Sorry, you need to enable JavaScript to visit this website.
Wednesday , July   15, 2020
Wednesday , July   15, 2020

വർണ ദീപ്തം ലക്ഷദ്വീപ്

നാൽപത് വർഷത്തെ സൗദി പ്രവാസമവസാനിപ്പിച്ച് നാട്ടിൽ കൂടിയ ശേഷം  ഈജിപ്ത്, ഇസ്‌റായിൽ, ജോർദാൻ, ഫലസ്തീൻ, സിങ്കപ്പൂർ, മലേഷ്യ തുടങ്ങിയ രാജ്യങ്ങൾ സന്ദർശിക്കാൻ തെരഞ്ഞെടുത്ത ഗ്രൂപ്പ് തന്നെയാണ് ഈ യാത്രക്കും തെരഞ്ഞെടുത്തത്..
നവംബർ മാസം ദ്വീപ് യാത്രക്ക് ഒരുങ്ങുമ്പോൾ കൊച്ചിയിൽ നിന്നും കപ്പലിലും മടക്കം അഗത്തിയിൽ നിന്നും വിമാനത്തിലും എന്നാണ് പറഞ്ഞിരുന്നത്. ഒരു ദിവസം മുഴുവൻ കപ്പലിൽ ഉണ്ടാവും എന്ന വാഗ്ദാനം കൂടിയാണ് ഇത്തരമൊരു യാത്രക്ക് ശട്ടം കെട്ടിയത്. പേരക്കുട്ടികളും പോരുന്നു എന്ന് പറഞ്ഞതോടെ ഞങ്ങൾ ആറ് മുതിർന്നവരും രണ്ട് കുട്ടികളും യാത്രക്ക് തയാറെടുത്തു.
ട്രഷറിയിൽ ഓരോരുത്തർക്കും 555 രൂപ വീതമുള്ള ചലാൻ അടച്ച് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിന് വേണ്ടി പോലീസ് സ്‌റ്റേഷനിൽ കൊടുത്തു. മൂന്നാല് ദിവസം കൊണ്ട് പോലീസ് അന്വേഷണമൊക്കെ കഴിഞ്ഞ് പിസിസി കിട്ടി. അപ്പോൾ ആണ് പറഞ്ഞത് കപ്പലിന്റെ കാര്യം സംശയമാണെന്ന്. ഒരു മാസം കഴിഞ്ഞാണെങ്കിൽ ചിലപ്പോൾ മടക്കം കപ്പലിൽ ശരിയാക്കാം എന്നും ഉറപ്പ് നൽകി; അങ്ങനെ ഒരു ഫാമിലിക്ക് ശരിയാക്കി കൊടുത്തിട്ടുണ്ടെന്നും വിശദീകരണം.
പക്ഷേ വീണ്ടും അറിയിപ്പ് വന്നു കപ്പൽ യാത്രക്ക് ബുദ്ധിമുട്ടാണെന്ന്. ഏതായാലും ഒരുങ്ങിയതല്ലേ വിമാനത്തിൽ ആയാലും പോകാം എന്ന് തീരുമാനിക്കുകയായിരുന്നു. വല്ലിപ്പ പെട്ടെന്ന് മരിച്ചതിനാൽ മരുമകളും രണ്ട് കുട്ടികളും യാത്ര കാൻസൽ ചെയ്തതിനാൽ മൂന്ന് പേർക്കും കൂടി മുപ്പതിനായിരം രൂപയോളം ട്രാവൽ ഏജന്റിന് കാൻസലേഷൻ ചാർജ് ആയി നൽകേണ്ടി വന്നത് ഓർക്കാൻ വയ്യ.
ദ്വീപിൽ പോകാൻ ഒഫീഷ്യൽ പേപ്പേഴ്‌സ് ശരിയാക്കുക എന്നത് യൂറോപ്പിൽ പോകുന്നതിനേക്കാൾ ബുദ്ധിമുട്ട് ഉള്ളതായി തോന്നി.
ജനുവരി 16 ന് വ്യാഴാഴ്ച രാത്രി ഞങ്ങൾ ലോ ഫ്‌ളോർ ബസിലാണ് നെടുമ്പാശ്ശേരിയിലേക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. കോട്ടക്കൽ ചങ്കുവെട്ടിയിൽ ബസ് എത്തിയത് ഒന്നരക്ക്. അഞ്ച് മണിക്ക് മുമ്പായി കൊച്ചിയിലെത്തി. അഗത്തിയിലേക്കുള്ള ഫ്‌ളൈറ്റ് രാവിലെ എട്ടരക്ക് ആയിരുന്നു. ഒമ്പത് പത്തിന് ഫ്‌ളൈറ്റ് പുറപ്പെട്ടു. ഒന്നേകാൽ മണിക്കൂർ കൊണ്ട് ദീപിലെത്തി.
