ് ബംഗളൂരുവില്‍ കസ്റ്റഡിയില്‍

ബംഗളൂരു- കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗിനെ കർണ്ണാടക പോലീസ് കസ്റ്റഡിയിലെടുത്തു. മധ്യപ്രദേശിലെ വിമത എം.എൽ.എമാരെ താമസിപ്പിച്ച റിസോർട്ടിന് മുന്നിൽ ധർണയിരുന്നതിനാണ് ഇദ്ദേഹത്തെ പോലീസ് കസ്റ്റഡിയിലെടുത്തത്.

അവർ തിരിച്ചുവരുമെന്നാണ് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നതെന്നും എന്നാൽ  അവരെ തടവിലാക്കിയതാണ് കണ്ടതെന്നും ദിഗ് വജിയ് സിംഗ് പറഞ്ഞു. അവരുടെ കുടുംബങ്ങളിൽ നിന്ന് സന്ദേശങ്ങൾ ലഭിച്ചിരുന്നു. ഞാൻ അഞ്ച് എം‌എൽ‌എമാരുമായി വ്യക്തിപരമായി സംസാരിച്ചു. ബന്ദികളാണെന്നും തങ്ങളുടെ ഫോണുകൾ തട്ടിയെടുത്തുവെന്നും അവർ എന്നോട് പറഞ്ഞു'- സിംഗ് കൂട്ടിച്ചേർത്തു.

ഇന്ന് പുലർച്ചെയാണ് ദിഗ്‌വിജയ് സിംഗ് ബംഗളൂരുവിൽ എത്തിയത്. കർണാടക കോൺഗ്രസ് അദ്ധ്യക്ഷൻ ഡി.കെ ശിവകുമാർ അദ്ദേഹത്തെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്തിയിരുന്നു. മധ്യപ്രദേശിൽ 48 മണിക്കൂറിനകം വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നേതാക്കള്‍ സമർപ്പിച്ച ഹരജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും.

Latest News