ജനീവ- പലരാജ്യങ്ങളിലും കൊറോണ ബാധിതര്‍ വര്‍ധിച്ച പശ്ചാത്തലത്തില്‍ ആശുപത്രികളില്‍ പ്രവേശിപ്പിക്കുമ്പോള്‍ പ്രായമേറിയവര്‍ക്ക് മുന്‍ഗണ നല്‍കണമെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ) മേധാവി ഡോ. ടെഡ്രോസ് അധാനോം ഗബ്രയേസസ് പറഞ്ഞു.
ഒട്ടുമിക്ക രാജ്യങ്ങളിലും രോഗ ബാധ സ്ഥിരീകരിച്ചവര്‍ക്ക് പ്രവേശനം നല്‍കാന്‍ കഴിയാത്തവിധം ആശുപത്രികള്‍ നിറഞ്ഞിരിക്കയാണെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
രോഗികളെ കണ്ടെത്തേണ്ടതും പരിശോധനയും ചികിത്സയും ഉറപ്പുവരുത്തേണ്ടതാണ് പ്രധാന കാര്യങ്ങള്‍. മഹാമാരി തടയുന്നതിനായി രോഗികളെ ക്വാറന്റൈന്‍ ചെയ്യുന്നതോടൊപ്പം രോഗികള്‍ ഇടപഴകിയവരെ കണ്ടെത്തേണ്ടതും സുപ്രധാനമാണെന്ന് അദ്ദേഹം ഉണര്‍ത്തി.
ലോകാരോഗ്യ സംഘടന 15 ലക്ഷം പരിശോധന കിറ്റുകള്‍ 120 രാജ്യങ്ങളില്‍ എത്തിച്ചിട്ടുണ്ട്. ഇതിന്റെ ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ കമ്പനികളുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ലോകത്ത് 1,82,405 പേര്‍ക്കാണ് ഇതുവരെ കൊറോണ സ്ഥിരീകരിച്ചത്. 7154 പേര്‍ മരിച്ചപ്പോള്‍ 79,433 പേര്‍ക്ക് രോഗം ഭേദമായി. ഇന്ത്യയില്‍ 119 പേര്‍ക്കും സൗദി അറേബ്യയില്‍ 133 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.






