Sorry, you need to enable JavaScript to visit this website.

ചന്ദ്രശേഖര്‍ ആസാദ് രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചു; കാന്‍ഷി റാമിന്റെ ദൗത്യം പൂര്‍ത്തിയാക്കും

ന്യൂദല്‍ഹി- പൗരത്വ ഭേദഗതിക്കെതിരായ സമരത്തില്‍ പങ്കെടുത്ത് ജനശ്രദ്ധ നേടിയ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചു. ബഹുജന്‍ സമാജ് പാര്‍ട്ടി (ബി.എസ്.പി) സ്ഥാപകനായിരുന്ന കാന്‍ഷി റാമിന്റെ 86 ാമത് ജന്‍മദിനത്തിലാണ് പാര്‍ട്ടി പ്രഖ്യാപനമെന്നത് ശ്രദ്ധേയമാണ്.

കാന്‍ഷി റാം തുടങ്ങിവെച്ച ദൗത്യം ആസാദ് സമാജ് പാര്‍ട്ടി പൂര്‍ത്തിയാക്കുമെന്ന് പാര്‍ട്ടി പ്രഖ്യാപനത്തിനുശേഷം ചന്ദ്രശേഖര്‍ ആസാദ് ട്വീറ്റ് ചെയ്തു. ആസാദ് സമാജ് പാര്‍ട്ടി എന്നാണ് പുതിയ പാര്‍ട്ടിയുടെ പേര്.

2022 ല്‍ ഉത്തര്‍പ്രദേശില്‍ നിയസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ഈ മാസാദ്യം സുഹെല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി (എസ്.ബി.എസ്.പി) പ്രസിഡന്റ് ഓം പ്രകാശ് രാജ്ഭറിനെ സന്ദര്‍ശിച്ച ആസാദ് പുതിയ പാര്‍ട്ടിയെ കുറിച്ച് സൂചിപ്പിച്ചിരുന്നു.

ബി.എസ്.പി അധ്യക്ഷ മായാവതി കുറെക്കാലമായി പ്രവര്‍ത്തിക്കുന്നുവെന്നും അവര്‍ക്ക് മാത്രമായി എല്ലാ കാര്യങ്ങളും ചെയ്യാനാവില്ലെന്നും ആസാദ് പറഞ്ഞു. അവരുടെ പ്രസ്ഥാനത്തെ സഹായിക്കാനും ഞങ്ങള്‍ക്കാകും. രാഷ്ട്രീയത്തില്‍ ആജീവനാന്ത ശത്രുക്കളില്ല. അവരുടെ അനുഗ്രഹത്തോടെ അധികാരം പിടിച്ചെടുക്കാന്‍ സാധിക്കുമെന്നും ആസാദ് കൂട്ടിച്ചേര്‍ത്തു.

നിരവധി പ്രശ്‌നങ്ങളില്‍ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാരിന്റെ രൂക്ഷ വിമര്‍ശകനാണ് ചന്ദ്രശേഖര്‍ ആസാദ്. ദേശീയ പൗരത്വ രജിസ്റ്ററിനും പൗരത്വ ഭേദഗതി നിയമത്തിനുമെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധ സമരങ്ങളില്‍ അദ്ദേഹം പങ്കെടുത്തു.

കഴിഞ്ഞ ഡിസംബര്‍ 21-ന് ദല്‍ഹിയില്‍ സി.എ.എ വിരുദ്ധ റാലിയില്‍ പങ്കെടുത്ത ആസാദിനെ ഒരു മാസത്തോളം ജയിലിലടച്ചിരുന്നു. ജനുവരി 17ന് ജാമ്യം ലഭിച്ച അദ്ദേഹത്തെ പത്ത് ദിവസത്തിനു ശേഷം ഹൈദരബാദിലും അറസ്റ്റ് ചെയ്തിരുന്നു.

 

Latest News