ബീജിംഗ്- കൊറോണ വൈറസ് വ്യാപനം തടയുന്നതില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങിന് വീഴ്ചപറ്റിയെന്ന് പരസ്യമായി പ്രതികരിച്ച മുന്‍ മന്ത്രിയെ ദിവസങ്ങളായി കാണാനില്ല.
ജിന്‍പിങ് കോമാളിയാണെന്നും നേരത്തെ ഭവനനിര്‍മാണ വകുപ്പ് കൈകാര്യം ചെയ്തിരുന്ന റെന്‍ സീക്വിയാംങ് പരിഹസിച്ചിരുന്നു. ഈ സംഭവത്തെ തുടര്‍ന്ന് ഇദ്ദേഹം സര്‍ക്കാരിന്റെ നോട്ടപ്പുള്ളിയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
റെന്നിന്റെ സുഹൃത്തുക്കളാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. ഫോണില്‍ പലതവണ വിളിച്ചിട്ടും അദ്ദേഹവുമായി ബന്ധപ്പെടാന്‍ കഴിയാത്തതിനാലാണ് സംശയം തോന്നിയതും തുടര്‍ന്ന് കാണാനില്ലെന്ന പരാതി നല്‍കിയതെന്നും സുഹൃത്തുക്കള്‍ അറിയിച്ചു.
കഴിഞ്ഞ ഫെബ്രുവരിയില്‍ ഷീ ജിന്‍ പിംഗ് നടത്തിയ പ്രസംഗത്തിനെതിരെ റെന്‍ എഴുതിയ ലേഖനം 1,70,000 പാര്‍ട്ടി പ്രവര്‍ത്തകരിലേക്ക് എത്തിയിരുന്നു. ഇതേ ലേഖനം പിന്നീട് സമൂഹമാധ്യമങ്ങളിലൂടേയും പ്രചരിച്ചു. താനവിടെ ഒരു ഭരണാധികാരിയെയല്ല കണ്ടത് മറിച്ച് നഗ്‌നനായ ഒരു കോമാളിയെയാണെന്നാണ് രാഷ്ട്രീയ ലേഖനത്തില്‍ പേരുപരാമര്‍ശിക്കാതെ റെന്‍ എഴുതിയത്.






