കൊലക്കയറിന് ഇനി ദിവസങ്ങള്‍ മാത്രം ; നിര്‍ഭയ കേസ് പ്രതിയുടെ ഭാര്യ വിവാഹമോചന കേസ് നല്‍കി


ഔറംഗാബാദ്- നിര്‍ഭയ കേസ്  പ്രതി അക്ഷയ് താക്കൂറിന്റെ ഭാര്യ വിവാഹമോചന കേസ് നല്‍കി. ബിഹാറിലെ ഔറാംഗാബാദിലെ പ്രാദേശിക കുടുംബ കോടതിയിലാണ് അക്ഷയ് താക്കൂറിന്റെ ഭാര്യയായ പുനിത ദേവി ഹരജി നല്‍കിയിരിക്കുന്നത്. ''തന്റെ ഭര്‍ത്താവ് നിര്‍ഭയ കേസിലെ പ്രതിയാണ്. പക്ഷേ അദ്ദേഹം നിരപരാധിയാണ്. എന്നാല്‍ അദ്ദേഹത്തെ മാര്‍ച്ച് 20ന് തൂക്കിലേറ്റും. ഒരു വിധവയായി ജീവിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്ന് '' അവര്‍ പറഞ്ഞു.

കൂട്ടബലാല്‍സംഗ കേസിലെ പ്രതിയായ അക്ഷയ് താക്കൂറിന്റെ ഭാര്യയാണ് തന്റെ കക്ഷിയെന്നും അവര്‍ക്ക് ഹിന്ദുമാര്യേജ് ആക്ട് പ്രകാരം വിവാഹമോചനം അനുവദിക്കണമെന്നും അഡ്വ. മുകേഷ് കുമാര്‍ സിങ് കോടതിയില്‍ ആവശ്യപ്പെട്ടു.
ഔറംഗബാദ് ജില്ലയിലെ ലഹംഗ്കര്‍മ ഗ്രാമവാസിയാണ് അക്ഷയ് താക്കൂര്‍. മറ്റ് മൂന്ന് പേര്‍ക്കൊപ്പം മാര്‍ച്ച് 20നാണ് നിര്‍ഭയ കൂട്ടബലാല്‍സംഗ കേസില്‍ അദ്ദേഹത്തെ തൂക്കിലേറ്റുന്നത്. വിവാഹമോചന ഹരജിയില്‍ മാര്‍ച്ച് 19നാണ് വാദം കേള്‍ക്കുക. അതേസമയം വധശിക്ഷ നീട്ടിവെക്കാനുള്ള അടുത്ത തന്ത്രമാണ് ഈ വിവാഹമോചന കേസെന്ന് ചില അഭിഭാഷകര്‍ നിരീക്ഷിച്ചു.
 

Latest News