പിറ്റേന്ന് വെള്ളിയാഴ്ച പതിനൊന്ന് മണിക്ക് മുമ്പായി അഗത്തി റൂമിലെത്തി. ആറേഴ് കിലോമീറ്റർ ചുറ്റളവിൽ ഒരു ദ്വീപും അതിലൊരു ചെറിയ എയർപോർട്ടും. 72 യാത്രക്കാർക്ക് സഞ്ചരിക്കാവുന്ന എയർ ഇന്ത്യയുടെ ഒരു കൊച്ചു ഫ്‌ളൈറ്റ്. നാല് പതിറ്റാണ്ട് നീണ്ട സൗദി ജീവിതത്തിനിടക്ക് വളരെ വലിയ വിമാനങ്ങളിലും വിമാനത്താവളങ്ങളിലും യാത്ര ചെയ്തതിൽ നിന്നും വ്യത്യസ്ത അനുഭവമായിരുന്നു ഇത്.
ഞങ്ങൾ താമസിക്കുന്ന ഫഌറ്റിന്റെ സിറ്റൗട്ടിൽ നിന്നും അടുക്കളയിൽ നിന്നും നോക്കിയാൽ 100-150 മീറ്റർ അകലത്തിൽ കടലാണ് കാണാനാവുക. നീലയും പച്ചയും ആയി കാണുന്ന വെള്ളം കടലിന്റെ ആഴത്തെ സൂചിപ്പിക്കുന്നു. റവയുടെ നിറവും ഭംഗിയുമുള്ള പൂഴി മണൽ.
ബ്രേക്ഫാസ്റ്റ് കഴിച്ച് കഴിഞ്ഞതോടെ ജുമുഅ നമസ്‌കാരത്തിന് രണ്ട് കിലോമീറ്റർ അകലെയുള്ള പള്ളിയിലേക്ക് വാഹനത്തിൽ പോയി. പൗരത്വ ഭേദഗതിക്കെതിരെ ഞായറാഴ്ച നടക്കുന്ന പ്രതിഷേധ മാർച്ചിൽ എല്ലാവരും പങ്കെടുക്കണമെന്ന ആഹ്വാനം ജുമുഅ ഖുതുബക്ക് ശേഷം ഉണ്ടായി. അസർ നമസ്‌കാര ശേഷം അടുത്തുള്ള ബോട്ട് ജെട്ടി കാണാൻ പോയി.


ഞങ്ങൾ അഞ്ച് പേരടക്കം ആകെ പന്ത്രണ്ട് പേരാണ് ഗ്രൂപ്പിൽ ഉണ്ടായിരുന്നത്. കാസർകോട്ട് നിന്നെത്തിയ മുഹമ്മദ് ഹാജി, ഭാര്യ, പേരക്കുട്ടി അഫ്‌സൽ, എടപ്പാൾ സ്വദേശി പ്രകാശൻ (റിയാദ് പ്രവാസിയാണ്), ബംഗളൂരുവിൽ ബിസിനസ് ചെയ്യുന്ന വയനാട് സ്വദേശികളായ ഗഫൂർ, അസീസ് എന്നിവരും അൽഹിന്ദ് ഗ്രൂപ്പിന്റെ പ്രതിനിധി ആഷിഖ് എന്നിവർ. എല്ലാവരും തമാശയും മറ്റും പറഞ്ഞ് നല്ല രസമായിരുന്നു.
ആറ് പേർക്ക് വീതം ഇരിക്കാവുന്ന രണ്ട് വാഹനങ്ങളിൽ ആണ് റോഡ് വഴി യാത്ര ചെയ്തത് എന്നത് ഒരു പോരായ്മ തന്നെ ആയിരുന്നു. ഒരു വാഹനത്തിൽ എല്ലാവരും ആയിരുന്നു എങ്കിൽ കുറച്ച് കൂടി തമാശകൾ ഉണ്ടാവുമായിരുന്നു. ഒരൊറ്റ പെട്രോൾ ബങ്ക് പോലും ഇല്ലാത്ത ദ്വീപിൽ പെട്രോൾ 120 രൂപയ്ക്കാണ് മാസത്തിൽ റേഷൻ കാർഡ് മുഖേന അഞ്ച് ലിറ്റർ കിട്ടുന്നത്. കരിഞ്ചന്തയിൽ ലിറ്ററിന് 150 രൂപയിൽ അധികം വരുമത്രേ.
