തിരുവനന്തപുരം- കൃഷി വകുപ്പിന്റെ കീഴിലുളള ഹോർട്ടി കോർപ്പിൽ നടക്കുന്നത് കോടികളുടെ വെട്ടിപ്പും അഴിമതിയുമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ഇതിന് പിന്നിൽ പ്രവർത്തിക്കുന്ന മാനേജിംഗ് ഡയറക്ടറെയും, ജനറൽ മാനേജറെയും ഉടനടി സസ്പെൻഡ് ചെയ്ത് അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കർഷകരിൽ നിന്ന് നേരിട്ട് പച്ചക്കറി സംഭരിച്ച് വിൽപ്പന നടത്തണമെന്നാണ് സർക്കാർ ഹോർട്ടികോർപ്പിന് നിർദേശം നൽകിയിരിക്കുന്നത്. എന്നാൽ ഈ നിർദേശം ലംഘിച്ചു കൊണ്ട് നടക്കുന്ന പച്ചക്കറി സംഭരണത്തിലും വിൽപ്പനയിലും കോടിക്കണക്കിന് രൂപയുടെ അഴിമതി നടക്കുന്നുവെന്നാണ് വിജിലൻസ് കണ്ടെത്തിയിരിക്കുന്നത്. ഇത് ഗുരുതരമായ സ്ഥിതി വിശേഷമാണ്.
സംസ്ഥാനത്തെ കർഷകരിൽനിന്നും പച്ചക്കറി സംഭരിക്കാതെ രയിത്ര മിത്ര, കുറിഞ്ഞി, കബനി ഓർഗാനിക് പ്രൊഡ്യൂസർ കമ്പനി, എസ്.ഡി. വെജിറ്റബിൾസ് തുടങ്ങിയ ഇതര സംസ്ഥാന വിതരണക്കാരിൽനിന്നുമാണ് ആയിരക്കണക്കിന് ടൺ പച്ചക്കറികൾ ഹോട്ടികോർപ്പ് കമ്മീഷൻ വ്യവസ്ഥയിൽ വിലക്ക് വാങ്ങുന്നത്. ഓരോ ജില്ലകൾക്കും ആവശ്യമുള്ളതിന്റെ നാലിരട്ടി വരെ പഴം പച്ചക്കറികൾ സംഭരിക്കുകയും അവയിൽ ഭൂരിപക്ഷവും ഉപയോഗശൂന്യമെന്ന ഗണത്തിൽപ്പടുത്തി നശിപ്പിക്കുകയാണ് ചെയ്യുന്നത്. തിരുവനന്തപുരം ഡി.പി.സി.യിൽ ടൺകണക്കിന് പച്ചക്കറികൾ കുഴിച്ചുമൂടുകയാണ്.
യു.ഡി.എഫ്. കാലത്ത് ലാഭത്തിലായിരുന്ന ഹോർട്ടി കോർപ്പ് ഇപ്പോൾ കോടികളുടെ നഷ്ടത്തിലാണ് പ്രവർത്തിക്കുന്നത്. മാനേജ്‌മെന്റിന്റെ കെടുകാര്യസ്ഥതയും കമ്മീഷൻ വാങ്ങുന്നതിനുവേണ്ടി അന്യസംസ്ഥാന ലോബികളെ സഹായിക്കുന്ന സ്ഥിതിവിശേഷവുമാണ് ഹോർട്ടി കോർപ്പിനെ നിലവിലെ ദുരവസ്ഥയിൽ എത്തിച്ചിരിക്കുന്നത്. ക്രമക്കേടിന്റെ പേരിൽ സർവ്വീസിൽ നിന്നും നാല് പ്രാവിശ്യം സസ്പെൻഡ് ചെയ്യപ്പെടുകയും, പിന്നീട് പിരിച്ചുവിടപ്പെടുകയും ചെയത് ഉദ്യേഗസ്ഥനെ ആറ് ജില്ലകളുടെ ചുമതലയുളള റീജണൽ മാനേജറായി നിയമിച്ചത് പ്രമുഖ മാധ്യമങ്ങളെല്ലാം റിപ്പോർട്ട് ചെയ്തിരുന്നു. സർക്കാരിന്റെ അനുമതിയില്ലാതെ രണ്ടു ഉദ്യേഗസ്ഥർ ഇതിനിടയിൽ ഏജന്റുമാരുടെ സഹായത്തോടെ വിദേശ സന്ദർശനം നടത്തിയതായും ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്.
കേരളത്തിലെ പഴം, പച്ചക്കറി കർഷകരുടെ ഉല്പന്നങ്ങൾ സംഭരിക്കാതെ അന്യസംസ്ഥാന ലോബികളിൽ നിന്നും പഴങ്ങളും പച്ചക്കറികളും കമ്മീഷൻ വ്യവസ്ഥയിൽ വാങ്ങുന്നതിനെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും കുറ്റക്കാരെ കണ്ടെത്തി സർക്കാർ സർക്കാർ കർശന നടപടി സ്വീകരിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.






