കൊറോണ: ചൈനയില്‍ വിവാഹ മോചിതര്‍ കൂടുന്നു 

ബെയ്ജിംഗ്- വന്‍തോതില്‍ വിവാഹമോചന നിരക്ക് ഉയര്‍ന്നതായാണ് ചൈനീസ് മാര്യേജ് രജിസ്ട്രി നല്‍കുന്ന വിവരം. കൊറോണാവൈറസ് മൂലം സ്വയം ഐസൊലേഷനിലേക്ക് പോയതോടെ ദമ്പതികള്‍ കൂടുതല്‍ സമയം ഒന്നിച്ച് ചെലവഴിച്ചതാണ് വിവാഹ മോചനത്തില്‍ കലാശിക്കാന്‍ കാരണമായതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.
'വിവാഹമോചനം മുന്‍പത്തേക്കാള്‍ ഏറെ ഉയര്‍ന്നിട്ടുണ്ട്. യുവാക്കള്‍ കൂടുതല്‍ സമയം വീട്ടില്‍ ചെലവഴിക്കുന്നു. ചെറിയ കാര്യങ്ങള്‍ക്ക് പോലും ചൂടേറിയ വാഗ്വാദങ്ങളിലേക്ക് ഇവര്‍ നീങ്ങുകയും, വിവാഹമോചനത്തിലേക്ക് എടുത്ത് ചാടുകയുമാണ്', സിഷ്വാന്‍ പ്രവിശ്യയിലെ ഡാസോവുവിലെ മാര്യേജ് രജിസ്ട്രി മാനേജര്‍ ലു ഷിജുന്‍ പ്രദേശിക മാധ്യമങ്ങളോട് പറഞ്ഞു.
ഈ മേഖലയില്‍ ഫെബ്രുവരി 24 മുതല്‍ മുന്നൂറിലേറെ ദമ്പതികളാണ് വിവാഹമോചനം നേടാന്‍ അപ്പോയിന്റ്‌മെന്റ് നിശ്ചയിച്ചിരിക്കുന്നത്. ചൈനയിലെ വുഹാന്‍ പ്രവിശ്യയില്‍ നിന്നാണ് കൊറോണാവൈറസ് ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പടര്‍ന്നുപിടിച്ചത്. കൊറോണയെ പ്രതിരോധിക്കാന്‍ പാടുപെടുമ്പോള്‍ നഗരങ്ങള്‍ അടച്ചുപൂട്ടി ചൈന വൈറസിനെ ഫലപ്രദമായി തടഞ്ഞ് വരികയാണ്.പ്രാഥമിക ഘട്ടത്തില്‍ വൈറസിനെ നേരിടാന്‍ ചൈന കാണിച്ച അലംഭാവമാണ് ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വൈറസ് പടരാന്‍ കാരണമായതെന്ന ആരോപണം രൂക്ഷമാണ്.

Latest News