Sorry, you need to enable JavaScript to visit this website.

ബിഗ് ബോസ് താരത്തിന് വിലക്ക് ലംഘിച്ച് സ്വീകരണം; രണ്ടു പേർ അറസ്റ്റിൽ രജിത്കുമാർ ഒന്നാം പ്രതി

നെടുമ്പാശേരി-കൊറോണ ഭീതി നിലനിൽക്കെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിലക്ക് ലംഘിച്ച് ബിഗ് ബോസ് താരത്തിന് സ്വീകരണം നൽകിയതുമായി ബന്ധപ്പെട്ട് ഡോക്ടർ രജിത് കുമാറിനെ ഒന്നാം പ്രതിയാക്കി 75 പേർക്ക് എതിരെ നെടുമ്പാശ്ശേരി പോലീസ് കേസെടുത്തു . ഇതിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തതായി നെടുമ്പാശ്ശേരി പോലീസ് സർക്കിൾ ഇൻസ്‌പെക്ടർ സി എം ബൈജു  പറഞ്ഞു. ഒക്കൽ സ്വദേശി കല്ലൂർത്തറ വീട്ടിൽ ഷെറീഫ് മകൻ മുഹമ്മദ് അഫ്‌സൽ , ചേലാമറ്റം സ്വദേശി കുഞ്ഞാട്ടു കുന്നേൽ അബ്ദുൾ കരിം മകൻ നിബാസ്  എന്നിവരെ നെടുമ്പാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പരിക്കുട്ടി , കരീം എന്നിവരും പ്രതിപട്ടികയിലുണ്ട് ഇതിന് പുറമെ കണ്ടാൽ അറിയുന്ന 70 പേർ കൂടി പ്രതികളാണ്. ഐ പി സി 324 ,325 ,323 എന്നീ വകുപ്പുകൾ അനുസരിച്ചാണ് കേസെടുത്തിട്ടുള്ളത് .
കോവിഡ് 19 പശ്ചാത്തലത്തിൽ ലോകം മുഴുവൻ ജാഗ്രതയിൽ നിൽക്കുമ്പോഴാണ് ടി വി ഷോയിലെ മത്സരാർത്ഥിക്ക് ഫാൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഞായറാഴ്ച്ച രാത്രിയി പത്ത് മണിയ്ക്ക് കൊച്ചി അന്താരാഷ്ട്ര  വിമാനത്താവളത്തിൽ സ്വീകരണം സംഘടിപ്പിച്ചത്. വിമാനത്താവളത്തിലെ എല്ലാ സുരുക്ഷ മാനദണ്ഡങ്ങളും ഇവർ ലംഘിച്ചിരുന്നു . കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ 500 മീറ്റർ അകലത്തിൽ സമരം ചെയ്യുന്നതും സംഘം ചേരുന്നതും നിരോധിച്ചിട്ടുള്ളതാണ് .ഇവിടെ സ്വീകരണത്തിന് വന്നെത്തിയ ആൾക്കൂട്ടത്തെ നിയന്ത്രിക്കുവാൻ പോലീസിന് ഏറേ ബുദ്ധിമുട്ടേണ്ടി വന്നു.സ്വീകരണ പരിപാടികൾ എല്ലാം സോഷ്യൽ മീഡിയായിൽ തത്സമയം വന്നു കൊണ്ടിരുന്നു. മത,രാഷ്ട്രീയ, സാമുദായിക സംഘടനകൾ എല്ലാ വിധ കൂടി ചേരലുകളും ഉപേക്ഷിച്ച് ജനങ്ങളുടെ സുരക്ഷക്കായി നിലകൊള്ളുമ്പോൾ മനുഷ്യ ജീവനേക്കാൾ താരാധനയ്ക്ക് പ്രാധാന്യം കൽപ്പിച്ച ഈ സംഭവം കേരള സമുഹത്തിന് ലോകത്തിന് മുൻപിൽ അവമതിപ്പ് ഉണ്ടാക്കിയിട്ടുണ്ട്
പ്രമുഖ വ്യക്തികൾക്ക് സ്വീകരണം നൽകണമെങ്കിൽ സിയാലിന്റെ മുൻ കൂട്ടിയുള്ള അനുമതിയും ആവശ്യമാണ്. മാത്രമല്ല കൊവിഡ് 19 പകരുന്നത് തടയുന്നതിന്റെ ഭാഗമായി ഇപ്പോൾ കർശനമായ നിയന്ത്രണങ്ങളാണ് വിമാനത്താവളത്തിൽ ഏർപ്പെടുത്തിയിരിക്കുന്നത്. ഈ വിലക്കുകൾ ലംഘിച്ചാണ് സ്വീകരണം ഒരുക്കിയത്. വിലക്ക് ലംഘിച്ചവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത വിവരം  എറണാകുളം ജില്ലാ കളക്ടർ എസ്. സുഹാസ് ആണ് തന്റെ ഫെയ്സ്ബുക്ക് പേജിൽ പങ്കു വച്ചത്. കൊറോണ വൈറസ് പകരാൻ ഏറ്റവും എളുപ്പം ആളുകൾ കൂട്ടം കൂടൽ ആയതിനാൽ അത് കഴിവതും ഒഴിവാക്കാൻ എല്ലാവരും ശ്രമിക്കണം എന്ന മുന്നറിയിപ്പ് നിലനിൽക്കെയാണ് ഇത്തരമൊരു സംഭവം നടന്നത്. ഇന്നലെ കൊച്ചി വിമാനത്താവള പരിസരത്ത് നടത്തിയ പ്രകടനങ്ങൾ അക്ഷരാർത്ഥത്തിൽ ഓരോ മലയാളിയെയും നാണിപ്പിക്കുന്നതാണെന്ന് കളക്ടർ ഫെയ്സ്ബുക്കിൽ അഭിപ്രായപ്പെട്ടു.  ജാഗ്രതയുടെ ഭാഗമായി മത രാഷ്ട്രീയ സാമുദായിക സംഘടനകൾ പോലും യോഗങ്ങളും സമ്മേളനങ്ങളും നിർത്തി വച്ച് ജനങ്ങളുടെ സുരക്ഷയ്ക്കായി നിലകൊള്ളുമ്പോൾ ഇത്തരം നിയമ ലംഘനങ്ങൾക്ക് മുന്നിൽ കണ്ണടയ്ക്കാൻ നിയമപാലകർക്ക് കഴിയില്ല. മനുഷ്യ ജീവനേക്കാൾ വില താരാരാധനയ്ക്ക് കല്പ്പിക്കുന്ന സ്വഭാവം മലയാളിയ്ക്കില്ലെന്നും ചിലയാളുകൾ നടത്തുന്ന ഇത്തരം കാര്യങ്ങൾ ലോകത്തിന് മുൻപിൽ കേരള സമൂഹത്തിന് തന്നെ അവമതിപ്പുണ്ടാക്കാൻ കാരണമാകുമെന്നും കളക്ടർ അഭിപ്രായപ്പെട്ടു.

Latest News