കൊറോണക്കാലത്ത് നുണയുടെ വൈറസുകളും... 

ഒന്നുറപ്പ്. ദുരന്തങ്ങളിലൂടെയാണ് കുറച്ചുകാലമായി കേരളത്തിന്റെ പ്രയാണം. പ്രളയവും ഓഖിയും നിപയും ഡെങ്കിപ്പനി, എലിപ്പനി, കുരങ്ങുപനി, പക്ഷിപ്പനി തുടങ്ങിയ പലവിധ പനികളെല്ലാം കഴിഞ്ഞ് ഇപ്പോഴിതാ കോവിഡ് 19. 
നിയന്ത്രണാതീതമെന്നൊക്കെ പറയാവുന്ന രീതിയിൽ അതു വ്യാപിച്ചിട്ടില്ലെങ്കിലും ഇന്ത്യയിൽ ഏറ്റവും ഭയപ്പെടേണ്ടത് നമ്മൾ തന്നെയാണ്. ഒന്നാമത് പ്രവാസത്തെ ആശ്രയിച്ചു നിൽക്കുന്ന പ്രദേശമാണ് കേരളം എന്നതു തന്നെ. കൊറോണ ബാധിച്ച മിക്ക രാജ്യങ്ങളിലും മലയാളികൾ നിരവധിയാണ്. ചൈനയിൽ എളുപ്പം ഡോക്ടറാവാനാണ് നാം പ്രധാനമായും പോകുന്നതെങ്കിൽ രോഗം ബാധിച്ച പല യൂറോപ്യൻ രാജ്യങ്ങളിലും തൊഴിൽ ചെയ്യുന്നവരും പഠിക്കുന്നവരും ലക്ഷക്കണക്കിനു മലയാളികളാണ്. അതു മാത്രം മതിയല്ലോ രോഗസാധ്യതക്ക്. കഴിഞ്ഞില്ല. നമ്മുടെ ഏറ്റവും വലിയ നേട്ടമെന്നു പറയുന്ന ശരാശരി ആയുസ്സ് വർധന ഇക്കാര്യത്തിൽ വിപരീത ഫലമാണ് ഉണ്ടാക്കുന്നത്. 60 വയസ്സിനു താഴെയുള്ളവരിൽ കൊറോണ മൂലമുള്ള മരണ സാധ്യത 2-3 ശതമാനമാണെങ്കിൽ വൃദ്ധരിൽ അത് 15 ശതമാനത്തോളം വരും. അതൊരു വലിയ ആശങ്ക തന്നെയാണ്.
മറ്റു പലതിലുമെന്ന പോലെ, പ്രാഥമിക ആരോഗ്യ മേഖലയിലെ കുറെ നേട്ടങ്ങളെ ചൂണ്ടിക്കാട്ടി പൊതുവിൽ അഹങ്കരിക്കുന്നവരാണല്ലോ നമ്മൾ. എന്നാൽ അതോടൊപ്പം നമ്മൾ പലപ്പോഴും അഭിമുഖീകരിക്കാൻ മടിക്കുന്ന ഒന്നാണ് ആധുനിക കാലത്തിന്റെ സംഭാവനകൾ എന്നു പറയപ്പെടുന്ന പല രോഗങ്ങളിലും നമ്മൾ മുന്നിലാണെന്നത്. ഷുഗർ, പ്രഷർ, കരൾ, വൃക്ക, കൊളസ്‌ട്രോൾ, ഹൃദയസ്തംഭനം, കാൻസർ തുടങ്ങിയ രോഗങ്ങളിലെല്ലാം രാജ്യത്തു തന്നെ വളരെ മുന്നിലാണ് നമ്മൾ. ഇതിൽ പലതും കോവിഡ് വൈറസിന് അനുകൂലമാണെന്നാണ് വിദഗ്ധർ പറയുന്നത്. മറ്റൊന്നു കൂടി. ആരോഗ്യ മേഖലയിലെ നേട്ടങ്ങളെ കുറിച്ചു പറയുമ്പോൾ മറ്റൊരു കാര്യവും സൗകര്യപൂർവം നമ്മൾ മറക്കുന്നു. മുകളിൽ പറഞ്ഞ പല പനിയും വന്നു കൂടുതൽ ജീവഹാനി ഉണ്ടാകുന്ന പ്രദേശവും മറ്റൊന്നല്ല എന്നത്. 


