മലപ്പുറത്തും കാസര്‍ഗോഡും ഇന്ന് മൂന്ന് പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു;മുഖ്യമന്ത്രി


തിരുവനന്തപുരം- കേരളത്തില്‍ പുതുതായി മൂന്ന് പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.മലപ്പുറം,കാസര്‍ഗോഡ് ജില്ലകളിലാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതേതുടര്‍ന്ന് നിലവില്‍ 27 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.ഇന്ന് മാത്രം വിവിധ ജില്ലകളില്‍ നിന്നായി 2297 പേരുടെ സാമ്പിളുകള്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്. 1693 പേരുടേത് നെഗറ്റീവാണ് ഫലം. 72 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ജനുവരി അവസാനത്തോടെയാണ് കൊറോണ ആശങ്കയിലേക്ക് സംസ്ഥാനം നീങ്ങിയതെന്നും അന്ന് മുതല്‍ ഫലപ്രദമായ പ്രവര്‍ത്തനങ്ങളാണ് ആരോഗ്യവകുപ്പ് നടത്തുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

കേരളത്തില്‍ വ്യാപാര കമ്പോളങ്ങള്‍ ഏതാണ്ട് പൂര്‍ണമായും അടഞ്ഞുകിടക്കുന്ന സ്ഥിതിയാണ് ഉള്ളത്. വലിയ പ്രതിസന്ധിയാണ് കച്ചവടക്കാരും വിവിധ മേഖലകളിലുള്ളവരും നേരിടുന്നതെന്ന് സര്‍ക്കാര്‍ തിരിച്ചറിയുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. നിലവിലെ സ്ഥിതിയില്‍ വിനോദമേഖലയിലും കനത്ത തിരിച്ചടിയാണ് ഉണ്ടായത്. വരും ദിവസങ്ങളില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുമെന്നാണ് കരുതുന്നതെന്നും അദേഹം അഭിപ്രായപ്പെട്ടു.
 

Latest News