ന്യൂദല്‍ഹി- എയര്‍ ഇന്ത്യ വില്‍പനക്കുള്ള ലേലത്തില്‍ പങ്കെടുക്കുന്നതിനുള്ള തീയതി ഏപ്രില്‍ 30 ലേക്ക് നീട്ടിയതായി നിക്ഷേപ, പൊതു ആസ്തി മാനേജ്‌മെന്റ് വകുപ്പ് (ഡിപാം) അറിയിച്ചു. ലേലത്തില്‍ പങ്കെടുക്കാനുള്ള താല്‍പര്യപത്രം സമര്‍പ്പിക്കുന്നതിനുള്ള അവസാന സമയപരിധി മാര്‍ച്ച് 17 ആയാണ് നേരത്തെ നിശ്ചയിച്ചിരുന്നത്.
എയര്‍ ഇന്ത്യയുടെ പ്രാഥമിക വിവര മെമ്മോറാണ്ടവുമായി ബന്ധപ്പെട്ട ചോദ്യങ്ങളുടെ പ്രതികരണത്തിനുള്ള അവസാന തീയതി ഈ മാസം 16ല്‍നിന്ന് 20 ലേക്ക് നീട്ടിയതായും കേന്ദ്ര ധനമന്ത്രാലയത്തിന്റെ കീഴില്‍ വരുന്ന ഡിപാം അറിയിച്ചു.
കോവിഡ് 19 പൊട്ടിപ്പുറപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് ഓഹരി വില്‍പന നീട്ടിവെച്ചത്. കൊറോണ വ്യാപനം വിവിധ സമ്പദ്ഘടനകളേയും വ്യോമയാന, ടൂറിസം മേഖലകളേയും ലോകമെമ്പാടുമുള്ള നിക്ഷേപ താല്‍പര്യങ്ങളേയും സാരമായി ബാധിച്ചിട്ടുണ്ട്. നൂറിലധികം രാജ്യങ്ങളിലേക്ക് വൈറസ് പടര്‍ന്നത് വിമാന യാത്രകളേയും ഹോട്ടലുകളേയും ബാധിച്ചു. മിക്ക രാജ്യങ്ങളും യാത്രാവലിക്ക് പ്രഖ്യാപിച്ചിരിക്കയാണ്.
എയര്‍ ഇന്ത്യയുടെ മുഴുവന്‍ ഓഹരികളും വിറ്റഴിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. നിക്ഷേപകരില്‍നിന്ന് ഓഫറുകള്‍ ക്ഷണിച്ചുകൊണ്ട് ഇതിനായുള്ള പ്രക്രിയ ജനുവരിയില്‍ ആരംഭിച്ചിരുന്നു.
വിമാനക്കമ്പനി വാങ്ങാന്‍ ആരും മുന്നോട്ടുവരാത്തതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യയുടെ കടബാധ്യത 56,334 കോടി രൂപയില്‍ നിന്ന് 23,287 കോടി രൂപയായി കേന്ദ്രം കുറക്കുയും ചെയ്തു. ഇതോടെ വില്‍പന ആകര്‍ഷകമാകുമെന്നാണ് പ്രതീക്ഷ. വിദേശ ഇന്ത്യക്കാര്‍ക്ക് എയര്‍ ഇന്ത്യയില്‍ 100 ശതമാനവും മുതല്‍മുടക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭ ഈയിടെ തീരുമാനിച്ചിരുന്നു. ഇതിനായി വിദേശ നിക്ഷേപ നയത്തില്‍ ഭേദഗതി വരുത്തി.






