വരന് പ്രായം 12, വധുവിന് 10 വയസ്സ്  പോലീസ് കേസെടുത്തു 

ബറേലി, യു.പി-  അസുഖ ബാധിതയായ മുത്തശ്ശിയ്ക്ക് അവരുടെ അന്തിമാഭിലാഷം സാധിച്ചു കൊടുത്ത് ബന്ധുക്കള്‍ കുടുങ്ങി!!മുത്തശ്ശിയ്ക്ക് തന്റെ പേരക്കുട്ടിയുടെ വിവാഹം നടന്നു കാണണമെന്നായിരുന്നു ആഗ്രഹം. അതനുസരിച്ച് 10 വയസ്സുകാരിയായ പെണ്‍കുട്ടിയ്ക്ക് പറ്റിയ വരനെയും മാതാപിതാക്കള്‍ കണ്ടെത്തി. മുത്തശ്ശിയുടെ ആഗ്രഹപ്രകാരം 10 വയസ്സുകാരിയായ പെണ്‍കുട്ടിയും 12 വയസ്സുകാരനായ വരനും തമ്മിലുള്ള വിവാഹം ഹൈന്ദവ ആചാര പ്രകാരം മാതാപിതാക്കള്‍ നടത്തുകയായിരുന്നു.ഉത്തര്‍പ്രദേശിലെ ബറേലിയ്ക്കടുത്ത് ഇനായത്ത്പുര്‍ ഗ്രാമത്തിലാണ് ശൈശവ വിവാഹം നടന്നത്. എന്നാല്‍,  10 വയസ്സുകാരിയും 12 വയസ്സുകാരനും തമ്മിലുള്ള വിവാഹം പുറത്തറിഞ്ഞതോടെ സംഭവത്തില്‍ പോലീസ് ഇടപെട്ടു. കഴിഞ്ഞയാഴ്ചയായിരുന്നു ശൈശവ വിവാഹം നടന്നത്. അസുഖബാധിതയായ പെണ്‍കുട്ടിയുടെ മുത്തശ്ശിയുടെ അന്തിമാഭിലാഷമെന്ന നിലയിലാണ് വിവാഹ ചടങ്ങുകള്‍ സംഘടിപ്പിച്ചതെന്നായിരുന്നു ബന്ധുക്കള്‍ പോലീസിന് നല്‍കിയ വിശദീകരണം. കൂടാതെ, ചടങ്ങുകളുടെ ഒരുഘട്ടം മാത്രമേ നടത്തിയിട്ടുള്ളൂവെന്നും ബാക്കി ചടങ്ങുകള്‍ ഇരുവര്‍ക്കും പ്രായപൂര്‍ത്തിയായതിന് ശേഷം മാത്രമേ നടത്തൂവെന്നും ബന്ധുക്കള്‍ പറഞ്ഞു.
ശൈശവ വിവാഹത്തിനെതിരെ ഉത്തര്‍ പ്രദേശ് പോലീസ് കേസെടുത്തു. കൂടാതെ, പെണ്‍കുട്ടിയുടെയും ആണ്‍കുട്ടിയുടെയും മാതാപിതാക്കള്‍ക്കെതിരേ  എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതായും അന്വേഷണം തുടരുകയാണെന്നും ഫരീദ്പുര്‍ എ.എസ്.പി. അഭിമന്യൂ മാംഗ്ലിക് പറഞ്ഞു.

Latest News