Sorry, you need to enable JavaScript to visit this website.

കൊറോണ ഭീതിയില്‍ വിജനമായ റോമിലെ തെരുവിലൂടെ മാര്‍പാപ്പ

റോം- കൊറോണ വൈറസ് ഏറ്റവും ഭീതി വിതച്ചിരിക്കുന്ന രാജ്യമാണ് ഇറ്റലി. ഇതിനിടയില്‍ ആളൊഴിഞ്ഞ റോമിലെ തെരുവിലൂടെ കാല്‍നടയായി ദേവാലയത്തിലേയ്ക്ക് നടന്നുപോകുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ചിത്രമാണ് ഇപ്പോള്‍ ലോക ശ്രദ്ധനേടുന്നത്. ഇറ്റലിയില്‍ രോഗം ഉയര്‍ത്തിയ ആശങ്ക പ്രതിഫലിപ്പിക്കുന്നതാണ് വത്തിക്കാന്‍ മാധ്യമം പുറത്തുവിട്ട ചിത്രം. 
കൊറോണ എന്ന മഹാമാരിയില്‍നിന്നുള്ള വിടുതലിനായി പ്രാര്‍ഥിക്കുന്നതിനാണ് റോമിലെ രണ്ട് പ്രമുഖ ദേവാലയങ്ങളിലേയ്ക്ക് മാര്‍പാപ്പ കാല്‍നടയായി സഞ്ചരിച്ചത്. ഞായറാഴ്ച വൈകുന്നേരം സാന്ത മരിയ ബസിലിക്കയില്‍ പ്രാര്‍ഥിച്ച ശേഷം സെന്റ്. മാര്‍സെലോ പള്ളിയിലേയ്ക്ക് വിയ ഡെല്‍ കോര്‍സോ തെരുവിലൂടെ ഏകനായി നടന്നുപോകുന്ന മാര്‍പാപ്പയുടെ ചിത്രമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
മഹാമാരിയ്ക്ക് അവസാനമുണ്ടാകുന്നതിനും രോഗബാധിതര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി മാര്‍പാപ്പ പ്രത്യേക പ്രാര്‍ഥന നടത്തിയതായി പിന്നീട് വത്തിക്കാന്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞു. കൊറോണ വൈറസ് ഭീഷണി കണക്കിലെടുത്ത് ഈസ്റ്റര്‍ ആഴ്ചയിലെ പരിപാടികള്‍ വിശ്വാസികളില്ലാതെ നടത്തുമെന്നും വത്തിക്കാന്‍ വ്യക്തമാക്കി.
കൊറോണ വൈറസ് ബാധമൂലം ചൈന കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് ഇറ്റലിയിലാണ്. 1809 പേരാണ് ഇറ്റലിയില്‍ മരിച്ചത്. 24,747 പേര്‍ക്ക് രോഗമുണ്ട്. ഇന്നലെ ഒരു ദിവസം 368 പേരാണ് മരിച്ചത്. 

Latest News