Sorry, you need to enable JavaScript to visit this website.

താങ്ങാർക്കും തണലാർക്കുമില്ല

'താങ്ങാർക്കും തണലാർക്കുമില്ല, മരണം സാധാരണം' ഭക്തിയും ഹാസ്യവും ചേർത്തു  കവിത ചമയ്ക്കുന്ന ആളായിരുന്നു വി.കെ. ഗോവിന്ദൻ നായർ. ഇവിടെ ഉദ്ധ രിച്ചിരിക്കുന്ന  വരിയിൽ മരണത്തിന്റെ സാധാരണത്വത്തെപ്പറ്റിയുള്ള ചിന്തയും ചിരിയും അവതരിപ്പിക്കുന്നു. മരണം സാധാരണം തന്നെ, പക്ഷേ വധം അത്ര സാധാരണമല്ല, വധശിക്ഷയും. 
 വധശിക്ഷയെപ്പറ്റി അത് നടപ്പാക്കുന്നതിനെപ്പറ്റിയും നടപ്പാക്കാൻ വൈകുന്നതിനെപ്പറ്റിയും തകൃതിയായി ചർച്ച നടക്കുന്നു. വധശിക്ഷ വേണമെന്ന്  ചിലർ. വധശിക്ഷക്ക് വ്യവസ്ഥ ഉണ്ടായിട്ടും കൊലപാതകം കുറയുന്നില്ലെന്ന് മറ്റു ചിലർ. കുറ്റം ചെയ്യുന്ന വ്യക്തിയുടെ കുത്സിതത്വത്തിലേക്ക് മൂല്യബോധമുള്ള സാത്വിക സമൂഹം കൂപ്പുകുത്തരുതെന്നാണ് വധശിക്ഷയെ എതിർക്കുന്നവരുടെ മുഖ്യ വാദം. മനുഷ്യ വാസനക്ക് വഴങ്ങാത്ത വിധം ഹിംസ ചെയ്യുന്ന ഭീകരനെ വെച്ചുപൊറുപ്പിക്കുന്നതിനോടാണ് വേറെ ചിലർക്ക് എതിർപ്പ്. അച്ഛനെ കൊന്നവരുടെ പരിദേവനം ചെവിക്കൊള്ളുന്ന പ്രിയങ്കാ ഗാന്ധിയുടെയും വധശിക്ഷ കാത്തു  കഴിയുന്ന ചിലരുടെ ഇരകളായിപ്പോയ നാലു പേരുടെ അച്ഛനമ്മമാരുടെയും ഭിന്നഭിന്നമായ പ്രതികരണം ശ്രദ്ധിക്കുക. രണ്ടിനെയും തുണച്ചും  എതിർത്തും  അവസാനിക്കാതെ ചർച്ച തുടരാം.


 രണ്ടു വാദഗതികളും ഉന്നയിച്ചും വധശിക്ഷയുടെ സ്ഥിതിവിവര ഗണിതം ഒത്തുനോക്കിയും കുറ്റവാളിയല്ലാത്ത ഒരാളെ തൂക്കിക്കൊന്ന കഥ പറഞ്ഞും എൻ.എസ്.  മാധവൻ എഴുതിയ ഒരു കുറിപ്പ് കണ്ടു. അത് ഇഴ പിരിച്ചു നോക്കുന്നില്ല. എന്തു കാരണം പറഞ്ഞായാലും കൊല ചെയ്യുന്ന ആളുടെ വ്യഥ മിക്കപ്പോഴും അയാളുടെ ആത്മാവിന്റെ അടിത്തട്ടു വരെ തുളച്ചെത്തുന്നതായിരിക്കും. 
ദെസ്തയേവ്‌സ്‌കിയുടെ റാസ്‌കോൾനിക്കോവ് എന്ന കഥാപാത്രം അനുഭവിച്ച വിഷാദവും വിഹ്വലതയും ഉൾക്കൊള്ളാൻ  ശ്രമിക്കുക. കൊല ചെയ്യുകയും വധശിക്ഷക്ക് വിധിക്കപ്പെടുകയും അതിൽനിന്നു രക്ഷപ്പെടുകയും ചെയ്ത രണ്ടു പേരുമായി എനിക്കു നേരിട്ട് ഇടപഴകാൻ അവസരമുണ്ടായി. അതു വീണ്ടും ഓർത്തുനോക്കുകയാണ് ഇവിടെ.  


