റിയാദ്- രാജ്യത്ത് നിലവിലെ സാഹചര്യങ്ങളില്‍ ഭക്ഷ്യവസ്തുക്കളുടെ ദൗര്‍ലഭ്യമുണ്ടാകില്ലെന്നും വിലക്കയറ്റത്തെ കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്നും വാണിജ്യമന്ത്രാലയം വ്യക്തമാക്കി.
അതേസമയം സ്‌കൂളുകളടക്കുകയും പുറത്തിറങ്ങാന്‍ മടിക്കുകയും റെസ്റ്റോറന്റുകളില്‍ നിന്ന ഭക്ഷണം കഴിക്കുന്നത് നിര്‍ത്തുകയും ചെയ്തതോടെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ വന്‍തിരക്കാണ്. പഴം, പച്ചക്കറികള്‍, മാംസം, മത്സ്യം എന്നിവക്കും റെഡിമെയ്ഡ് ഭക്ഷ്യവസ്തുക്കള്‍ക്കും ആവശ്യക്കാരേറെയാണ്. കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി സൂപ്പര്‍മാര്‍ക്കറ്റുകള്‍ അടക്കുമെന്ന കിംവദന്തി വ്യാപിച്ചത് കഴിഞ്ഞ ദിവസം ജനങ്ങളെ ആശങ്കയിലാഴ്ത്തുകയും ചെയ്തു.
വിവിധ പ്രവിശ്യകളിലായി 3723 ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ മന്ത്രാലയത്തിന്റെ ഫീല്‍ഡ് സര്‍വീസ് ടീം സന്ദര്‍ശിച്ചു. ഭക്ഷ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനാല്‍ വിലക്കയറ്റമുണ്ടാകില്ല. സെയില്‍സ് ഔട്ട്‌ലെറ്റുകളിലും അവയുടെ ഗോഡൗണുകളിലും മതിയായ സംഭരണമുണ്ട്. ചില്ലറ, മൊത്ത വ്യാപാര കേന്ദ്രങ്ങളെല്ലാം മന്ത്രാലയ ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലാണ്. മെഡിക്കല്‍ ഉപകരണങ്ങളുടെ വില്‍പന കേന്ദങ്ങളും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഉപഭോക്താക്കള്‍ക്ക ആവശ്യമായ വസ്തുക്കള്‍ ലഭിക്കുന്നുണ്ടെന്നും മതിയായ സ്‌റ്റോക്ക് വിപണിയിലുണ്ടെന്നും കരിഞ്ചന്ത ഇല്ലെന്നും സംഘം ഉറപ്പുവരുത്തിവരികയാണ്.
ഓരോ വില്‍പന കേന്ദ്രങ്ങളിലും ഉല്‍പന്നങ്ങളുടെ പ്രദര്‍ശിപ്പിച്ച വില കൃത്യമാണെന്നറിയാല്‍ ഇറക്കുമതിക്കാരുമായും നിരീക്ഷകര്‍ ബന്ധപ്പെടുന്നുണ്ട്. ഉപഭോക്താക്കള്‍ക്ക് ഉപകാരപ്പെടുന്ന വിധത്തിലുള്ള മത്സരമാണ് വിപണിയില്‍ മന്ത്രാലയം ഇതുവഴി ഉദ്ദേശിക്കുന്നത്. പ്രവേശന നിരോധനം ഏര്‍പ്പെടുത്തിയ ഖത്തീഫില്‍ കഴിഞ്ഞ ഒരാഴ്ചക്കിടെ 764 റെയ്ഡുകളാണ് വ്യാപാരസ്ഥാപനങ്ങളില്‍ ഉദ്യോഗസ്ഥര്‍ നടത്തിയത്.






