റിയാദ്- വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരിക്കെ സൗദിയിലേക്ക് മടങ്ങാന്‍ കഴിയാതെ കുടുങ്ങിയിരിക്കുന്ന സൗദികളുടേയും പ്രവാസികളുടേയും കാര്യത്തില്‍ അസാധാരണ ഔദ്യോഗിക അവധിയായി പരിഗണിക്കുമെന്ന് സൂചന.
സൗദികള്‍ക്ക് വിദേശത്ത് നിന്ന് മടങ്ങണമെങ്കില്‍ ആഭ്യന്തരമന്ത്രാലയം, സിവില്‍ ഏവിയേഷന്‍ എന്നിവയുമായി സഹകരിച്ച് ആവശ്യമായ സംവിധാനങ്ങള്‍ ഒരുക്കുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
അതിനിടെ, പ്രതിസന്ധി എങ്ങനെ കൈകാര്യം ചെയ്യണമെന്ന ആലോചനയിലാണ് വിദേശത്തടക്കം ബിസിനിസ് ചെയ്യുന്ന സൗദി കമ്പനികള്‍. വിദേശത്തെ വീടുകളില്‍നിന്ന് ജോലി ചെയ്യാക്കാനുകമോ എന്ന് ചില കമ്പനികള്‍ പരിശോധിച്ചുവരികയാണ്.
സര്‍ക്കാര്‍ ഇളവ് നല്കിയ 72 മണിക്കൂര്‍ പൂര്‍ത്തിയാകുന്നതിനു മുമ്പ് തന്നെ സ്വദേശികളും വിദേശികളുമായ തങ്ങളുടെ ജീവനക്കാരെ സൗദിയിലെത്തിക്കാന്‍ സംവിധാനം ഒരുക്കിയതായി ഒരു സൗദി മീഡിയാ കമ്പനിയുടെ എച്ച്.ആര്. മാനേജറായ മുഹമ്മദ് അല്‍ സുബൈ മലയാളം ന്യൂസിന്റെ സഹോദര ദിനപത്രമായ അറബ് ന്യൂസിനോട് പറഞ്ഞു.
മടങ്ങി വരാന്‍ സാധിക്കാത്തവര്‍ക്ക് അവര്‍ വിദേശത്ത് ജോലി ചെയ്യുകയാണെങ്കില്‍ പൂര്‍ണമായ ആനുകൂല്യങ്ങളും വേതനവും നല്‍കുമെന്നും ഇത് അസാധാരണ സാഹചര്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഫ്രഞ്ചുകാരനായ ഒരു ജീവനക്കാരന് സൗദിയിലേക്ക് മടങ്ങാന്‍ സാധിച്ചില്ലെന്നും വിദേശത്ത് ജോലി തുടരാന്‍ അനുവദിച്ചതായും ദുമാത്ത് അല്‍ ജന്‍ജല്‍ വന്ഡ് കമ്പനി എച്ച്.ആര് മാനേജര്‍ റകാന്‍ അല്‍ ഗാംദി പറഞ്ഞു. സൗദിയിലും ജീവനക്കാരോട് എല്ലാ ദിവസവും തങ്ങളുടെ ലാപ് ടോപ്പുകള്‍ വീടുകളിലേക്ക് കൊണ്ടുപോകാനാണ് നിര്‍ദേശിച്ചിരിക്കുന്നതെന്നും തടസ്സങ്ങള്‍ നേരിടുകയാണെങ്കില്‍ അവര്‍ വീടുകളിലിരുന്ന് ജോലി ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.