തെളിമയാർന്ന വെള്ളത്തിൽ മതി മറന്ന് കുളിക്കാം. ഭാഷ പൊതുവെ വ്യത്യാസം ഉണ്ടെങ്കിലും ഒരുവിധം എല്ലാവർക്കും മലയാളം അറിയാം. അധികം യാത്ര ചെയ്യാൻ സ്ഥലം ഇല്ലാത്തതിനാൽ ഏറെ പേരും ബൈക്കുകൾ ആണ് ഉപയോഗിക്കുന്നത്.
തേങ്ങക്ക് വലിപ്പം കുറവെങ്കിലും പറമ്പുകളിൽ തെങ്ങുകൾ ധാരാളമായി ഉണ്ട്. ഒരു ദ്വീപിൽ മുരിങ്ങ കൃഷി ചെയ്തതായി കണ്ടു. കൂടെയുള്ള പ്രകാശൻ ചോദിച്ചു 'ഇങ്ങനെ എന്തുകൊണ്ട് നമ്മുടെ നാട്ടിലും ചെയ്തുകൂടെന്ന്? കൃഷിഭവനിൽ അന്വേഷിച്ചാൽ ആവശ്യമായ നിർദേശങ്ങൾ കിട്ടുമെന്നും' സൂചിപ്പിച്ചു.
കൂടാതെ ഓല മേഞ്ഞ കുടിലുകളിൽ ആടും കോഴി വളർത്തലുകളും ആണ് ജീവിത മാർഗം. വെയിൽ കുറയുന്നതോടെ വീടിന് പുറത്തും ബീച്ചിലും അഞ്ചും ആറും പേരടങ്ങിയ വീട്ടമ്മമാർ സൊറ പറഞ്ഞിരിക്കുന്നത് നിത്യ കാഴ്ചയാണ്. കുട്ടികൾ മണലിൽ പന്ത്, വോളിബോൾ കളികളിൽ മുഴുകുന്നു.
സ്ഫടികം പോലെ തെളിഞ്ഞ വെള്ളം ആണ് കടലിൽ കാണാൻ ആവുക. കുടിക്കാൻ ശുദ്ധി ചെയ്ത വെള്ളം ഒന്നിടവിട്ട ദിവസങ്ങളിൽ പൈപ്പിൽ ലഭ്യമാവും. മറ്റുള്ള ആവശ്യങ്ങൾക്കൊക്കെ ഉപ്പ് വെള്ളം തന്നെ ശരണം. പ്രകൃതിയെ സംരക്ഷിക്കുന്നതിൽ ദ്വീപ് അധികൃതർ കൂടുതൽ ശ്രദ്ധ ചെലുത്തുന്നതായി കാണാം.


 ചെറിയ കടകൾക്കിടെ കുറച്ച് കൂടി വലിപ്പമുള്ള പലചരക്ക് കടകൾ (സൂപ്പർ മാർക്കറ്റുകൾ) കണ്ടു. എല്ലാ കടകളിലും എല്ലാ സാധനങ്ങളിലും കിട്ടും. ഒരു ദീപ് നിവാസി പറഞ്ഞത് കേരളത്തിലേത് പോലെ അല്ല ഇവിടെ സ്വർണക്കടകളിലും മണ്ണെണ്ണ കിട്ടും (ഈ പറഞ്ഞ രണ്ട് കടകളും കാണാനായില്ല). എല്ലാം എല്ലായിടത്തും കിട്ടും എന്നതിന് ഉദാഹരണം പറഞ്ഞതാവാം.
താമസം അഗത്തി ദീപിലായിരുന്നു. ബംഗാരം, തിന്നക്കര, കൽപിറ്റി ദ്വീപുകൾ സന്ദർശിച്ചു. ഇവയൊക്കെ കാണാൻ ബോട്ട് ആണ് ഉപയോഗിക്കുന്നത്.
ശനിയാഴ്ച  രാവിലെ തന്നെ ബംഗാരം ദ്വീപിലേക്ക് യാത്രയായി. കടൽ നല്ല കുറുമ്പിൽ ആയതിനാൽ ആടിയും ഉലഞ്ഞുമാണ് 15 പേർക്ക് ഇരിക്കാവുന്ന ബോട്ട് നീങ്ങിയത്.
അഗത്തി ദ്വീപിലൂടെയാണ് ബങ്കാരം ദ്വീപിലേക്ക് പ്രവേശിക്കുക. ദ്വീപ് സമൂഹത്തിൽ വിദേശികൾക്ക് പ്രവേശനമുള്ളതും, മദ്യപാനം നിരോധിച്ചിട്ടില്ലാത്തതുമായ ഏക ദ്വീപാണ് ഇത്. പവിഴപ്പുറ്റുകളുടെ കലവറയാണ് ബങ്കാരം ദ്വീപ്. 1980 കളിലെ സിനിമകളിൽ കാണുന്ന സാധാ രീതിയിലെ ചായക്കടകളും ഹോട്ടലുകളും ആണ് അവിടെ. 
