തെഹ്‌റാന്‍- കൊറോണ മാരകമായി പടര്‍ന്ന ഇറാനില്‍നിന്ന് നാട്ടിലേക്ക് മടങ്ങാന്‍ ഇന്ത്യക്കാരുടെ കാത്തിരിപ്പ് തുടരുന്നു. ഇവരില്‍ പലരും തെഹ്‌റാനിലെ ഇന്ത്യന്‍ എംബസിക്ക് പുറത്ത് തമ്പടിച്ചിരിക്കയാണ്.
6,000 ലേറെ ഇന്ത്യക്കാര്‍ നിലവില്‍ ഇറാനില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കൊറോണ വൈറസ് ബാധയെ തുടര്‍ന്നുള്ള മരണസംഖ്യ ഇറാനില്‍ 500 കടന്ന സാഹചര്യത്തിലാണ് ഇന്ത്യക്കാര്‍ എംബസിക്ക് പുറത്ത് പ്രതിഷേധിക്കുന്നത്.
കൊറോണ വ്യാപിച്ച രാജ്യങ്ങളില്‍നിന്നുള്ള വിമാനങങള്‍ നിര്‍ത്തിവെച്ചതു മൂലം ഇറാനില്‍ കുടുങ്ങിയവരില്‍ ബിസിനസ് ആവശ്യാര്‍ഥം പോയവരും അവിടെ ജോലി ചെയ്യുന്നവരുമുണ്ട്. എല്ലാവരോടും കാത്തിരിക്കൂ എന്ന മറുപടിയാണ് കേന്ദ്ര സര്‍ക്കാരും ഇന്ത്യന്‍ എംബസിയും നല്‍കുന്നത്. 20 ദിവസമായി ഇറാനിലുള്ള താന്‍ മാര്‍ച്ച് രണ്ട് മുതല്‍ എല്ലാ ദിവസവും ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടുന്നുണ്ടെങ്കിലും ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് മുംബൈയില്‍ വ്യാപാരിയായ കയ്‌വാന്‍ ഷാ പറഞ്ഞു. മാതാപിതാക്കളും ഇദ്ദേഹത്തോടൊപ്പം നാട്ടിലേക്ക് മടങ്ങാന്‍ കാത്തിരിക്കുകയാണ്.
ചൈന അടക്കമുള്ള രാജ്യങ്ങള്‍ തങ്ങളുടെ പൗരന്മാരെ ഇറാനില്‍ നിന്ന് ഒഴിപ്പിച്ചെങ്കിലും ഇന്ത്യ അനാസ്ഥ തുടരുകയാണെന്ന് ഇന്ത്യന്‍ എംബസിക്കു മുന്നില്‍ പ്രതിഷേധിച്ചവര്‍ പറയുന്നു.
ഇറാനില്‍ കുടുങ്ങിയ ഇന്ത്യക്കാരുടെ സ്രവങ്ങള്‍ ശേഖരിച്ചിട്ടുണ്ടെന്നും ഇവരെ നാട്ടിലെത്തിക്കുന്നതിന് വിമാനങ്ങള്‍ അയക്കുമെന്നും വിദേശ കാര്യ മന്ത്രി എസ്.ജയശങ്കര്‍ ലോക്‌സഭയെ അറിയിച്ചിരുന്നു.