 ഒരു തൊഴിലാളി സംഘടനയുടെ പ്രസ്താവനയുമായി എന്റെ ആപ്പീസിൽ ഇടക്കിടെ വരാറുള്ള കഷണ്ടി കേറിയ ഒരു കൃശഗാത്രനെ ഞാൻ അങ്ങനെയേ കരുതിയിരുന്നുള്ളൂ, ഒരു യൂനിയൻ പ്രവർത്തകനായിട്ട്. അതുകൊണ്ട് അയാളുമായുള്ള എന്റെ ഇടപഴക്കം ഒരു പുഞ്ചിരിയിൽ ഒതുങ്ങിനിന്നു. അയാളുടെ പേര് പോലും ചോദിച്ചറിഞ്ഞിരുന്നില്ല. അങ്ങനെയിരിക്കേ ഒരു ദിവസം സംഘടനയുടെ പ്രസിഡന്റ് പറഞ്ഞു: 'പ്രസ്താവനയുമായി വരാറുള്ള ആൾക്ക് ചിലതു പറയാനുണ്ട്, കേൾക്കുമോ?' 
അങ്ങനെ ഞങ്ങൾ സംസാരിക്കാനിരുന്നു. സംഭാഷണം തുടങ്ങിയതു തന്നെ അയാളുടെ ഒൻപതു കൊല്ലത്തെ ജയിൽ വാസം പരാമർശിച്ചുകൊണ്ടായിരുന്നു. ഏറെ താമസിയാതെ അയാൾ പൂർണ സ്വാതന്ത്ര്യത്തോടെ പുറത്തിറങ്ങും, പഴയ ജോലിയിൽ തിരിച്ചുകേറും എന്ന പ്രതീക്ഷയായിരുന്നു ജീവിതത്തിന്റെ പിൻബലം. 
 ഒരു ശപിക്കപ്പെട്ട ദിവസം അയാൾ ഒരു ചങ്ങാതിയെ  കുത്തിക്കൊന്നു. അയാളുടെ പെങ്ങളുമായി ചങ്ങാതിക്ക് അടുപ്പമായിരുന്നു. കല്യാണം കഴിക്കാമെന്ന് ഏറ്റയാൾ നേരം വന്നപ്പോൾ കാലു മാറുന്നതുപോലെ തോന്നി. കൈയിൽ കിട്ടിയ കത്തി ചങ്ങാതിയുടെ കഴുത്തിൽ തുളച്ചു കയറി. പിന്നീട് ഓർത്തുനോക്കിയപ്പോൾ തന്റെ കൈ കൊലക്കു വേണ്ടി നീണ്ടതിൽ അയാൾക്ക് അത്ഭുതവും വേദനയും തോന്നി. അയാളുടെ മട്ടും  മാതിരിയുമുള്ള ഒരാൾ കൊലയാളിയാകാമെന്നു വിശ്വസിക്കാൻ എനിക്കും ബുദ്ധിമുട്ടായിരുന്നു. 'ആർക്ക് എപ്പോൾ കൊലയാളിയായിക്കൂടാ' എന്ന ചിന്ത എന്നെ വിടാതെ പിടി കൂടി. 


ഒരേ ആളെ മോഡൽ ആക്കിക്കൊണ്ട്  യേശുവിന്റെയും യൂദാസിന്റെയും ചിത്രമെഴുതിയ മൈക്കലാഞ്ജലോയുടെ ദീനത ഓർത്തുപോയി. 
 ജീവപര്യന്തമായിരുന്നു ശിക്ഷ. എന്നാൽ അത് ഒൻപതു കൊല്ലം കൊണ്ട് കഴിഞ്ഞു. അയാളുടെ പെരുമാറ്റം എല്ലാവർക്കും ഇഷ്ടമായിരുന്നു. നല്ല നടപ്പിനും ദേശീയ അവധിക്കും മറ്റുമായി അയാൾക്ക് കുറെ ആനുകൂല്യമുണ്ടായി. അങ്ങനെ തടവറ വിട്ട് അയാൾ സാധാരണ ജീവിതം  നയിച്ചുതുടങ്ങി.  ഭാഗ്യമെന്നു പറയട്ടെ, പഴയ ജോലി തിരിച്ചുകിട്ടുകയും ചെയ്തു.
 