ദ്വീപ് നിറയെ സുന്ദരമായ വെള്ളമണൽ ഈ ദ്വീപിന്റെ ഒരു പ്രത്യേകതയാണ്. ബങ്കാരം ടൂറിസ്റ്റ് റിസോർട്ട് വിനോദ സഞ്ചാരികൾക്കുള്ള സൗകര്യങ്ങൾ ഒരുക്കുന്നു. 60 ചാരുകിടക്കകളും വിവിധ തരം ഭക്ഷണം ലഭിക്കുന്ന ഭക്ഷണശാലയും ഇവർ വിനോദ സഞ്ചാരികൾക്കായി ഒരുക്കിയിട്ടുണ്ട്.
കടൽ ആഴമില്ലാത്ത സ്ഥലം വെള്ളയായും ആഴമുള്ള ഭാഗം നീല നിറത്തിലും പച്ച നിറത്തിലും കാണാം. വെള്ളയും നീലയും പച്ചയും നിറങ്ങളിൽ കാണുന്ന കടൽ വെള്ളം ഏറെ മനോഹരവും കണ്ണിന് കുളിര് നൽകുന്നതുമാണ്.
ചുറ്റിലും പവിഴപ്പുറ്റുകൾ, വിവിധ വർണങ്ങളായി വിരിഞ്ഞ് നിൽക്കുന്ന കടൽ പുഷ്പങ്ങൾ, വിവിധ വർണങ്ങളായ മീനുകൾ, കടൽ ചെടികൾ, നുരഞ്ഞ് പൊങ്ങുന്ന തിരമാലകൾക്ക് മുകളിലൂടെ അതിനു പോകാനാവുന്നത്ര വേഗത്തിൽ ബോട്ട് നീങ്ങി. ബോട്ടിന്റെ ഏറ്റവും മുൻവശത്ത് കയറിയിരുന്ന് ഓളങ്ങളിലെ ഉയർച്ച താഴ്ചകൾക്കനുസരിച്ച് പൊങ്ങിയും താഴ്ന്നും ഉള്ള ആ യാത്ര കൂടുതൽ ഓർമയിൽ നിർത്താൻ പാകത്തിലുള്ള ഒന്നായിരുന്നു.
റൂമിൽ നിന്നും ബ്രേക്ഫാസറ്റ് കഴിച്ച ശേഷം പോരുമ്പോൾ കരുതിയിരുന്ന ഉച്ചഭക്ഷണം ബോട്ടിൽ നിന്നും കഴിച്ചുകൊണ്ട് തിന്നക്കര ദ്വീപിലേക്ക് യാത്രയായി.
കടലിന്റെ ആഴം വളരെ കുറവായിരുന്നു ആ ഇടങ്ങളിൽ. താഴെയുള്ള പവിഴപ്പുറ്റുകളും കോറലുകളും വളരെ വ്യക്തമായി കാണാം. അത്രയും തെളിഞ്ഞ വെള്ളം. 
ബങ്കാരം ദ്വീപ് സന്ദർശിച്ച് രാത്രിയോടെ താമസ സ്ഥലത്ത് മടങ്ങി എത്തിയപ്പോൾ അവിടത്തെ ഒരു പ്രാദേശിക രാഷ്ട്രീയ നേതാവിനെ പരിചയപ്പെടാനായി. അദ്ദേഹം ഉച്ചക്ക് ഞങ്ങളുടെ താമസ സ്ഥലത്ത് വന്നിരുന്നു എന്നും കേരളത്തിൽ നിന്നെത്തിയ സന്ദർശകർ ബങ്കാരം ദ്വീപിലേക്ക് പോയിട്ടുണ്ടെന്നും അറിഞ്ഞപ്പോൾ കടൽ പ്രക്ഷുബ്ധമായതിനാൽ പലരും അങ്ങോട്ടുള്ള യാത്ര മാറ്റി വെച്ചിട്ടുണ്ടെന്നും മടങ്ങി എത്തിയോ എന്നറിയാൻ വീണ്ടും വന്നതാണെന്നും പറഞ്ഞു. ബോട്ട് ആടിയുലഞ്ഞുകൊണ്ടായിരുന്നു പോയിരുന്നത്. ഞങ്ങളുടെ കൂടെയുള്ള ഒന്ന് രണ്ട് പേർ ഛർദിക്കാനും ഇടയായി.