ഒരുപക്ഷേ ഇപ്പറഞ്ഞതിനേക്കാൾ വലിയ ദുരന്തം മറ്റൊന്നാണ്. അതു നമ്മുടെ അവകാശവാദങ്ങളും അധികാരികളെ സ്തുതിക്കലുമാണ്. ഭരണാധികാരികളെ സ്തുതിക്കൽ ജനാധിപത്യത്തിൽ ഒട്ടും ആശാസ്യമല്ല. മറിച്ച് ഉത്തരവാദിത്തബോധത്തോടെയുള്ള വിമർശനമാണ് അനിവാര്യം. മന്ത്രി പത്രസമ്മേളനം നടത്തി ഇമേജ് വർധിപ്പിക്കുന്നു എന്ന രീതിയിലുള്ള വിമർശനമല്ല ഉദ്ദേശിച്ചത്. ഗൗരവമായ വിമർശനമുന്നയിക്കുന്നവരെ പോലും ആക്രമിക്കുകയും ഭരണാധികാരികളെ സ്തുതിക്കുന്നതും സ്വയം സമാനതകളില്ലാത്ത ജനതയാണ് നമ്മളെന്ന് അഹങ്കരിക്കുന്നതുമാണ് ഉദ്ദേശിക്കുന്നത്. 
500 പേർ മരിക്കുകയും വൻ നാശനഷ്ടങ്ങളുണ്ടാക്കുകയും ചെയ്ത പ്രളയത്തെ നാം അതിജീവിച്ചു എന്നഹങ്കരിക്കുന്നതിൽ എന്തർത്ഥമാണുള്ളത്. അന്നു വിമർശനങ്ങളുന്നയിച്ചരെല്ലാം അപഹസിക്കപ്പെട്ടു. ഇപ്പോഴിതാ വീടു നഷ്ടപ്പെട്ടവർക്ക് 10,000 രൂപ പോലും ലഭിക്കാത്തതിന്റെയും ദുരിതാശ്വാസനിധിയിൽ നിന്നും പണം തട്ടിയെടുക്കുന്നതിന്റെയും കഥകളല്ലേ പുറത്തു വരുന്നത്? നിപയിലുണ്ടായ ജീവഹാനി ലോകനിലവാരത്തേക്കാൾ കുറഞ്ഞതൊന്നുമായിരുന്നില്ലല്ലോ.  

എന്തിനേറെ, ഇപ്പോൾ കൊറോണയെ നേരിടുന്നതിൽ നമ്പർ വൺ എന്നൊക്കെ അഹങ്കരിക്കുമ്പോൾ മറ്റു സംസ്ഥാനങ്ങളും ഇതുപോലെ പോരടിക്കുകയാണെന്നു മറക്കുന്നു. ഇത്തരം അവകാശവാദങ്ങൾ യഥാർത്ഥ പ്രശ്‌നങ്ങളെയും വീഴ്ചകളെയും മറച്ചുവെക്കാനും രോഗവ്യാപനം കൂടാനുമാണ് സഹായിക്കുക. 
കൊറോണ വിഷയത്തിലും എത്രയോ വീഴ്ചകൾ വന്നുകഴിഞ്ഞു. സുരക്ഷ വർധിപ്പിക്കാനുള്ള ഫെബ്രുവരി 24 ലെ കേന്ദ്ര നിർദേശം നടപ്പാക്കാൻ വൈകിയതു മുതൽ രോഗബാധിതനായ യു.കെക്കാരൻ വിമാനം കയറി രക്ഷപ്പെടാൻ ശ്രമിച്ചതുവരെ വീഴ്ചകൾ നിരവധി. നിർണായകമായിരുന്ന ഘട്ടത്തിൽ പരിശോധനയിൽ വന്ന വീഴ്ചയാണ് സംസ്ഥാനത്തെ രോഗബാധക്ക് പ്രധാന കാരണമായത്. പരിശോധിച്ചു വിട്ടയച്ചയാൾക്ക് രോഗബാധ വന്നതും കെ.എസ്.ആർ.ടി.സിയിൽ വിദേശികൾ യാത്ര ചെയ്തതും ആറ്റുകാൽ പൊങ്കാലക്ക് അനുമതി നൽകിയതും ഇറ്റാലിയൻ ഭാഷ അറിയുന്ന ഒരാളെ കണ്ടെത്താൻ വൈകിയതും നിരീക്ഷണത്തിലുള്ള പലരും ചാടിപ്പോകുന്നതുമൊക്കെ ചെറിയ വീഴ്ചകളല്ല. അതെല്ലാം പറയുന്നവരെ ശത്രുക്കളായല്ല കാണേണ്ടത്. അവരെല്ലാം സർക്കാറിനെ തകർക്കാൻ വരുന്നവരാണെന്ന ധാരണയാണ് സൃഷ്ടിക്കുന്നത്. അതിനെതിരെയാണ് വ്യക്തിപൂജയുമായി സൈബർ കൂട്ടം രംഗത്തിറങ്ങുന്നത്. ഈ ആരാധകർ വിഷയത്തെ കൂടുതൽ വഷളാക്കുകയാണ് ചെയ്യുന്നത് എന്നതാണ് ആരോഗ്യ മന്ത്രിയും മുഖ്യമന്ത്രിയുമൊക്കെ മനസ്സിലാക്കേണ്ടത്. 


