റിയാദ് - വിമാന സര്‍വീസുകള്‍ നിര്‍ത്തിവെക്കുകയും യാത്രാ വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തതോടെ വിദേശ രാജ്യങ്ങളില്‍ കുടുങ്ങിയ, സൗദി ഇഖാമയുള്ള വിദേശികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് പ്രത്യേക കമ്മിറ്റി രൂപീകരിച്ചതായി ജവാസാത്ത് ഡയറക്ടറേറ്റ്.
നിലവില്‍ വിദേശങ്ങളിലുള്ള ചിലരുടെ ഇഖാമയും റീ-എന്‍ട്രിയും അവസാനിക്കാറായിട്ടുണ്ട്. ഇതേ കുറിച്ച അന്വേഷണത്തിന് മറുപടിയായാണ് ഇത്തരക്കാരുടെ പ്രശ്‌നങ്ങള്‍ പഠിച്ച് പരിഹരിക്കുന്നതിന് പ്രത്യേക കമ്മിറ്റി രൂപീകരിച്ചതായി ജവാസാത്ത് അറിയിച്ചത്.
വിമാന സര്‍വീസുകള്‍ നിര്‍ത്തിവെക്കാനുള്ള തീരുമാനം പ്രഖ്യാപിക്കുന്ന സമയത്ത് വിദേശങ്ങളില്‍ കാലാവധിയുള്ള റീ-എന്‍ട്രിയോടെ കഴിയുന്ന വിദേശികളുടെ റീ-എന്‍ട്രി വിസകള്‍ ഓട്ടോമാറ്റിക് ആയി ദീര്‍ഘിപ്പിച്ച് നല്‍കും. വിമാന സര്‍വീസ് നിര്‍ത്തിവെച്ച കാലയളവിന് തത്തുല്യമായ കാലത്തേക്കാണ് ഇവര്‍ക്ക് റീ-എന്‍ട്രി കാലാവധി നീട്ടിനല്‍കുക. റീ-എന്‍ട്രി വിസയില്‍ വിദേശത്തു കഴിയുന്നവരുടെ ഇഖാമ കാലാവധി അവസാനിക്കാറായിട്ടുണ്ടെങ്കില്‍ അത്തരക്കാരുടെ ഇഖാമ, റീ-എന്‍ട്രി കാലാവധികള്‍ ദീര്‍ഘിപ്പിക്കും. ഇതേ കുറിച്ച വിശദാംശങ്ങള്‍ അറിയിച്ച് പിന്നീട് ഔദ്യോഗിക പ്രസ്താവന പുറത്തിറക്കും.
ഫാമിലി, ബിസിനസ്, ചികിത്സ, തൊഴില്‍, ടൂറിസ്റ്റ് വിസകള്‍ അടക്കം എല്ലാവിധ സന്ദര്‍ശന വിസകളിലും സൗദിയിലെത്തിയവരുടെ വിസാ കാലാവധി തത്തുല്യ കാലത്തേക്ക് നീട്ടിനല്‍കും. ജവാസാത്തിനെ നേരിട്ട് സമീപിച്ച് നിശ്ചിത ഫീസ് അടച്ചാണ് വിസകള്‍ ദീര്‍ഘിപ്പിക്കേണ്ടത്. മള്‍ട്ടിപ്പിള്‍, സിംഗിള്‍ എന്‍ട്രി വിസകളെല്ലാം ദീര്‍ഘിപ്പിച്ച് നല്‍കും. വിസിറ്റ് വിസകളില്‍ സൗദിയില്‍ കഴിയാവുന്ന പരമാവധി കാലം 180 ദിവസമാണ്. പുതിയ സാഹചര്യത്തില്‍ ഇത്രയും കാലം സൗദിയില്‍ കഴിഞ്ഞവരുടെയും വിസിറ്റ് വിസകള്‍ ദീര്‍ഘിപ്പിച്ചു നല്‍കുമെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കി.