നാളത്തെ പൗരത്വ ഭേദഗതിക്കെതിരെ നടക്കുന്ന റാലിയിൽ താങ്കൾ പങ്കെടുക്കുന്നില്ലേ എന്ന എന്റെ ചോദ്യത്തിന് ഇല്ലെന്നും കേന്ദ്രം നേരിട്ട് ഭരിക്കുന്ന സ്ഥലമായതിനാൽ വിട്ടുനിൽക്കുമെന്നും പറഞ്ഞെങ്കിലും കോൺഗ്രസുകാരനായ അദ്ദേഹം മുസ്‌ലിം  ലീഗ് മലപ്പുറം ജില്ലയിൽ നടത്തിയ പ്രതിഷേധ റാലിയിൽ മുമ്പു പങ്കെടുത്തതും സമദാനിയുടെ പ്രസംഗം കേട്ടതും ആവേശത്തോടെ പറയുകയുണ്ടായി!
ദീർഘകാലം ജിദ്ദയിൽ ഇന്ത്യൻ കോൺസുലേറ്റ്, ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂൾ എന്നിവിടങ്ങളിൽ ജോലി ചെയ്തിരുന്ന, മുൻ കേന്ദ്ര മന്ത്രി യശ്ശശരീരനായ പി.എം. സൈദിന്റെ ബന്ധു കൂടിയായ റഹ്മത്തുല്ല  ഫോണിൽ ബന്ധപ്പെട്ട് എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്തിരുന്നു. 
ദ്വീപുകാർക്ക് അവരുടേതായ രീതിയിലെ പലഹാരങ്ങളും മറ്റ് വിഭവങ്ങളും ഉണ്ട്. ദ്വീപ് ഉണ്ട, ദ്വീപ് ശർക്കര, ഉണക്ക മാസ് മൽസ്യം എന്നിവയാണ് സന്ദർശകർ മടങ്ങുമ്പോൾ കൊണ്ടു പോകുന്നത്. എല്ലാം മറന്ന് നഗര തിരക്കുകളിൽ നിന്നും വിട്ടുമാറി കുറച്ച് ദിവസങ്ങൾ അവിടെ ചെിവഴിച്ചാൽ അത് തീർച്ചയായും ജീവിതത്തിൽ മറക്കാനാവാത്ത ഒരേടായിരിക്കും.
ദ്വീപ് യാത്രയിൽ ഏറ്റവും രസകരവും എക്കാലവും ഓർമിക്കാവുന്നതും ആയിരുന്നു അര മണിക്കൂർ കടലിനടിയിൽ ചെലവഴിച്ച സ്‌കൂബാ ഡൈവിംഗ്. ആൻജിയോ പ്ലാസ്റ്റി ചെയ്ത വ്യക്തിയായതിനാൽ പരിശീലകൻ ആദ്യമൊക്കെ എതിർപ്പ് പ്രകടിപ്പിച്ചു. എങ്കിലും എന്റെ സ്വന്തം റിസ്‌കിൽ സമ്മതം നൽകുകയായിരുന്നു.
നല്ല സ്‌നേഹമുള്ള നിഷ്‌കളങ്കരായ ആളുകൾ. സർക്കാർ അധീനതയിൽ സ്‌ക്യുബ ഡൈവിംഗ് പോലത്തെ ഒട്ടു മിക്ക വാട്ടർ സ്‌പോർട്‌സും ലഭ്യമാണ്. അണ്ടർ വാട്ടർ ഡൈവിംഗിനു പോയാൽ ഡിസ്‌കവറി ചാനൽ തോറ്റുപോവും വിധം കടലിനടിയിലെ ലോകം കാണാം. അക്വാറിയം ഉണ്ടാക്കുന്നത് കടലിനടിയിൽ ദൈവം സൃഷ്ടിച്ച വസ്തുക്കൾ കോപ്പി അടിച്ചതാണെന്നത് സത്യം.
ഏതൊരു അവശ്യ വസ്തുക്കളും കേരളത്തിൽ നിന്നും കൊണ്ടുപോവുന്നതുകൊണ്ട് വിലക്കൂടുതൽ ആണ്. അന്നാട്ടിലെ ആളുകൾ ഒട്ടു മിക്കതും കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരും മുക്കുവന്മാരും മാത്രം. വെള്ളിയാഴ്ചകൾ ആണ് പൊതു അവധി. ഞായറാഴ്ചകളിൽ സ്‌കൂളുകളും മറ്റും തുറന്നു പ്രവർത്തിക്കും.

Latest News