ഇപ്പറഞ്ഞതിനെല്ലാം അർത്ഥം ആരോഗ്യ വകുപ്പ് സക്രിയമായി രംഗത്തില്ല എന്നല്ല. തീർച്ചയായും ഉണ്ട്. പ്രളയ കാലത്ത് നമ്മുടെ സേനയായിരുന്നു മത്സ്യത്തൊഴിലാളികളെങ്കിൽ ഇന്നത് ആരോഗ്യ പ്രവർത്തകരാണ്. തീർച്ചയായും മന്ത്രി അവർക്കു മുന്നിൽ നിന്ന് പട നയിക്കുന്നുമുണ്ട്. ആഭ്യന്തരവും ഉന്നത വിദ്യാഭ്യാസവും പോലെയല്ല ആരോഗ്യ വകുപ്പ് എന്നതും ശരി തന്നെ. സമൂഹത്തിനായി സ്വയം ഐസൊലേറ്റെഡ് ആകാൻ തയാറാകുന്നവരെയും അഭിനന്ദിക്കണം. അപ്പോഴും ആവർത്തിക്കട്ടെ, വിമർശനങ്ങളോട് മുഖം തിരിക്കുകയല്ല ചെയ്യേണ്ടത്. തമാശ മറ്റൊന്നാണ്. ക്രിയാത്മക വിമർശനമുന്നയിക്കുന്നവർക്കു നേരെ ചാടിവീഴുന്നത് പ്രധാനമായും സി.പി.എം പ്രവർത്തകരും അനുഭാവികളും തന്നെ. 


എന്നാൽ അവരാണ് പൊതുപരിപാടികൾ നടത്തരുതെന്ന് മുഖ്യമന്ത്രി പറഞ്ഞ ശേഷവും തൃശൂരിലും തിരുവനന്തപുരത്തും സമ്മേളനം നടത്തിയതും തിരുവനന്തപുരത്ത് 6000 അംഗങ്ങളുള്ള സഹകരണ ബാങ്കിൽ തെരഞ്ഞെടുപ്പു നടത്തിയതും. ശക്തമായ പ്രതിഷേധങ്ങളെ തുടർന്നാണ് രണ്ടും മൂന്നും മണിക്കൂറുകൾക്കു ശേഷം ഇതെല്ലാം നിർത്തിവെച്ചത്. മറ്റൊരു വാദം ഇതൊന്നും പറയേണ്ട സമയമല്ല ഇതെന്നതാണ്. ഒരാളോട് ഒരു കാര്യം പറയണമെങ്കിൽ അതു ചെകിടത്തടിച്ച പറയണമെന്നാണ് എം.എൻ. വിജയൻ പറഞ്ഞിട്ടുള്ളത്. വിമർശനങ്ങൾ പറയേണ്ടത് സംഭവം നടക്കുമ്പോഴാണ്. അതാകട്ടെ തിരുത്താനുമാണ്. വിമർശിക്കുമ്പോഴും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ എല്ലാവരും പങ്കെടുക്കുന്നുണ്ടല്ലോ. കമ്യൂണിറ്റി സ്‌പ്രെഡിംഗ് എന്ന ആശങ്ക ഏറെയുള്ള ഘട്ടത്തിലേക്കാണ് ഇനി കേരളം പോകാൻ സാധ്യത. അപ്പോഴേക്കും വിമർശനങ്ങൾ ഉൾക്കൊണ്ട് തെറ്റുകൾ തിരുത്തുന്നില്ലെങ്കിൽ കാര്യങ്ങൾ കൂടുതൽ ഗൗരവമാകാനാണ് സാധ്യത. പിന്നെ രാഷ്ട്രീയം പറയരുതെന്ന വാദം. കക്ഷിരാഷ്ട്രീയം പറയാതിരിക്കാം. പക്ഷേ രാഷ്ട്രീയം പറയാതിരിക്കുന്നതെങ്ങനെ? എങ്കിൽ ഈ സമയത്തു തന്നെ ടി.പി. ചന്ദ്രശേഖരൻ കൊലക്കേസ് പ്രതിക്ക് ജാമ്യം നൽകിയതിനെയും സർവകലാശാലയിൽ അനധികൃത നിയമനം എന്ന വാർത്തയേയും കുറിച്ച് മിണ്ടാതിരിക്കേണ്ടിവരില്ലേ? 


