മുംബൈ- ആദ്യമായി എത്തുന്ന ഇരുനൂറ് രൂപാ നോട്ടുകള്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഇന്നു മുതല്‍ വിതരണം തുടങ്ങും. തെരഞ്ഞെടുത്ത റിസര്‍വ് ബാങ്ക് ഓഫീസുകള്‍ വഴിയും ഏതാനും ബാങ്കുകള്‍ വഴിയുമാണ് വിതരണം. അതേസമയം എടിഎമ്മില്‍ ഉടന്‍ ലഭിക്കില്ല. 200 രൂപാ നോട്ടുകള്‍ സൂക്ഷിക്കാന്‍ മെഷീനുകള്‍ റീകാലിബറേറ്റ് ചെയ്യേണ്ടതിനാലാണിത്. രാജ്യത്തിന്റെ സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്ന സാഞ്ചി സ്തൂപം പുതിയ നോട്ടിന്റെ പിറകു വശത്ത് ഇടം നേടിയിട്ടുണ്ട്. ലോകത്തെ ഏറ്റവും പഴക്കമേറിയ ബുദ്ധമത സ്മാരകമാണ് മധ്യപ്രദേശിലെ സാഞ്ചിയിലേത്.
കടുംനിറത്തിലുള്ള മഞ്ഞയാണ് നോട്ടിന്റെ നിറം. പുതിയ 200, 500 രൂപാ നോട്ടുകളുടെ രൂപവും ഭാവവുമുള്ള 200 രൂപാ നോട്ടില്‍ കേന്ദ്ര സര്‍ക്കാരിന്റെ സ്വച്ഛ ഭാരത് പദ്ധതിയുടെ ലോഗായും മുദ്രാവാക്യവും ഉണ്ട്. നിലവില്‍ 20 രൂപാ 50 രൂപാ നോട്ടുകളുടെ വിതരണം പോലെ ബാങ്കുകള്‍ മുഖേനയാണ് 200 രൂപ നോട്ടുകളു വിതരണം ചെയ്യുക.
200 രൂപാ നോട്ടിന്റെ നീളം അല്‍പ്പം വ്യത്യസ്തമായതിനാല്‍ എടിഎമ്മുകളിലെ നോട്ട് സൂക്ഷിക്കുന്ന തട്ട് ഈ വലിപ്പത്തിനനുസൃതമാക്കി സെറ്റ് ചെയ്യേണ്ടതുണ്ട്. എഞ്ചിനീയര്‍മാര്‍ ഇതു ചെയ്ത് പരീക്ഷിച്ച ശേഷം മാത്രമേ പുതിയ നോട്ടുകള്‍ എടിഎമ്മുകളില്‍ ലഭ്യമായിത്തുടങ്ങൂ.