കൊറോണ വൈറസ് പടർന്നു പിടിക്കുന്നതു തടയാനുള്ള മുൻകരുതലിന്റെ ഭാഗമായി ലഭിച്ച അവധി അപ്രതീക്ഷിതം. സാധാരണ, വർഷത്തിൽ രണ്ടോ മൂന്നോ ദിവസം ജോലിക്കിടയിൽ അവധിയെടുത്തു വീട്ടിലിരുന്നു വിശ്രമിക്കാറുണ്ട്. പക്ഷേ വീണുകിട്ടിയ ഈ അവധിയുടെ ആദ്യ ദിവസം തന്നെ വളരെ നേരത്തെ തന്നെ ഉറക്കമുണർന്നു. എന്നത്തേയും പോലെ വാട്‌സാപ്പ് തുറന്നു. പതിവുപോലെ അന്നും എന്റെ സഹപ്രവർത്തകയും സുഹൃത്തുമായ ബീന സുനിലിന്റെ സന്ദേശം തന്നെയാണ് ആദ്യം വായിച്ചത്. അവധി ഇന്നു മുതൽ തുടങ്ങുകയാണ്. എത്ര ദിവസം നീളുമെന്ന് അറിയില്ല. രാത്രി ഷിഫ്റ്റ് കഴിഞ്ഞു ഉറങ്ങുന്ന നല്ലപാതിയുടെ ഉറക്കത്തിനു ഭംഗമുണ്ടാക്കാതെ ഏകാന്തത സ്വയം ആസ്വദിക്കാൻ തീരുമാനിച്ചു. പക്ഷേ അതെങ്ങനെയെന്ന് യാതൊരു പിടിയുമില്ലാതെ അലസമായി വെറുതെ ഇരിക്കാനാണ് ശ്രമിച്ചത്. എങ്ങനെയെങ്കിലും ഉച്ചയോടെ ഭക്ഷണം പാകം ചെയ്തു കഴിച്ചു വീണ്ടും വിശ്രമം. വിശ്രമം അമിതമായാൽ അതും അപകടമാണെന്ന ചിന്ത എപ്പോഴുമുണ്ട്. അങ്ങനെയാണ് വീണുകിട്ടിയ ഈ അവധി ദിനങ്ങൾ എങ്ങനെ ഫലപ്രദമായി വിനിയോഗിക്കാം എന്നതിനെക്കുറിച്ചു ചിന്തിച്ചത്.
വീട്ടമ്മമാർക്കെല്ലാം പൊതുവേയുള്ള പരാതിയാണ് ഒന്നിനും സമയം ലഭിക്കില്ല എന്നത്. സാധാരണ അവധി ദിവസങ്ങളിൽ ഒരുപക്ഷെ അത് ശരിയാകാം. വീട്ടുജോലിക്കു പുറമെ ഔട്ടിംഗിനു പോകുകയോ മാളുകളിലോ അല്ലെങ്കിൽ സുഹൃദ് സംഗമങ്ങളിൽ പങ്കെടുക്കുകയോ ഒക്കെ ചെയ്യാനുണ്ടാകും. പക്ഷേ ഇപ്പോൾ ലഭിച്ചിരിക്കുന്ന അവധിയിൽ സ്വന്തം വീടിനു പുറത്തു പോകുന്നതു പോലും ആലോചിക്കാവുന്നതല്ല. ജനം കൂടുന്നിടത്തു പോകുന്നതു തന്നെ അപകടമാണ്. ഈ അവസ്ഥയിൽ വീടിനുള്ളിൽ ഒതുങ്ങുക മാത്രമാണ് നല്ലത്. പക്ഷേ ഒന്നോ രണ്ടോ ദിവസങ്ങൾ കഴിയുമ്പോൾ തന്നെ വിരസതയനുഭവപ്പെടാം. ടെലിവിഷൻ പോലും മടുത്തുപോകും. പ#േക്ഷ ഒന്ന് മനസ്സിരുത്തി നോക്കൂ.
ബോറടി മാറ്റാനായി എത്രയോ കാര്യങ്ങളില്ലേ? അതിനു ആദ്യമേ വേണ്ടത് എന്തു കാര്യവും കൃത്യമായും സമയബന്ധിതമായും അടുക്കും ചിട്ടയോടും കൂടി ചെയ്യാനുള്ള കഴിവ് ആർജിച്ചെടുക്കുക എന്നതാണ്. സമയമില്ല അല്ലെങ്കിൽ ഞാൻ തിരക്കിലാണ് എന്നു പറയുന്നത് ജീവിതത്തിൽനിന്നും ഒളിച്ചോടാനുള്ള ഒരു മുഖം മൂടി മാത്രമാണ്. ആദ്യമേ തന്നെ പ്രാർത്ഥനയിൽനിന്നും തുടങ്ങാം. പ്രാർത്ഥന നമ്മുടെ വിഷമങ്ങളും സന്തോഷങ്ങളും സർവശക്തനോട് പറയുന്നതിനോടൊപ്പം പ്രപഞ്ചത്തിന്റെ നന്മക്കും സമാധാനത്തിനും വേണ്ടി ആ ശക്തിയോടു അപേക്ഷിക്കലും കൂടിയാണ്. അതിലൂടെ നമുക്ക് ആത്മബലം നേടിയെടുക്കാനാകും. സ്വതവേ പാചകം ചെയ്യാൻ മടിയുള്ളവരാണ് വർക്കിങ് വിമൺ. എങ്കിലും ഈ അവധി ദിനങ്ങളിൽ പാചകത്തിന്റെ നിരവധി പരീക്ഷണങ്ങൾ നടത്താൻ സാധിക്കും.
