കൊറോണ രോഗി ദുബായ് വിമാനത്തില്‍ കയറി; 270 യാത്രക്കാരേയും തിരിച്ചിറക്കി

കൊച്ചി- കോവിഡ് 19 രോഗബാധയെ തുടര്‍ന്ന് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ബ്രിട്ടീഷ് പൗരന്‍ ദുബായിലേക്കുള്ള വിമാനത്തില്‍ കയറിയതിനെ തുടര്‍ന്ന് വിമാനത്തിലെ മുഴുവന്‍ യാത്രക്കാരെയും തിരിച്ചിറക്കി. വിമാനത്തിലെ 270 യാത്രക്കാരെയും ആശുപത്രിയില്‍ പരിശോധനയ്ക്കു വിധേയമാക്കുമെന്ന് സിയാല്‍ അധികൃതര്‍ അറിയിച്ചു. വിമാനത്താവളം അടച്ചിടാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ സൂചിപ്പിച്ചു.

മൂന്നാറില്‍ അവധി ആഘോഷത്തിനെത്തിയ 19 അംഗ സംഘത്തിലുള്‍പ്പെട്ട ബ്രിട്ടീഷ് പൗരന്‍ രോഗലക്ഷണങ്ങളെ തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്നു. എന്നാല്‍, ഇന്ന് രാവിലെയാണ് കൊച്ചിയില്‍നിന്നു ദുബായിലേക്കുള്ള വിമാനം കയറാനായി ഇയാള്‍ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയത്. നിരീക്ഷണത്തിലുള്ളയാളാണെന്നു തിരിച്ചറിയാതെ അധികൃതര്‍ ബോര്‍ഡിംഗ് പാസ് നല്‍കി വിമാനത്തില്‍ കയറ്റുകയും ചെയ്തു.

പരിശോധനയില്‍ കൊറോണ ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍    വിമാനത്തില്‍ കയറിയതായി കണ്ടെത്തിയത്. തുടര്‍ന്നാണ് യാത്രക്കാരെ മുഴുവന്‍ തിരിച്ചിറക്കിയത്.  രോഗബാധിതനെ കണ്ടെത്തിയ സാഹചര്യത്തില്‍ മൂന്നാറിലും ജാഗ്രത പുലര്‍ത്തുന്നുണ്ട്. ഇയാള്‍ മൂന്നാറില്‍ നിന്നു പോകാനിടയായ സാഹചര്യത്തെപ്പറ്റി അന്വേഷിക്കും.

 

Latest News