കണ്ണൂരില്‍ ബസില്‍ വിദേശികള്‍ കയറിയതിനെ ചൊല്ലി യാത്രികരുടെ ബഹളം; അവസാനം ദമ്പതികള്‍ ഐസൊലേഷനില്‍


കണ്ണൂര്‍- കൊറോണ വൈറസ് വ്യാപകമാകുന്ന സാഹചര്യത്തില്‍ വിദേശികളെയും വിദേശത്ത് നിന്ന് നാട്ടിലെത്തുന്നവരെയും ജനങ്ങള്‍ ഒറ്റപ്പെടുത്തുന്ന സംഭവങ്ങള്‍ വ്യാപകമാകുന്നു. കണ്ണൂരില്‍ കെഎസ്ആര്‍ടിസി ബസില്‍ കയറിയ വിദേശികളെ സഹയാത്രികരുടെ പ്രതിഷേധം കണക്കിലെടുത്ത് പോലിസ് സ്‌റ്റേഷനിലെത്തിച്ചു. മാനന്തവാടിയില്‍ നിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന ബസില്‍ രണ്ട് വിദേശികളെ ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ കണ്ടക്ടറോട് പരാതിപ്പെടുകയും തുടര്‍ന്ന് കണ്ണൂര്‍ ടൗണ്‍ പോലിസ് സ്‌റ്റേഷനിലേക്ക് പോകാന്‍ നിര്‍ദേശിച്ചു.

യാത്രികര്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് ഡ്രൈവര്‍ പോലിസ് സ്‌റ്റേഷനിലെത്തിച്ച് പരാതി പറഞ്ഞു. ഇതേതുടര്‍ന്ന് പോലിസ് ഇടപെട്ട് ഫ്രാന്‍സ് സ്വദേശികളായ ദമ്പതികളെയും കുഞ്ഞിനെയും പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പ്രശ്‌നങ്ങളില്ലാത്തതിനാല്‍ ഇവര്‍ താമസിക്കുന്ന റിസോര്‍ട്ടില്‍ ഐസൊലേഷനില്‍ പാര്‍പ്പിക്കാന്‍ അധികൃതര്‍ തീരുമാനിച്ചു.ഇവര്‍ക്കൊപ്പമുള്ള ടൂറിസ്റ്റ് ഗൈഡും മെഡിക്കല്‍ വിഭാഗത്തിന്റെ നിരീക്ഷണത്തിലാണ്.

Latest News