കോവിഡ് 19 കൂടുതൽ ബാധിക്കാനിടയുള്ള പ്രദേശം എന്നു തുടക്കത്തിൽ പറഞ്ഞത് രോഗബാധയെ കുറിച്ചു മാത്രമല്ല. അതുണ്ടാക്കുന്ന സാമൂഹ്യ പ്രത്യാഘാതങ്ങളെ കുറിച്ചു കൂടിയാണ്. ഉൽപാദന മേഖലകളാകെ മുരടിച്ച കേരളത്തിന്റെ സമ്പദ്ഘടനയെ നിലനിർത്തുന്നത് പ്രധാനമായും പ്രവാസവും ടൂറിസവും മദ്യവും ഭാഗ്യക്കുറിയുമാണല്ലോ. അതിൽ ആദ്യ രണ്ടും നേരിടുന്ന പ്രതിസന്ധി ചെറുതല്ല. അതു തിരിച്ചറിഞ്ഞിട്ടാണല്ലോ മദ്യശാലകൾ അടച്ചുപൂട്ടണമെന്ന് കനത്ത സമ്മർദമുണ്ടായിട്ടും സർക്കാർ തയാറാകാത്തത്. ഇപ്പോൾ തന്നെ നിരന്തരമായി ഖജനാവിനു നിയന്ത്രണമേർപ്പെടുത്തുന്ന അവസ്ഥയിലാണല്ലോ കേരളം. അതു കൂടുതൽ രൂക്ഷമാകാനാണ് പോകുന്നത്. മറുവശത്ത് ലക്ഷക്കണക്കിനു സാധാരണക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്. കൃത്യ വരുമാനമുള്ള ചെറിയൊരു ശതമാനമൊഴികെ - അവരും വൈകാതെ പ്രതിസന്ധിയിലാകാം - മറ്റെല്ലാവരും ദരിദ്രവൽക്കരിക്കപ്പെടാനാണ് സാധ്യത. വൻകിട കച്ചവട സ്ഥാപനങ്ങൾ, മാളുകൾ, ചെറുകിട സ്ഥാപനങ്ങൾ, ഓൺലൈൻ വ്യാപാരം, ഹോട്ടലുകൾ, ബസുകൾ, ഓട്ടോകൾ, മറ്റു വാഹനങ്ങൾ, സിനിമ, സമാന്തര വിദ്യാഭ്യാസം, പരസ്യം, ആരാധനാലയങ്ങൾ, പൊതുപരിപാടികൾ, ആഭ്യന്തര ടൂറിസം തുടങ്ങി ജനങ്ങളുടെ പ്രധാന വരുമാന മാർഗങ്ങളെല്ലാം അടയുകയാണ്. സത്യത്തിൽ നോട്ടുനിരോധനവും ജി.എസ്.ടിയും മുതലാരംഭിച്ച് ആരംഭത്തിൽ പറഞ്ഞ പ്രകൃതി ദുരന്തങ്ങളിൽ കൂടി കടന്നുപോയ കേരളം നേരിടുന്ന പ്രതിസന്ധിയുടെ തുടർച്ച തന്നെയാണിത്. എന്നാൽ മുഖ്യമന്ത്രിയോ സംസ്ഥാനത്തിന്റെ പൊതുവരുമാനം നേരിടുന്ന പ്രതിസന്ധിയെ കുറിച്ച് ഏറെ പറയുന്ന ധനമന്ത്രിയോ പ്രതിപക്ഷമോ  ഈ വിഷയത്തെ കുറിച്ച് കാര്യമായി പറഞ്ഞുകാണുന്നില്ല. ആ വിഷയത്തെ കൂടി അഭിമുഖീകരിക്കുമ്പോേഴ ജനാധിപത്യ സംവിധാനത്തിൽ തെരഞ്ഞെടുക്കപ്പെട്ട ഒരു ഭരണകൂടം അക്ഷരാർത്ഥത്തിൽ ജനകീയ ഭരണകൂടമാവുകയുള്ളൂ എന്നോർക്കേണ്ട സമയം കൂടിയാണിത്.

Latest News