റിയാദ്- സൗദി അറേബ്യയില്‍ 17 പുതിയ കൊറോണ ബാധ കൂടി സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം 107 ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
പുതുതായി രോഗ ബാധ കണ്ടെത്തിയവരില്‍ ഇറാന്‍, ഇറ്റലി, ബ്രിട്ടന്‍ എന്നിവിടങ്ങളില്‍നിന്ന് എത്തിയവര്‍ ഉള്‍പ്പെടുന്നു. നാല് സൗദികള്‍ക്കും ഒരു അമേരിക്കക്കാരനും നേരത്തെ കൊറോണ ബാധിച്ചവരുമായി ഇടപഴകിയതിനെ തുടര്‍ന്ന് രോഗം സ്ഥിരീകരിച്ചു. യു.എ.ഇ വഴി ഫ്രാന്‍സില്‍ പോയി വന്ന ഒരാളും കൊറോണ സ്ഥിരീകരിച്ചവരില്‍ ഉള്‍പ്പെടുന്നു.
അതിനിടെ, റിയാദിലെ വാണിജ്യ കേന്ദ്രത്തിലും ഖുന്‍ഫുദയിലും പുതിയ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു എന്ന നിലയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ ശരിയല്ലെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കിംവദന്തികള്‍ക്കു പിന്നാലെ പോകരുതെന്നും വാര്‍ത്തകള്‍ക്ക് ഔദ്യോഗിക ഉറവിടങ്ങളെ സമീപിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
പതിനാലു ദിവസത്തിനിടെ വിദേശ യാത്ര നടത്തിയ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയ ഉദ്യോഗസ്ഥര്‍ മന്ത്രാലയ ശാഖകളില്‍ പ്രവേശിക്കുന്നത് മന്ത്രാലയം വിലക്കി.
മന്ത്രാലയ ശാഖകളില്‍ സേവനമനുഷ്ഠിക്കുന്ന ഇത്തരം ഉദ്യോഗസ്ഥര്‍ ഉടന്‍ പുറത്തുപോകണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. പതിനാലു ദിവസത്തിനിടെ വിദേശ യാത്ര നടത്തിയ ജീവനക്കാര്‍ ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുകയും തുടര്‍ നടപടികള്‍ക്ക് തൊഴില്‍ സ്ഥലത്തെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ഫോണില്‍ ആശയവിനിമയം നടത്തുകയും വേണം.
നിര്‍ദേശങ്ങള്‍ ലംഘിക്കുന്ന ജീവനക്കാര്‍ക്കെതിരെ നിയമാനുസൃത ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.






