ന്യൂദല്‍ഹി- കൊറോണ ബാധിതരും നിരീക്ഷണത്തിലാക്കിയവരും ചാടിപ്പോകുന്നത് കേരളമടക്കം എല്ലാ സംസ്ഥാനങ്ങളിലും വലിയ ഭീഷണിയായി. ഐസൊലേഷന്‍ വാര്‍ഡുകളില്‍നിന്നും കൊറോണ പരിശോധനയില്‍നിന്നും രക്ഷപ്പെട്ടവരെ കണ്ടെത്തുക സര്‍ക്കാരിനും പോലീസിനും തലവേദനയായിരിക്കയാണ്.
പൊതുജന ആരോഗ്യത്തിന് ഇത് വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നത്. ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കാന്‍ അധികൃതര്‍ നിര്‍ദേശിക്കുന്നുണ്ടെങ്കിലും ഇത്തരത്തില്‍ ആശുപത്രികളില്‍നിന്നും നിരീക്ഷണ കേന്ദ്രങ്ങളില്‍ പരിശോധനക്ക് കാത്തുനില്‍ക്കാതെയും ചാടിപ്പോകുന്നവര്‍ ജനക്കൂട്ടത്തില്‍ എത്തിയാല്‍ കൂടുതല്‍ പേര്‍ക്ക് രോഗം പകരുകയെന്ന ഭീഷണി നിലനില്‍ക്കുന്നു. 97 കൊറോണ ബാധയാണ് രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ചത്.
ജാര്‍ഖണ്ഡിലെ കോഡര്‍മ ജില്ലയില്‍ മുങ്ങിയ ഒരു ഗള്‍ഫുകാരനു വേണ്ടി പോലീസ് അന്വേഷണം വ്യാപിപ്പിച്ചരിക്കയാണ്. മാര്‍ച്ച് 13 ന് ഹോസ്പിറ്റലില്‍ എത്തി പരിശോധന നടത്തണമെന്ന് ഇയാളോട് നിര്‍ദേശിച്ചിരുന്നു. ഫെബ്രുവരി അവസാനമാണ് ഇയാള്‍ ഗള്‍ഫില്‍നിന്ന് നാട്ടിലെത്തിയത്.
രജിസ്റ്റര്‍ ചെയ്ത വിലാസത്തില്‍ ആരോഗ്യ വകുപ്പിന് ഇയാളെ കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് പോലീസിന്റെ സാഹയം തേടിയത്. മഹാരാഷ്ട്രയിലെ നാഗ്പൂര്‍ സിറ്റിയില്‍ ആശുപത്രിയില്‍നിന്ന് ചാടിപ്പോയ അഞ്ച് പേരെ പോലീസ് കണ്ടെത്തി. രോഗബാധ സംശയിക്കുന്നവരാണ് മായോ ജനറല്‍ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍നിന്ന് വെള്ളിയാഴ്ച രക്ഷപ്പെട്ടിരുന്നത്. ഇവരില്‍ ഒരാളുടെ ഫലം നെഗറ്റീവാണെങ്കിലും മറ്റു നാലുപേരുടെ പരിശോധനാ ഫലം ലഭിച്ചിട്ടില്ല.
ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്ന് ചാടിപ്പോയ രണ്ട് വിദേശികളെ കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലാണ് കണ്ടെത്തിയത്. ഇവരെ വീണ്ടും ക്വാറന്റൈന്‍ ചെയ്തിട്ടുണ്ട്. തിരുവനന്തപുരത്ത് ഹരിയാന സ്വദേശി ചാടിപ്പോയതാണ് മറ്റൊരു സംഭവം. ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കുന്നതിന് നിര്‍ദേശിക്കപ്പെട്ട ഇയാളേയും കണ്ടെത്തി ക്വാറന്റൈന്‍ ചെയ്യാന്‍ സാധിച്ചിട്ടുണ്ട്.






