അഹമ്മദാബാദ്- ഗുജറാത്തിൽ രാജ്യസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോൺഗ്രസിന് തിരിച്ചടി. നാല് എം.എൽ.എമാർ രാജിവെച്ചെന്നാണ് വിവരം. എം.എൽ.എമാരെ രാജസ്ഥാനിലേക്ക് മാറ്റിക്കൊണ്ടിരിക്കേയാണ് രാജി. ഇന്നലെ പതിനാല് എം.എൽ.എമാരെ കോൺഗ്രസ് ജയ്പുരിലേക്ക് അയച്ചിരുന്നു. ആ സംഘത്തിൽ ഇല്ലാതിരുന്ന എം.എൽ.എമാരാണ് രാജിവെച്ചത്. ജെ.വി കക്കഡിയ, സോമാഭായ് പട്ടേൽ എന്നിവരുൾപ്പെടെ നാല് എം.എൽ.എമാരാണ് രാജി സമർപ്പിച്ചത്. എന്നാൽ എം.എൽ.എമാർ രാജിവച്ചെന്ന റിപ്പോർട്ടിനെ കോൺഗ്രസ് എം.എൽ.എ വിർജിഭായ് തുമ്മാർ നിഷേധിച്ചു. പാർട്ടിക്ക് രാജിക്കത്ത് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നാലിൽ രണ്ട് സീറ്റുകളിൽ വിജയിക്കാനുള്ള അംഗ സംഖ്യ 182 അംഗ നിയമസഭയിൽ കോൺഗ്രസിനും ബി.ജെ.പിക്കും ഉണ്ട്. 37 വോട്ടാണ് ഒരു സീറ്റിൽ വിജയിക്കാൻ വേണ്ടത്. കോൺഗ്രസിന് സംസ്ഥാനത്ത് 73 എം.എൽ.എമാരാണുള്ളത്. സ്വതന്ത്ര എം.എൽ.എ ജിഗ്നേഷ് മേവാനിയുടെ പിന്തുണ കോൺഗ്രസിനാണ്. ഇത് കൂടാതെ ഭാരതീയ െ്രെടബൽ പാർട്ടിയുടെ രണ്ട് എം.എൽ.എമാരും എൻ.സി.പിയുടെ ഒരംഗവും കോൺഗ്രസിനെ പിന്തുണ കോൺഗ്രസിനാണ്. ബി.ജെ.പിക്ക് 103 എം.എൽ.എമാരാണുള്ളത്. രണ്ട് സീറ്റുകളിലാണ് നിലവിലെ സാഹചര്യത്തിൽ ബി.ജെ.പിക്ക് വിജയിക്കാൻ കഴിയുകയെങ്കിലും മൂന്ന് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചാണ് ബി.ജെ.പി നീക്കം.






