ദല്‍ഹിയില്‍ കൊറോണ സ്ഥിരീകരിച്ചയാള്‍ ഇടപഴകിയത് 813 പേരുമായി; ഭാര്യക്കും മകനും രോഗമില്ല

ന്യൂദല്‍ഹി- ദല്‍ഹിയില്‍ കോവിഡ്-19 സ്ഥിരീകരിച്ചയാള്‍ 813 ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്തി. ഫെബ്രുവരിയിലാണ് ഇയാള്‍ ഇറ്റലിയില്‍ നിന്നു മടങ്ങി എത്തിയത്.  46കാരനായ ഇയാള്‍ക്ക് ഈ മാസം 12-ന് കൊറോണ സ്ഥിരീകരിക്കുകയും ചെയ്തു. പടിഞ്ഞാറന്‍ ദല്‍ഹിയിലെ ജനക്പുരി സ്വദേശിയാണ്. കൊറോണ ബാധിച്ച ഇയാളുടെ 68 വയസ്സായ മാതാവ് വെള്ളിയാഴ്ച മരിച്ചിരുന്നു.
ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ഇറ്റലി ഉള്‍പ്പടെ നാല് വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ചാണ്  ദല്‍ഹിയില്‍ എത്തിയത്. ദല്‍ഹിയില്‍ കൊറോണ സ്ഥിരീകരിച്ച അഞ്ചാമത്തെ വ്യക്തിയാണ് ഇദ്ദേഹം.
ദല്‍ഹി വിമാനത്താവളത്തില്‍ എത്തിയ ശേഷം നടത്തി പരിശോധനയില്‍ ശരീര ഊഷ്മാവ് സാധാരണ നിലയില്‍ ആയത് കൊണ്ടാണ് പുറത്തേക്ക് ഇറങ്ങാന്‍ അനുമതി ലഭിച്ചത്. വീട്ടിലെത്തി ഭാര്യയോടും മകനോടും ഒപ്പം കഴിഞ്ഞത്തിന് ശേഷമാണ് ഇദ്ദേഹത്തില്‍ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇളയ സഹോദരനൊപ്പം താമസിച്ചിരുന്ന അമ്മ ഇദ്ദേഹത്തെ വീട്ടില്‍ സന്ദര്‍ശിച്ചതോടെയാണ് വൈറസ് ബാധയേറ്റത്. എന്നാല്‍, മറ്റു കുടുംബാംഗങ്ങളുടെ പരിശോധന ഫലങ്ങളെല്ലാം നെഗറ്റീവ് ആണ്.
ഇദ്ദേഹം ദല്‍ഹിയിലുള്ള 40 പേരുമായും നഗരത്തിന് പുറത്തുള്ള 773 പേരുമായും ബന്ധപ്പെട്ടു എന്നാണ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസ് കണ്ടെത്തിയത്. ദല്‍ഹിയില്‍ എത്തിയതിന് ശേഷം ഇയാള്‍ മെട്രോയില്‍ യാത്ര ചെയ്്ത് നോയിഡയിലെ ജോലിസ്ഥലത്തേക്ക് പോയതായും ബന്ധുക്കളില്‍ ഒരാള്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

 

Latest News