ലോകകപ്പ് ഫുട്‌ബോൾ:  ടീമുകളുടെ എണ്ണം 48 ആക്കാൻ തീരുമാനം

ഫിഫ ആസ്ഥാനത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ ഇൻഫാന്റിനോ സംസാരിക്കുന്നു

 

സൂറിച്ച്- ലോകകപ്പ് ഫുട്‌ബോളിൽ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം 48 ആക്കി ഉയർത്താൻ തീരുമാനം. 2026 മുതൽ നടക്കാനിരിക്കുന്ന ലോകകപ്പ് ഫുട്‌ബോളിലാണ് ടീമുകളുടെ എണ്ണം കൂട്ടാൻ ഫിഫ ഏകകണ്ഠമായി തീരുമാനിച്ചത്. പ്രാഥമികഘട്ടത്തിൽ മൂന്നു ടീമുകൾ വീതമുള്ള 16 ഗ്രൂപ്പുകളായി തിരിക്കാനാണ് തീരുമാനമെന്ന് ഫിഫ ട്വിറ്ററിലൂടെ അറിയിച്ചു. ഒരോ ഗ്രൂപ്പിൽനിന്നും കൂടുതൽ പോയിന്റ് നേടുന്ന രണ്ടു ടീം പ്രീക്വാർട്ടറിൽ എത്തും.
ടീമുകളുടെ എണ്ണം കൂട്ടണമെന്നത് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയുടെ സ്വപ്‌നപദ്ധതികളിലൊന്നായിരുന്നു. നിലവിൽ 32 ടീമുകളാണ് ലോകകപ്പ് ഫുട്‌ബോളിൽ പങ്കെടുക്കുന്നത്. 
ടീമുകളുടെ എണ്ണം ഉയർത്തുന്നതോടെ ഏഷ്യ അടക്കമുള്ള കോൺഫെഡറേഷനുകൾക്ക് കൂടുതൽ ടീമുകളെ പങ്കെടുപ്പിക്കാനാകും. നിലവിൽ നാല് ടീമുകളാണ് ഏഷ്യൻ കോൺഫെഡറേഷനിൽ നിന്ന് നേരിട്ട് യോഗ്യത നേടുന്നത്.
ടീമുകളുടെ എണ്ണം കൂട്ടുന്നതോടെ കൂടുതൽ വരുമാനമുണ്ടാക്കാനാകുമെന്നാണ് വിലയിരുത്തൽ. ഇതിന് പുറമെ ഫുട്‌ബോളിന്റെ പ്രചാരം നിലവിലുള്ളതിനേക്കാളേറെ കൂട്ടാൻ കഴിയുമെന്നും കരുതപ്പെടുന്നു. 
ടീമുകളുടെ എണ്ണം കൂട്ടാനുള്ള തീരുമാനത്തെ അനുകൂലിക്കുന്നതായി ഫുട്‌ബോൾ ഇതിഹാസം മറഡോണ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഇതേവരെ ലോകകപ്പിലേക്ക് എത്താനാകാത്ത നിരവധി ടീമുകൾക്ക് ഇതുവഴി അവസരം ലഭിക്കുമെന്നും മറഡോണ അവകാശപ്പെട്ടിരുന്നു. ഓരോ മേഖലക്കും അനുവദിക്കേണ്ട ടീമുകളുടെ എണ്ണം സംബന്ധിച്ച് തീരുമാനമായിട്ടില്ല. ഇത് പിന്നീട് വിശദമായ ചർച്ചയിലൂടെ തീരുമാനിക്കും. ലോകകപ്പിന്റെ തുടക്കത്തിൽ 13 രാജ്യങ്ങളാണ് പങ്കെടുത്തിരുന്നത്. 1982-ൽ ടീമുകളുടെ എണ്ണം 24 ആക്കി ഉയർത്തി. 1998-ൽ ഫ്രാൻസിൽ നടന്ന ലോകകപ്പ് മുതലാണ് ടീമുകളുടെ എണ്ണം 32-ലെത്തിയത്.  

 

Latest News