തൂക്കുമരത്തിന്റെ നിഴലിൽ കഴിഞ്ഞിരുന്ന വേറൊരാളുടെ കഥ ഇതിലും ദാരുണമായിരുന്നു. 'തൂക്കു മരത്തിന്റെ നിഴലിൽ' സി.എ. ബാലന്റെ ആത്മകഥയുടെ  തലക്കെട്ടാണ്. വധശിക്ഷക്കു വിധിക്കപ്പെട്ട ബാലൻ ഗാന്ധിജിയുടെ ദൗത്യം വഴി രക്ഷപ്പെട്ടു. അതില്ലാതെ രക്ഷപ്പെട്ട ഒരാളുടെ ചരിതം ഇങ്ങനെ:
 ഇരുപത്തത്തൊന്നുകാരനായ അയാളുടെ അച്ഛനെ കുടിപ്പിക്കാൻ ആളുകൾ കുറെ ഉണ്ടായിരുന്നു. ചിലരെ വിലക്കാൻ നോക്കിയപ്പോൾ പരിഹാസവും വെല്ലുവിളിയുമായിരുന്നു മറുപടി. ഒരു ദിവസം കത്തി ഉറയിൽനിന്ന് ഉണർന്നെണീറ്റു. കള്ളുഷാപ്പുകാരൻ മരിച്ചു വീണു. കൊലയാളി വധശിക്ഷക്കു വിധിക്കപ്പെട്ടു. 


 ഒന്ന് രണ്ട് കൊല്ലത്തിനകം ആ ചെറുപ്പം കെട്ടുപോകേണ്ടതായിരുന്നു. അപ്പീലൊന്നും ഏശിയില്ല. ഒടുവിൽ ഗവർണർ ദയാവിവശനായി. വധശിക്ഷ ജീവപര്യന്തമായി കുറച്ചു.  ഒരു വ്യവസ്ഥയോടെ: ജീവപര്യന്തത്തിൽ ഒരു തരത്തിലും ഇളവ് പാടില്ല. എന്നുവെച്ചാൽ മരണം വരെ ജയിലിൽ കഴിയണം. എഴുപതു വയസ്സു വരെ ജീവിക്കുമെങ്കിൽ അര  നൂറ്റാണ്ട് തടവിൽ.  പിന്നെ വിചിത്രമായ ആ വ്യവസ്ഥ മാറ്റിക്കിട്ടാനായി ശ്രമം. പത്രമാപ്പീസും രാഷ്ട്രീയ ലാവണങ്ങളും കോടതിയും സെക്രട്ടറിയേറ്റും കയറിയിറങ്ങി. അതിനിടെ പരോളിൽ ഇറങ്ങിയപ്പോൾ മല്ലികപ്പൂവ് പോലത്തെ ഒരു കുട്ടിയെ കൂട്ടുകാരിയായി കൂട്ടി. എല്ലാറ്റിന്റെയും ഇടയിൽ ഒരു കൊലയുടെ ഓർമ മങ്ങാതെ അരിച്ചു നടന്നു. പരോളിൽ വരുമ്പോഴൊക്കെ അയാൾ എന്റെ വിരുന്നുകാരനായി.
 ജയിലിൽ ഉണ്ണാനും ഉറങ്ങാനും ഇടം ഉണ്ടായിരുന്നു.  ജയിൽ വിട്ടപ്പോൾ അയാൾക്ക് അതിനുള്ള വഴി കണ്ടെത്തേണ്ടിയിരുന്നു. തൂക്കുമരത്തിന്റെ  നിഴലിൽനിന്നു വരുന്ന  ഒരാൾക്ക് ഉപജീവന മാർഗം കണ്ടെത്തുക എളുപ്പമല്ല. ആദ്യം പറഞ്ഞ യൂനിയൻ പ്രവർത്തകന്റെ പിടിപാടുള്ള ആളായിരുന്നില്ല ഇയാൾ. ജീവിതം വീണ്ടും അക്ഷരാർത്ഥത്തിൽ വഴിമുട്ടുകയായിരുന്നു.
പല പണിയും നോക്കി. ഒടുവിൽ ഓട്ടോ റിക്ഷ ഓടിക്കാൻ തുടങ്ങി. അതും കുടുംബം പുലർത്താൻ മതിയായ വരുമാനം കൊടുത്തില്ല.  വിചിത്രമായ പ്രശ്‌നങ്ങൾ വിചിത്രമായ പരിഹാരങ്ങൾ പുറപ്പെടുവിക്കുമെന്ന് പറയാറുള്ളതു പോലെ, അയാൾ പുതിയൊരു വഴിയേ നീങ്ങാൻ തുടങ്ങി. സാമൂഹ്യ സേവനത്തിന്റെ വഴിയേ.  


