റിയാദ്- കൊറോണ വൈറസ് ബാധിതരുടെ എണ്ണം നൂറ് കവിഞ്ഞതോടെ സൗദി അറേബ്യയിലെങ്ങും കര്‍ശന നിയന്ത്രണങ്ങള്‍. ആളുകള്‍ പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കണമെന്നും വീടുകളില്‍ തന്നെ കഴിയുന്നത് ഉചിതമെന്നും ആരോഗ്യവകുപ്പ് അറിയിച്ചതിന് പിന്നാലെയാണ് കര്‍ശന നടപടികള്‍. അതിനിടെ രോഗബാധിതരില്‍ മൂന്നാമതൊരാള്‍ കൂടി ഇന്ന് സുഖം പ്രാപിച്ച് ആശുപത്രിവിട്ടു.
മക്ക, കിഴക്കന്‍ പ്രവിശ്യ, അസീര്‍ തുടങ്ങിയ നഗരസഭകള്‍ റെസ്‌റ്റോറന്റുകള്‍ക്കും ബാര്‍ബര്‍ ഷോപ്പുകള്‍ക്കും ബ്യൂട്ടി പാര്‍ലറുകള്‍ക്കും പുതിയ വ്യവസ്ഥകളേര്‍പ്പെടുത്തി. മേശകള്‍ തമ്മില്‍ ഒരു മീറ്റര്‍ അകലം സ്ഥാപിക്കാനും വൃത്തിഹീന സാഹചര്യങ്ങള്‍ ഇല്ലാതാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. ചന്തകളെല്ലാം അടക്കാനും നിര്‍ദേശം നല്‍കി.
അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ ഞായറാഴ്ച രാവിലെ 11 മണിയോടെ നിര്‍ത്തി.എല്ലാ അതിര്‍ത്തി കവാടങ്ങളും അടച്ചിട്ടിരിക്കുകയാണ്. ആഭ്യന്തര വിമാന സര്‍വീസുകള്‍ക്ക് തല്‍ക്കാലം വിലക്കില്ല.
കടകളിലും മാളുകളിലും ആരോഗ്യസ്ഥാപനങ്ങളിലുമെല്ലാം നഗരസഭ, വാണിജ്യമന്ത്രാലയം, ആരോഗ്യമന്ത്രാലയം ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നുണ്ട്. പനിയുള്ളവരെ പ്രത്യേകം നിരീക്ഷിക്കാനാണ് ക്ലിനിക്കുകള്‍ക്കും ആശുപത്രികള്‍ക്കുമുള്ള നിര്‍ദേശം. കൊറോണ ലക്ഷണങ്ങള്‍ കാണുന്നവരെ ഉടന്‍ ആശുപത്രികളിലേക്ക് മാറ്റാനും നിര്‍ദേശമുണ്ട്.
എല്ലാ പ്രവിശ്യയിലെയും സ്‌പോര്‍ട്‌സ് സെന്ററുകളും മാളുകളിലെ വിനോദ കേന്ദ്രങ്ങളും അടച്ചിട്ടിരിക്കുകയാണ്. പള്ളികളില്‍ വെള്ളം വിതരണം ചെയ്യരുതെന്നും രോഗബാധ സംശയിക്കുന്നവര്‍ പള്ളിയിലേക്ക് പോകരുതെന്നും ഇസ്ലാമിക മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
കൊറോണയെ കുറിച്ച് സംശയമുള്ളവര്‍ 937 നമ്പറില്‍ ബന്ധപ്പെടണമെന്നും വ്യാജവാര്‍ത്തകള്‍ വിശ്വസിക്കരുതെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.






