Sorry, you need to enable JavaScript to visit this website.

നന്ദന്‍ നിലേക്കനി വീണ്ടും ഇന്‍ഫോസിസില്‍; പുതിയ ചെയര്‍മാനാകും

ബംഗലൂരു- സി.ഇ.ഒ വിശാല്‍ സിക്കയുടെ അപ്രതീക്ഷിത രാജിയെ തുടര്‍ന്ന് ഭരണ പ്രതിസന്ധിയിലായ മൂന്‍ നിര ഐടി കമ്പനി ഇന്‍ഫോസിസ് പുതിയ ചെയര്‍മാനായി സ്ഥാപകരില്‍ ഒരാള്‍ക്കൂടിയായ നന്ദന്‍ നിലേക്കനിയെ തെരഞ്ഞെടുത്തു. നേരത്തെ ഇന്‍ഫോസിസ് സിഇഒ ആയിരുന്ന നിലേക്കനി യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (ആധാര്‍) ചെയര്‍മാനായി മുന്‍ യുപിഎ സര്‍ക്കാര്‍ നിയമിച്ചതിനെ തുടര്‍ന്ന് 2009-ല്‍ കമ്പനി വിട്ടതായിരുന്നു. കമ്പനി ഡയക്ടര്‍ ബോര്‍ഡ് യോഗം ചേര്‍ന്നാണ് നോണ്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാനായി നിലേക്കനിയെ നിയമിക്കാന്‍ തീരുമാനിച്ചത്.

സിക്കയുടെ രാജിയെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ കൊഴുത്തതോടെ നിലേക്കനി കമ്പനിയുടെ തലപ്പത്ത് തിരിച്ചെത്തുമെന്ന സൂചനകള്‍ ശക്തമായിരുന്നു. കമ്പനി സഹസ്ഥാപകന്‍ കൂടിയായ നിലേക്കനിയെ തിരിച്ചു കൊണ്ടുവരണമെന്നാവശ്യെപ്പെട്ട് ഒരു വിഭാഗം നിക്ഷേപകര്‍ ഡയറക്ടര്‍ ബോര്‍ഡിന് കത്തയച്ചിരുന്നു. 

ഇന്‍ഫോസിസില്‍ മടങ്ങിയെത്തിയതില്‍ അതിയായ സന്തോഷമുണ്ടെന്നും സഹപ്രവര്‍ത്തകരോടൊപ്പവും മാനേജ്‌മെന്റിനൊപ്പവും ചേര്‍ന്ന് പുതിയ അവസരങ്ങളുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. സിഇഒ പദവി രാജിവച്ച് വിശാല്‍ സിക്ക ബോര്‍ഡില്‍ നിന്നും രാജിവച്ചിട്ടുണ്ട്. കൂടാതെ ചെയര്‍മാനായിരുന്നു ആര്‍ സേഷാസായിയും പദവി ഒഴിഞ്ഞു. പ്രൊഫ. ജെഫ്രി ലെമാന്‍, പ്രൊഫ. ജോണ്‍ എചെമെന്‍ഡി എന്നിവരും ബോര്‍ഡില്‍ നിന്നും രാജിവച്ചിട്ടുണ്ട്. പുതിയ ചെയര്‍മാനായി നിലേക്കനിയെ നിയമിച്ചതി തൊട്ടുപിറകെ കോ ചെയര്‍മാന്‍ പദവിയില്‍ നിന്നും രവി വെങ്കടേശനും രാജിവച്ചു.

കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തി അറിയിച്ച് ചെയര്‍മാന്‍ എമിരറ്റസ് നാരായണമൂര്‍ത്തി നിരന്തരം വിമര്‍ശനങ്ങളും പഴിചാരലുകളും നടത്തിയെന്നാരോപിച്ചാണ് സിക്ക കഴിഞ്ഞയാഴ്ച പദവി ഒഴിഞ്ഞത്.

Latest News