ഇന്ത്യൻ ഭക്ഷണ രീതികൾക്കു പുറമെ ലോകത്തിലെ വിവിധ ഭാഗങ്ങളിലെ ഭക്ഷണ രീതികൾ നമുക്ക് പരീക്ഷിക്കാവുന്നതാണ്. ഏതു തരം പാചക രീതികളും യു ട്യൂബിൽ ഇപ്പോൾ ലഭ്യവുമാണ്. എല്ലാ മനുഷ്യരിലും കലാവാസന ഒളിഞ്ഞിരിപ്പുണ്ട്. അതു സ്വയം കണ്ടെത്തുകയാണ് വേണ്ടത്. ചിത്രരചന, തയ്യൽ, സംഗീതം, കര കൗശല വിദ്യകൾ. ഏതുമാകട്ടെ, ഒട്ടും മടിക്കേണ്ട. ഒക്കെ നമുക്ക് പരീക്ഷിക്കാം. സ്വന്തം ആരോഗ്യവും സൗന്ദര്യവും പരിപാലിക്കുന്നതിനും നമുക്ക് സമയം കണ്ടെത്താം.
മക്കൾ കൂടെയുള്ള അമ്മമാർ അവർക്കിഷ്ടമുള്ള വിഭവങ്ങൾ അവർക്കുണ്ടാക്കിക്കൊടുക്കുന്നതോടൊപ്പം അവരെയും അടുക്കള ജോലികളിൽ പങ്കാളികളാക്കാം. സൗദിയിൽ സി.ബി.എസ്.ഇ പത്തും പന്ത്രണ്ടും ക്ലാസ് പരീക്ഷകൾ ഇതുവരെ തീർന്നിട്ടില്ല. ബാക്കിയുള്ളവ എന്നു നടക്കുമെന്നുള്ള അനിശ്ചിതത്വം നിലനിൽക്കുമ്പോൾ മക്കളെ, നീറ്റ്, കീം പരീക്ഷകൾ എഴുതിക്കാൻ ആഗ്രഹിക്കുന്നവർക്ക് അവരെ സഹായിക്കാനാകും. ധാരാളം സ്റ്റഡി മെറ്റീരിയലുകൾ ഇപ്പോൾ ഓൺലൈനിൽ ലഭ്യമാണ്. ക്ഷമയോടെ മക്കളോടൊപ്പമിരുന്നു അവർക്കു ഒരു കൈ സഹായം നൽകാം.
പരീക്ഷകൾക്കിടയിൽ വന്നുപെട്ട ഭംഗം ചില കുട്ടികളെയെങ്കിലും മാനസികമായി ബാധിച്ചേക്കാം. അവർക്കു മാനസികമായ ഉത്തേജനം നൽകുകയും പഠനം ഉഴപ്പാതിരിക്കാൻ ശ്രമിക്കുകയും ചെയ്യാം. അതേപോലെ തന്നെ ചെറിയ ക്ളാസുകളിലെ കുട്ടികൾക്കു ഗണിത ശാസ്ത്രത്തിന്റെ അടിസ്ഥാന തത്വങ്ങളും ഇംഗ്ലീഷ് വ്യകാരണവും ഒക്കെ തന്നെ പറഞ്ഞുകൊടുക്കാം. വീണുകിട്ടിയ അവധിക്കാലം അങ്ങനെ ഒട്ടും തന്നെ ബോറടിക്കാതെ ബുദ്ധിപരമായി ഉപയോഗപ്പെടുത്താം. ഒപ്പം കൊറോണ വൈറസ് എന്ന മഹാമാരിയെപ്പറ്റിയുള്ള അവബോധം കുട്ടികൾക്ക് നൽകുകയും വ്യക്തി ശുചിത്വം, സാംക്രമിക രോഗങ്ങൾ പകരാതിരിക്കുവാനെടുക്കേണ്ട മുൻകരുതലുകൾ എന്നിവ കുട്ടികളെയും മുതിർന്നവരെയും പറഞ്ഞു മനസ്സിലാക്കിക്കൊടുക്കുകയും ചെയ്യാം.