ബ്രിട്ടനില്‍  സെല്‍ഫ് ഐസൊലേഷന്  തയാറാകാത്തവര്‍ക്ക് 1000 പൗണ്ട് പിഴ 

ലണ്ടന്‍-യുകെയിലും കൊറോണ വ്യാപനം ശക്തമായതോടെ കടുത്ത നടപടിയുമായി സര്‍ക്കാര്‍. സെല്‍ഫ് ഐസൊലേഷന് തയാറാകാത്തവര്‍ക്ക് 1000 പൗണ്ട് പിഴയോ ജയിലോ നല്‍കുമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. ഇംഗ്ലണ്ടിലും, വെയില്‍സിലും കൊറോണാവൈറസ് ടെസ്റ്റിംഗ് നിരാകരിക്കുകയോ, സ്വയം ഐസൊലേറ്റ് ചെയ്യാന്‍ തയ്യാറാകാതിരിക്കുകയോ ചെയ്താല്‍ പോലീസിന് ബലം പ്രയോഗിച്ച് ഇത് ചെയ്യിക്കാനുള്ള അടിയന്തര അധികാരങ്ങളാണ് നല്‍കും. ഈ ആഴ്ച ഇതുസംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകും. പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ദിവസേന സ്ഥിതി വിലയിരുത്തും. മറ്റുള്ളവര്‍ക്ക് വൈറസ് ബാധ നല്‍കുന്നവരെ വേണ്ടി വന്നാല്‍ ബലപ്രയോഗത്തിലൂടെ തന്നെ പിടികൂടാനാണ് നീക്കം. 2020 ദി ഹെല്‍ത്ത് പ്രൊട്ടക്ഷന്‍ (കൊറോണാവൈറസ്) റെഗുലേഷന്‍സ് സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇന്‍ഫെക്ഷന്‍ ബാധിച്ചതായി സംശയിക്കുന്നവരെ 14 ദിവസം വരെ സുരക്ഷിതമായ ഹോസ്പിറ്റലിലോ, മറ്റ് പര്യാപ്തമായ മേഖലയിലോ പിടിച്ചിടും. ഇവിടെ നിന്നും രക്ഷപ്പെടാന്‍ നോക്കിയാല്‍ കസ്റ്റഡിയില്‍ എടുത്ത് ഡിറ്റന്‍ഷനിലേക്ക് നീക്കും. 
വൈറസ് ബാധ സംശയിക്കുന്നവര്‍ക്ക് നിര്‍ബന്ധിത ടെസ്റ്റുകള്‍ നടത്തും. യാത്രാ ഹിസ്റ്ററി കൈമാറുന്നതിന് പുറമെ ആരെല്ലാമായി സമ്പര്‍ക്കം പുലര്‍ത്തിയെന്നും വ്യക്തമാക്കണം. തെറ്റായ വിവരം നല്‍കിയാല്‍ പിഴ ഈടാക്കും. കൊറോണാവൈറസ് പിടിമുറക്കുമ്പോള്‍ പ്രായമായവരെ സഹായിക്കണമെന്ന ആഹ്വാനവും ഇതിനിടെ പുറത്തുവന്നിട്ടുണ്ട്. 
അവശ്യവസ്തുക്കളും, മരുന്നുകളും എത്തിക്കാന്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് വോളണ്ടിയര്‍മാര്‍ രംഗത്ത് വന്നിട്ടുണ്ട്. യുകെയിലെ കൊറോണ മരണസംഖ്യ 35ലെത്തി. 24 മണിക്കൂറിനിടെ 14 പേര്‍ കൂടി മരണപ്പെട്ടു. 1372 പേരാണ് രോഗം സ്ഥിരീകരിച്ചവര്‍. 


 

Latest News