ബുധനാഴ്ച മുതല്‍ യെസ് ബാങ്ക് വീണ്ടും പ്രവര്‍ത്തനനിരതമാകും; പുന:രുജ്ജീവന പദ്ധതി നിശ്ചയിച്ച് സര്‍ക്കാര്‍


കൊച്ചി- കടുത്ത പ്രതിസന്ധിയെ നേരിടുന്ന യെസ് ബാങ്ക് ബുധനാഴ്ച മുതല്‍ പ്രവര്‍ത്തനനിരതമാകും. വ്യാഴാഴ്ച്ച മുതല്‍ ബാങ്കിലെത്തുന്നവര്‍ക്ക് എല്ലാവിധ സേവനങ്ങളും ലഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. മുഴുനീള ബാങ്കിങ് സേവനങ്ങള്‍ ബുധനാഴ്ച്ച മുതല്‍ പുനരാരംഭിക്കും. തങ്ങളുടെ 1132 ശാഖകളില്‍ ഏത് സന്ദര്‍ശിച്ചാലും ഉന്നത നിലവാരത്തിലുള്ള സേവനം ലഭിക്കും. എല്ലാ ഡിജിറ്റല്‍ സേവനങ്ങളും മറ്റ് പ്ലാറ്റ്‌ഫോമുകളും ലഭ്യമാകുകയും ചെയ്യുമെന്നും ട്വിറ്റര്‍ പ്രസ്താവനയിലൂടെ ബാങ്ക് വ്യക്തമാക്കി. തകര്‍ച്ചയിലേക്ക് കൂപ്പ് കുത്തിയ ബാങ്കിന്റെ പുതിയ സിഇഒയും മാനേജിങ് ഡയറക്ടറുമായി പ്രശാന്ത് കുമാര്‍ ഈ മാസം അവസാനം ചുമതലയേല്‍ക്കുമെന്ന്  സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. വെള്ളിയാഴ്ച്ചയാണ് യെസ് ബാങ്ക് പുനര്‍ നിര്‍മാണ പദ്ധതി 2020 നോട്ടിഫിക്കേഷന്‍ സര്‍ക്കാര്‍ പുറത്തിറക്കിയത്.

പ്രശാന്ത് കുമാറിന് കരുത്തേകാന്‍ യെസ് ബാങ്കിന്റെ നോണ്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാനായി സുനില്‍ മെഹ്തയും നോണ്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരായി മഹേഷ് കൃഷ്ണമൂര്‍ത്തി, അതുല്‍ബേദ തുടങ്ങിയവരെയും നിശ്ചയിച്ചിട്ടുണ്ട്. 2004ല്‍ തുടങ്ങിയ യെസ്ബാങ്കിന്റെ വളര്‍ച്ച ത്വരിതഗതിയിലായിരുന്നു.കേരളത്തില്‍ മാത്രം 25ഓളം ശാഖകളാണ് ബാങ്കിനുള്ളത്. കിട്ടാക്കടത്തിന്റെ വന്‍ വര്‍ധനവും നിക്ഷേപത്തിലെ കുറവും പുതിയ മൂലധനം കണ്ടെത്തുന്നതിലെ വീഴ്ചയുമാണ് യെസ്ബാങ്കിനെ പ്രതിസന്ധികളിലേക്ക് തള്ളിവിട്ടത്. എന്നാല്‍ കിട്ടാക്കടം ഇത്രത്തോളം വര്‍ധിച്ച് ബാങ്കിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന വിധത്തിലേക്ക് എത്തുന്നത് വരെ ആര്‍ബിഐ എന്തുകൊണ്ട് ഇടപെട്ടില്ലെന്ന് ചോദ്യങ്ങളുയരുന്നു.

പുന:രുജ്ജീവന പദ്ധതി
യെസ്ബാങ്ക് പുന:രുജ്ജീവന പദ്ധതി പ്രകാരം നിരവധി മാനദണ്ഡങ്ങളാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഇത് അനുസരിച്ചാണ് ബാങ്കിന്റെ തലപ്പത്ത് അഴിച്ചുപണി നടത്തിയിട്ടുണ്ട് സര്‍ക്കാര്‍. പ്രശാന്ത് കുമാറിനെ ബാങ്കിന്റെ സിഇഓയും മാനേജിങ് ഡയറക്ടറുമായി നിശ്ചയിച്ചു. കൂടാതെ ബാങ്കിന്റെ 49% ഷെയറുകളുടെ കൈവശ അവകാശം എസ്ബിഐയ്ക്കാണ് നല്‍കിയിരിക്കുന്നത്. ഐസിഐസിഐ ബാങ്ക്,എച്ച്ഡിഎപ്‌സി ,ആക്‌സിസ് ബാങ്ക്,കൊട്ടക് മഹീന്ദ്ര ബാങ്ക്,ഫെഡറല്‍ ബാങ്ക്,ബന്ധന്‍ ബാങ്ക് തുടങ്ങിയ സ്ഥാപനങ്ങളും എസ്ബിഐയെ കൂടാതെ യെസ് ബാങ്കില്‍ നിക്ഷേപം നടത്തുന്നുണ്ട്. പണം പിന്‍വലിക്കുന്നതിന് അമ്പതിനായിരം രൂപയാക്കി നേരത്തെ  നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
 

Latest News