ജറൂസലം- പുതിയ കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ സൈബര്‍ നിരീക്ഷണം ആരംഭിക്കുന്നത് വേഗത്തിലാക്കാന്‍ ഇസ്രായില്‍ സര്‍ക്കാര്‍ അടിയന്തര നിയമനിര്‍മാണങ്ങള്‍ നടത്തുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അറിയിച്ചു.
രോഗബാധിതരായ ആളുകളെയും അവരുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവരെയും കണ്ടെത്തുന്നതിന് ഭീകര വിരുദ്ധ സാങ്കേതികവിദ്യ ഉപയോഗിക്കാനുള്ള നെതന്യാഹുവിന്‍റെ തീരുമാനത്തിനെതിരെ പൗരാവകാശ ഗ്രൂപ്പുകളില്‍ നിന്ന് ശക്തമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണിത്.
ഇത്തരമൊരു നീക്കത്തിന് സാധാരണയായി പാര്‍ലമെന്‍റിന്‍റ അനുമതി ആവശ്യമാണ്. എന്നാല്‍ ഇതു മറികടന്നുകൊണ്ട് 30 ദിവസത്തേക്ക് മാത്രം ഉത്തരവ് പ്രാബല്യത്തില്‍ വരുത്തുന്നതിന് മന്ത്രിസഭ അടിയന്തര ചട്ടങ്ങള്‍ ഏർപ്പെടുത്തുമെന്നാണ് ദേശീയ ടെലിവിഷന്‍ പ്രസംഗത്തില്‍ നെതന്യാഹു പറഞ്ഞിരിക്കുന്നത്.
ഇസ്രായില്‍ ഒരു ജനാധിപത്യ രാജ്യമാണെന്നും പൗരാവകാശങ്ങളും പൊതുജനങ്ങളുടെ ആവശ്യങ്ങളും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിര്‍ത്തുമെന്നും നെതന്യാഹു പറഞ്ഞു. രോഗികളെ കണ്ടെത്തുന്നതിനും വൈറസ് പടരാതിരിക്കുന്നതിനും ഭീകരതക്കെതിരെ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യ ഞങ്ങളെ സഹായിക്കും- അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാല്‍ ഇത് അപകടകരമാണെന്നും ദുരുപയോഗം ചെയ്യുമെന്നും ഇസ്രായിലിലെ അസോസിയേഷന്‍ ഫോര്‍ സിവില്‍ റൈറ്റ് ആരോപിച്ചു.
കൊറോണ വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ രാജ്യത്തെ പൊതുമേഖലാ തൊഴിലാളികള്‍ക്ക് ഒരു മാസത്തെ അവധി നല്‍കുകയും സ്വകാര്യമേഖലയിലെ ജീവനക്കാരെ ജോലിസ്ഥലങ്ങളില്‍ 30 ശതമാനമായി ചുരുക്കുകയും ചെയ്തിട്ടുണ്ട്. ഇതിനകം 300 രോഗബാധയാണ് ഇസ്രായിലില്‍ സ്ഥിരീകരിച്ചത്.
സ്‌കൂളുകള്‍, മാളുകള്‍, റെസ്റ്റോറന്റുകള്‍ തുടങ്ങിയവ അടച്ചതിനു പുറമെ, 10 പേരില്‍ കൂടുതല്‍ ഒത്തുചേരാന്‍ പാടില്ലെന്നും നിർദേശിച്ചു. ആളില്ലാത്ത ചില ഹോട്ടലുകള്‍ രോഗികള്‍ക്കുള്ള ഐസൊലോഷന്‍ കേന്ദ്രങ്ങളാക്കി മാറ്റുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി ഇസ്രായില്‍ പ്രതിരോധ മന്ത്രി പറഞ്ഞു.
കൊറോണ ജാഗ്രത ഇസ്രായില്‍ പാര്‍ലമെന്‍റായ നെസെറ്റിലെ സത്യപ്രതിജ്ഞയെ ബാധിച്ചിരുന്നു. 120 പാര്‍ലമെന്റ് അംഗങ്ങളും പങ്കെടുക്കുന്ന പതിവ് ചടങ്ങിനുപകരം സാമൂഹിക അകലം പാലിക്കുന്നതിനായി സഭാംഗങ്ങള്‍ തിങ്കളാഴ്ച മൂന്ന് ഗ്രൂപ്പുകളായാണ് സത്യപ്രതിജ്ഞ ചെയ്തത്.
കൊറോണ വൈറസിന്റെ ആഘാതം ജൂണ്‍ മാസത്തോടെ കുറയുകയാണെങ്കില്‍ 2020 ല്‍ ഇസ്രായിലിന്റെ സമ്പദ് വ്യവസ്ഥ പൂജ്യത്തിനും ഒരു ശതമാനത്തിനും ഇടയില്‍ വളരുമെന്ന് ധനമന്ത്രാലയത്തിന്റെ മുഖ്യ സാമ്പത്തിക വിദഗ്ധ പറഞ്ഞു. ആരോഗ്യ പ്രതിസന്ധി കൂടുതല്‍ കാലം തുടരുകയാണെങ്കില്‍ മാന്ദ്യം അനിവാര്യമാണെന്നും അവര്‍ പറഞ്ഞു.
അതിനിടെ, 39 കൊറോണ വൈറസ് കേസുകള്‍ അധിനിവേശ വെസ്റ്റ് ബാങ്കില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ജോര്‍ദാനില്‍ നിന്ന് വെസ്റ്റ് ബാങ്കിലേക്ക് വരുന്നവര്‍ 14 ദിവസത്തേക്ക് സ്വയം നിരീക്ഷണത്തിലേക്ക് പോകണമെന്ന് ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം നിർദേശിച്ചു.