കൊണ്ടോട്ടി- കോവിഡ് 19നെ തുടര്‍ന്ന് വിമാന സര്‍വീസുകള്‍ സൗദി നിര്‍ത്തിയതോടെ ഞായറാഴ്ച കരിപ്പൂരില്‍നിന്ന് വിമാനങ്ങള്‍ പുറപ്പെടുന്നത് യാത്രക്കാരില്ലാതെ. സൗദി എയര്‍ലൈന്‍സ് വിമാനങ്ങള്‍ യാത്രക്കാരില്ലാതെയാണ് ജിദ്ദയിലേക്കും റിയാദിലേക്കും പറക്കുക. എന്നാല്‍ സൗദി പൗരന്മാരുണ്ടെങ്കില്‍ അവരെ കൊണ്ടുപോകും.
ഇന്ന് സൗദി അറേബ്യയിലേക്ക് കരിപ്പൂരില്‍ നിന്ന് പറന്നത് ഏഴ് വിമാനങ്ങളാണ്. രണ്ട് അധിക സര്‍വീസുള്‍പ്പെടെ നാലു വിമാനങ്ങള്‍ ജിദ്ദയിലേക്കും രണ്ടു വിമാനങ്ങള്‍ ദമാമിലേക്കും ഒരു വിമാനം റിയാദിലേക്കുമാണ് സര്‍വീസ് നടത്തിയത്.
രാവിലെ 4.50ന് സ്‌പൈസ്‌ജെറ്റ്, 11.15ന് ഇന്‍ഡിഗോ, 11.25ന് സൗദി എയര്‍ലെന്‍സ്, വൈകുന്നേരം 5.30ന് എയര്‍ ഇന്ത്യ എന്നീ നാലുവിമാവങ്ങളാണ് ജിദ്ദയിലേക്ക് സര്‍വീസ് നടത്തിയത്. രാവിലെ 7.55ന് ഇന്‍ഡിഗോ, രാത്രി എട്ടിന് എയര്‍ ഇന്ത്യ എക്പ്രസ് എന്നിവ ദമാമിലേക്കും, രാത്രി 7.30ന് എയര്‍ഇന്ത്യ എക്‌സ്പ്രസിന്റെ ഒരു വിമാനം റിയാദിലേക്കുമാണ് പറന്നത്. വിമാനങ്ങളില്‍ ടിക്കറ്റ് ലഭിക്കാനായി വലിയ തുകയാണ് യാത്രക്കാര്‍ നല്‍കിയത്.
യാത്രവിലക്ക് പുറപ്പെടുവിച്ചതിനാല്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് യാത്ര പുനക്രമീകരിച്ചിരുന്നു. ഞായറാഴ്ച രാവിലെയുളള ദമാം വിമാനം ഇന്ന് രാത്രി എട്ടിന് തന്നെ കരിപ്പൂരില്‍നിന്ന് പുറപ്പെട്ടു. റിയാദ് വിമാനം ശനിയാഴ്ച ഒന്നര മണിക്കൂര്‍ നേരത്തെയും സര്‍വീസ് നടത്തി. 15ന് പുലര്‍ച്ചെ 12.35ന് റിയാദില്‍ നിന്ന് പുറപ്പെടേണ്ട വിമാനം ഇന്ന് രാത്രി 11ന് കരിപ്പൂരിലേക്ക് തിരിച്ചു. ദമാമില്‍ നിന്ന് 16ന് പുലര്‍ച്ചെ 2.30നുളള സര്‍വീസ് ഇന്ന് രാവിലെ 11ലേക്ക് മാറ്റിയിരിന്നു. ഞായറാഴ്ച രാത്രി 11.15ന് ജിദ്ദയില്‍ നിന്നുളള എയര്‍ഇന്ത്യ ജംബോ ശനിയാഴ്ച രാത്രിയും സര്‍വീസ് നടത്തി.