കവിതയിൽ പറഞ്ഞാൽ ആത്മഹത്യക്കും കൊലക്കുമിടയിലൂടെ നീങ്ങുകയായിരുന്നു ജീവിതം, വേണമെങ്കിൽ പറഞ്ഞോളൂ, ആർത്തനാദം പോലെ.  അവശരും നിസ്വരുമായ ആളുകൾക്ക് സഹായം അരുളുന്നതിൽ അയാൾ സങ്കേതം കണ്ടെത്തി.  ആശുപത്രികളിൽ കഴിയുന്ന ആലംബ ഹീനർക്ക് അയാളും ഭാര്യയും കൂട്ടായി. ഇരന്നു കിട്ടിയ ഭക്ഷണം പട്ടിണിക്കാർക്ക് കൊടുത്തു. അതായി എല്ലാ അർത്ഥത്തിലും ആ മുൻ കൊലയാളിയുടെ പാഥേയം, വഴിച്ചോറ്. അതായിരുന്നു ഒടുവിൽ ഞാൻ കാണുമ്പോൾ അയാളുടെ നിയോഗം. ടാഗോറിന്റെ കാബൂളിവാല അസുഖകരമായ ഓർമ പുതുക്കി. കാൽപനികതയിൽ മുഴുകിയ കഥാകാരനും കൊലക്കുശേഷം തടവിൽനിന്നിറങ്ങിയ കാബൂളിവാലയും.…


 ഈ ലേഖനത്തിൽ പറയുന്ന രണ്ട് കൊലയാളികളും സങ്കൽപ പാത്രങ്ങളല്ല. വധശിക്ഷയോ ജീവപര്യന്തം തടവോ അനുഭവിക്കാൻ വിധിക്കപ്പെട്ട സാധാരണ മനുഷ്യരാണവർ. കൊല എന്ന കൃത്യവും അവരുടെ സ്വഭാവവുമായി പൊരുത്തപ്പെടുത്താൻ ബുദ്ധിമുട്ടുള്ളവർ. അവരിൽ ഒരാൾ അടുത്തിട വരെ ആത്മതൃപ്തനായ വീട്ടുകാരനായി കഴിഞ്ഞിരുന്നതായറിയാം. മറ്റേയാളെപ്പറ്റി പിന്നീടൊന്നും അറിഞ്ഞില്ല.
പത്തു കൊല്ലം മുമ്പിറങ്ങിയ എന്റെ ഒരു പുസ്തകത്തിൽ അവരെ പേരെടുത്ത് പരാമർശിച്ചിരുന്നു. പിന്നീട് തോന്നി, അവ്യവസ്ഥാപിതമായ കൊലയുടെയും വധശിക്ഷയുടെയും ലോകത്തുനിന്ന് കൂടു മാറിവന്ന അവർക്ക് ഓർമകളുടെ അർത്ഥം എന്തായിരിക്കും? അവരുടെ കുടുംബം അതയവിറക്കുമ്പോൾ അഭിമാനിക്കുമോ, അപമാനിതരാകുമോ? ഈ ചിന്തയിൽ അവരുടെ സ്വകാര്യതയിൽ കൈയേറ്റം നടത്താനുള്ള വ്യഗ്രത ഉപേക്ഷിക്കുന്നുവെന്നേയുള്ളൂ.   

Latest News